ഒരുമയുണ്ടെങ്കിൽ ഒറ്റക്കമ്പ് മതി

രാവിലെ നടക്കാനിറങ്ങിയ  ഡോ. പി.വി.മോഹനൻ കണ്ണൂർ കക്കാട് പുഴയിൽ കണ്ട ആ ദൃശ്യം ക്യാമറയിൽ പകർത്തി.

പ്രകൃതിയിലെ അപൂർവ സഹവർത്തിത്വത്തിന്റെ ആ കാഴ്ച വിവരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പിൽ നിന്ന് അസി. ഡയരക്ടറായി വിരമിച്ച മോഹനൻ.

ഒരേ വർഗ്ഗത്തിൽപ്പെട്ട മനുഷ്യ ജന്മം പരസ്പരം പോരടിച്ചു മരിക്കുമ്പോൾ ഇവിടെ പ്രകൃതി കാണിച്ചതരുന്നു സഹജീവനത്തിന്റെ പുതിയ പ്രകൃതിപാഠം. കക്കാട് പുഴയിൽ എവിടെ നിന്നോ ഒഴുകിയെത്തിയ ഉണങ്ങിയ ഒരു മരക്കൊമ്പ്.

വെള്ളത്തിൽ മുങ്ങി മീൻ പിടിക്കുന്ന നീർ കാക്കകൾ വെയിൽ കായുന്നത് ഈ മരക്കൊമ്പിലാണ്. ആ സമയം വെയിൽ കായാൻ വലിഞ്ഞ് കയറിയതായിരുന്നു ആമ . ആമയുടെ വരവിൽ പേടിച്ച നീർ കാക്ക പെട്ടെന്ന് വെള്ളത്തിലേക്കിറങ്ങി. ഒട്ടും താമസ്സിയാതെ പക്ഷി തിരിച്ചു കയറി ആമയുടെ അടുത്തേക്ക് നടന്നുനീങ്ങി. ഒരു “യുദ്ധം ” പ്രതീക്ഷിച്ച് ഞാൻ ക്യാമറയുമായി കാത്തിരുന്നു.

പക്ഷെ അടുത്തേക്ക് വന്ന പക്ഷിയെ ആമ ഒന്ന് തലയുയർത്തി നോക്കി. പേടിക്കാതെ പക്ഷി മെല്ലെ നടന്ന് ആമയുടെ അടുത്തെത്തി. ആമ ഒരു വണക്കം പറഞ്ഞ പോലെ ഒന്നനങ്ങി തലയാട്ടി. തുടർന്ന് കൈകാലുകൾ പുറത്തേക്ക് തള്ളി ആമ സൗഹൃദം നടിച്ചു.

പക്ഷി മുന്നോട്ട് നീങ്ങി ആമയുടെ തലയുടെ ഭാഗത്ത് മെല്ലെ കൊക്ക് ഉരുമ്മി. നിർവൃതിയിലായ ആമ തല പാതി ഉൾവലിഞ്ഞ് കിടന്നു. പക്ഷി ആമയുടെ ശരീരത്തിലെ ഒട്ടിപ്പിടിച്ച മണ്ണ് മെല്ലെ കൊത്തി നീക്കി. അഞ്ചു മിനുട്ടു നേരം സല്ലാപം തുടർന്നു.

ഈ കാഴ്ച എന്നെ അതിശയിപ്പിച്ചു. 30 വർഷത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ആദ്യത്തെ അനുഭവം. വന്യതയിലെ അത്യപൂർവ സഹജീവനത്തിനെ നേർക്കാഴ്ച.

One thought on “ഒരുമയുണ്ടെങ്കിൽ ഒറ്റക്കമ്പ് മതി

Leave a Reply

Your email address will not be published. Required fields are marked *