നവീകരിച്ച കോഴിക്കോട് സി.എച്ച് മേൽപ്പാലം തുറന്നു
മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു
നവീകരിച്ച കോഴിക്കോട് സി.എച്ച് മേല്‍പ്പാലം പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. നിശ്ചയിച്ച സമയത്തേക്കാളും നേരത്തെ പാലത്തിന്റെ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തിയുമായി സഹകരിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
എ.കെ.ജി ഫ്ലെെ ഓവർ ഉൾപ്പെടെയുള്ള ചില പാലങ്ങൾ പുനരുദ്ധാരണവും നവീകരണവും നടത്തും. ഫറോക്ക് പഴയ പാലം പാരിസ് മോഡലിൽ ദീപാലംങ്കൃതമാക്കി 2024 ൽ കോഴിക്കോടിന് സമ്മാനമായി നൽകുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചു. കോരപ്പുഴപ്പാലവും ദീപാലംകൃതമാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു.
4.47 കോടി രൂപയുടെ നവീകരണ പ്രവർത്തനമാണ് മേൽപ്പാലത്തിൽ നടത്തിയത്. കൈവരികൾ പൂർണമായി മാറ്റി. തുരുമ്പെടുക്കാതിരിക്കാനുള്ള കാത്തോഡിക് സുരക്ഷയുമൊരുക്കി. ഇതിലൂടെ 15-30 വർഷത്തോളം പാലം ബലത്തോടെ നിൽക്കുമെന്നാണ് കണക്കാക്കുന്നത്. തൂൺ ബലപ്പെടുത്തൽ, ടാറിങ്, പെയിന്റിങ് എന്നിവയെല്ലാം ചെയ്തു. മുംബൈ ആസ്ഥാനമായ ‘സ്ട്രക്ചറൽ സ്പെഷ്യാലിറ്റീസാണ് പ്രവൃത്തി പൂർത്തീകരിച്ചത്.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. നാസർ പൊതുമരാമത്ത് വിഭാഗം ബ്രിഡ്ജസ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.എസ്. അജിത് തുടങ്ങിയവർ പങ്കെടുത്തു.