ദേവസന്നിധിയിലെ ക്വാറന്റീൻ; ഒരു എഞ്ചിനീയറുടെ ഏകാന്തവാസം
തമിഴ്നാട്ടിൽ കോവിഡ് വ്യാപിക്കാൻ തുടങ്ങിയപ്പോൾ വെല്ലൂർ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിലെ (VIT ) സിസ്റ്റം എഞ്ചിനിയർ സി.എം.മോഹൻകുമാറിന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി കിട്ടി. കാസർകോട് ജില്ലയിലെ ചന്തേര സ്വദേശിയായ മോഹൻകുമാർ ഒരു മാസത്തേക്ക് നാട്ടിൽ വരാൻ തീരുമാനിച്ചു.
നോർക്ക വഴി പാസ് കിട്ടി. ഇത് കാണിച്ചപ്പോൾ തമിഴ്നാട് സർക്കാർ എക്സിറ്റ് പാസും നൽകി. ഭാര്യയും മക്കളും ചെന്നൈയിലെ വീട്ടിലാണ്. അവരെയൊന്നും കൂട്ടാതെയാണ് നാട്ടിലേക്ക് തിരിക്കുന്നത്.
കേരളത്തിലെത്തി അച്ഛനേയും അമ്മയേയും ഒന്നു കാണണം. നോർക്കയിലെ അറിയിപ്പ് ചന്തേര പ്രദേശം ഉൾപ്പെടുന്ന പിലിക്കോട് പഞ്ചായത്തിലെത്തി. പഞ്ചായത്തിൽ നിന്ന് മോഹൻകുമാറിനെ അധികൃതർ വിളിച്ചു. ഇവിടെയെത്തിയാൽ രണ്ടാഴ്ച ക്വാറന്റീൻ കഴിയണം.
ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ആവശ്യപ്പെട്ടപ്പോൾ ദിവസം ആയിരം രൂപ വാടക വരുന്ന ലോഡ്ജായിരുന്നു അവരുടെ നിർദ്ദേശം. തെയ്യമുള്ള തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വന്തം വീട് അടഞ്ഞു കിടക്കുമ്പോൾ എന്തിന് ലോഡ്ജിൽ താമസിക്കണം. ലോഡ്ജ് കൈവിട്ട് മോഹൻ തറവാട്ടിലേക്ക് പോകാൻ നിശ്ചയിച്ചു.
രണ്ടാഴ്ച കഴിഞ്ഞേ പത്ത് കിലോമീറ്റർ അകലെയുള്ള ചന്തേരയിലേക്ക് പോകാൻ പറ്റു. ചന്തേര റെയിൽവേ സ്റ്റേഷന് പടിഞ്ഞാറാണ് വീട്. വെല്ലൂർ – തൃക്കരിപ്പൂർ 740 കിലോമീറ്റർ യാത്ര വേണം. രാവിലെ നാല് മണിക്ക് ലാപ്ടോപ്പും അത്യാവശ്യ സാധനങ്ങളുമായി മോഹന്റെ കാർ വെല്ലൂരിൽ നിന്ന് പുറപ്പെട്ടു.
ഇനി മോഹൻ തന്നെ ആ അനുഭവം വിവരിക്കും : തെയ്യങ്ങളോടെ എല്ലാ വർഷവും ഉത്സവം നടക്കാറുള്ള തറവാട്ടിൽ ആൾതാമസമില്ലാതായിട്ട് 35 വർഷമായി. തറവാട്ട് വീട്ടിലും മുന്നിലുള്ള രണ്ട് ക്ഷേത്രങ്ങളിലും രാവിലെയും വൈകുന്നേരും അടിച്ചു തെളിച്ച് വിളക്കു വെക്കാൻ ആളുണ്ട്. അത് കാലങ്ങളായി മുടങ്ങാതെ നടക്കുന്നു. ചുറ്റുവരാന്ത, അകത്തിറയം, പടിഞ്ഞാറ്റ, അടുക്കള എല്ലാമുണ്ട്. വടക്കേൻ വാതുക്കാൽ ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, അങ്കക്കുളങ്ങര ഭഗവതി, പരദേവത തുടങ്ങി ഏഴ് തെയ്യങ്ങളാണ് ഉത്സവത്തിൽ കെട്ടിയാടുക.
അച്ഛൻ മങ്കത്തിൽ നാരാായണൻ നായരെ തൊണ്ടച്ഛനെന്ന് ഞങ്ങൾ വിളിക്കുന്ന കാരണവർ ഏൽപ്പിച്ചതാണ് ക്ഷേത്രവും തറവാടും. ആൾ താമസമില്ലാത്ത വീടും ഉഗ്രമൂർത്തികളായ ദൈവങ്ങളുമുള്ള തറവാട്ടിൽ പൊറുക്കാൻ പോകുന്നുവെന്ന് കേട്ടപ്പോൾ ബന്ധുക്കൾ പലരും തലചൊറിഞ്ഞു. പേടിയില്ലേയെന്ന് പലരും വിളിച്ചു ചോദിച്ചു. രക്ഷയ്ക്ക് ദൈവങ്ങളുണ്ടലോ എന്ന് ഞാനും മറുപടി പറഞ്ഞു. പല ആത്മാക്കളുമുണ്ടാകും. രാത്രി ശബ്ദങ്ങളും കേൾക്കും ചിലർ പേടിപ്പിക്കാൻ നോക്കി. പക്ഷെ ഞാൻ കുലുങ്ങിയില്ല. തൊട്ടടുത്ത വീട്ടിലെ സ്നേഹിതൻ രമേശൻ മുറി വൃത്തിയാക്കി തരാമെന്ന് ഏറ്റു. കട്ടിലും കിടക്കയും അത്യാവശ്യ സാധനങ്ങളും എത്തിച്ചു.
കടവാതിൽ എന്ന് ഞങ്ങൾ വിളിക്കുന്ന വവ്വാലും, അണ്ണാനും പല്ലിയും പാറ്റയും കൈയടക്കിയ വീട് രണ്ടു മൂന്നു പേർ ചേർന്ന് വൃത്തിയാക്കി. പുറത്ത് നിന്ന് തീയിട്ട് പുകച്ചപ്പോൾ മച്ചിലെ വവ്വാലുകൾ തൽക്കാലം വിട പറഞ്ഞുവത്രെ. ഞാൻ കൃഷ്ണഗിരി, സേലം, ഈറോഡ് ഹൈവേ പിന്നിട്ട് അഞ്ചര മണിക്കൂർ കൊണ്ട് വാളയാർ ചെക്ക് പോസ്റ്റിലെത്തി. അവിടത്തെ പനി പരിശോധന കഴിഞ്ഞ് വീണ്ടും യാത്ര. പകുതി ദൂരമേ ആയുള്ളു. പാലക്കാട്, മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകൾ പിന്നിട്ട് കാർ പാഞ്ഞു.ഒമ്പത് മണിക്കൂർ പിന്നിട്ടപ്പോൾ കാർ തൃക്കരിപ്പൂർ തറവാട്ടിനു മുന്നിലെത്തി.
രാത്രി ഏഴു മണി. ക്ഷേത്രത്തിലെ ദീപങ്ങൾ നിറഞ്ഞു കത്തുന്നു. യാത്രാ ക്ഷീണമുണ്ടെങ്കിലും ദൈവസന്നിധിയിലെ ദീപക്കാഴ്ച കണ്ട് തൊഴുതപ്പോൾ എന്തെന്നില്ലാത്ത ഉന്മേഷം. വീട്ടിൽ വിളക്കു വെക്കുന്നഅഭിലാഷ് ഇനി രണ്ടാഴ്ച വരില്ല. അടിച്ചു തെളിയും അന്തിത്തിരിയുമെല്ലാം ഇനി സ്വന്തം ചെയ്യണം. പടിഞ്ഞാറെ മുറിയിൽ ഒരു കട്ടിലും കിടക്കയും ഫാനും കൊണ്ടു വെച്ചിട്ടുണ്ട്. അടുക്കളയിൽ ഗ്യാസടുപ്പും വെച്ചിട്ടുണ്ട്. ഭക്ഷണം കഴിഞ്ഞ് കട്ടിലിൽ കിടന്നത് ഓർമ്മയുണ്ട്. ഉണർന്നു നോക്കിയപ്പോൾ സമയം പുലർച്ചെ അഞ്ചര. കുളിച്ച് പടിഞ്ഞാറ്റയും കൊട്ടിലും അടിച്ചു തളിച്ചു.
കൊട്ടിലകത്ത് തൂണിനു താഴെ വിളക്ക് വെച്ചപ്പോൾ പരദേവത തെയ്യത്തിന്റെ അമ്പും വില്ലും പരിചയും വെട്ടിത്തിളങ്ങി. കൊട്ടിലിന് തൊട്ടടുത്ത മുറിയിലാണ് രാത്രി ഉറങ്ങിയത്. പേടിയൊന്നും തോന്നിയില്ല. നല്ല പോലെ ഉറക്കം കിട്ടിയത് ദൈവത്തിന്റെ തുണയല്ലാതെ മറ്റെന്താണ് ? ക്ഷേത്ര മുറ്റങ്ങളും അടിച്ചു തളിച്ച് വിളക്കു വെച്ചു. ഇരുട്ട് മാറായിട്ടില്ല. നിറദീപങ്ങൾ പരിസരമാകെ പ്രഭ പരത്തി. രാവിലെ ഉപ്പുമാവും ചായയും ഉണ്ടാക്കി കഴിച്ച് പുറത്തിറങ്ങി നടന്നു. പറമ്പ് രണ്ടേക്കറുണ്ട്. എങ്ങും മഴക്കാലത്തെ പച്ചപ്പ്. മാവും പുളിയും പറങ്കിമാവും തലയുയർത്തി നിൽക്കുന്നു. ചെമ്പരുത്തിച്ചെടിയിലും മറ്റ് പല ചെടികളിലും നിറയെ പുഷ്പങ്ങൾ. പറമ്പിലൂടെ നടന്നപ്പോള്‍ പ്രകൃതിയിലെ ചാരുത എന്റെ മൊബൈൽ ക്യാമറയിൽ പകർത്താനും ഞാൻ മറന്നില്ല.
പുഷ്പങ്ങളെ അന്വേഷിച്ച് വരുന്ന വർണ്ണ പൂമ്പാറ്റകൾ, വണ്ടുകൾ .വെല്ലൂരിലെ തിരക്കിൽ ഇവയെല്ലാം എന്റെ ജീവിതത്തിൽ നിന്ന് അകന്ന് പോയിരുന്നു. ഇപ്പോൾ ഈ കാഴ്ച എന്നെ കുട്ടിക്കാലത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി. മുറിയിൽ വന്ന് ലാപ് ടോപ്പിനു മുന്നിലിരുന്നു. മൈക്രോസോഫ്റ്റും, സൂമും ലാപ് ടോപ്പിൽ തെളിഞ്ഞു. ഞാൻ വി.ഐ.ടിയിലെത്തി. ഉച്ചയ്ക്ക് പുറത്തു നിന്ന് ചോറു കൊണ്ടുവന്നു. പിന്നെയും ലാപ്പിൽ ഓഫീസ് ജോലി. കർക്കടകത്തെ ഓർമ്മപ്പെടുത്തി മഴ പെയ്തു. ഒരു ദിവസം രാത്രി ഇടമുറിയാത്ത കനത്ത മഴ, മിന്നലും. ഒരു വലിയ പറമ്പിൽ ഒറ്റപ്പെട്ട തറവാട്ടിലെ മുറിയിൽ ഞാൻ ഒറ്റയ്ക്ക്.
ഇങ്ങിനെയൊരു ജീവിതം ആദ്യം. ഒരു പരീക്ഷണം തന്നെ. എല്ലാം ഒരു കണ്ണിൽ കാണാത്ത രോഗാണുവിനെ പേടിച്ച് . പക്ഷെ എനിക്ക് പേടി തോന്നിയില്ല. ഇടിയും മഴയും ഞാൻ ആസ്വദിച്ചു. അതിരാവിലേയും വൈകുന്നേരവും കുളിച്ച് വീടും ക്ഷേത്രങ്ങളും അടിച്ചു തളിച്ച് വിളക്കു വെച്ചു. എല്ലാ ദിവസവും ഈ പതിവ് തുടർന്നു. ദിവസങ്ങൾ കടന്നു പോയതറിഞ്ഞില്ല. ഞാൻ ഇപ്പോൾ ഏതോ മാസ്മരിക ലോകത്താണ്.
ജീവിതത്തിലെ എല്ലാ ടെൻഷനും മനസിൽ നിന്ന് ഡിലീറ്റ് ആയതു പോലെ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇടക്കു വിളിച്ചു സുഖവിവരങ്ങൾ അന്വേഷിച്ചപ്പോൾ സ്നേഹബന്ധങ്ങളുടെ വിലയും മാധുര്യവും അനുഭവിക്കാൻ സാധിച്ചു. ഇടയ്ക്ക് ആരോഗ്യ പ്രവർത്തകർ ഫോണിൽ വിളിച്ച് ക്ഷേമമന്വേഷിച്ചു. കുഴപ്പമില്ല, സുഖമാണ് ഞാൻ പറഞ്ഞു. രണ്ടാഴ്ചത്തെ ഏകാന്ത ജീവിതം നാടിനെക്കുറിച്ചും നാട്ടുകാരെ കുറിച്ചുമൊക്കെ അനുഭവിച്ചറിയാനുള്ള അവസരമാണ് ഉണ്ടാക്കിയത്. രണ്ടാഴ്ചയായി സസ്യ ഭക്ഷണം മാത്രം. രാത്രി എന്നും ഓട്സ് . ഇന്നത്തെ രാത്രി കൂടി കഴിഞ്ഞാൽ രണ്ടാഴ്ചയായി.
ക്വാറന്റീൻ എന്ന ഏകാന്തവാസം കഴിഞ്ഞു. പക്ഷെ ഞാൻ ഒരിക്കലും ദിവസങ്ങൾ എണ്ണി നോക്കിയിട്ടില്ല. രാത്രി വവ്വാലുകൾ വന്ന് വാതിൽ മുട്ടി. മുറി വിടാനായില്ലേ എന്ന രീതിയിലാണ് വാതിലിൽ വന്ന് ഇടിക്കുന്നത്. രാവിലെ ക്ഷേത്രത്തിൽ വിളക്കു വെക്കുന്ന അഭിലാഷ് വന്നു. ഞാൻ വീടിന്റെ താക്കോൽ ഏൽപ്പിച്ചു. അപ്പോഴേക്കും ആരോഗ്യ പ്രവർത്തകരുടെ ഫോൺ. ഇന്നേക്ക് രണ്ടാഴ്ചയായി. ചന്തേരയിലെ വീട്ടിലെത്തിയാൽ നിങ്ങൾ ഇനി പതിനാല് ദിവസം വീട്ടിൽ തന്നെ കഴിയണം. അന്യസംസ്ഥാനത്തു നിന്ന് വന്നാൽ 28 ദിവസമാണ് ക്വാറന്റീൻ. വീട് വിടുമ്പോൾ പുളിമരം പറഞ്ഞു ഇനിയും വരണം.
ഞാൻ മനസ്സിലുറച്ചു. ഇനിയും വരും. ദൈവ സന്നിധിയോട് യാത്ര ചോദിച്ച് ചന്തേരയിലെത്തിയപ്പോൾ ഒരു പറ്റം പൂച്ചക്കുട്ടികളാണ് എന്നെ സ്വാഗതം ചെയ്തത്. അച്ഛനും അമ്മയുമുണ്ട് വീട്ടിൽ. കോവിഡിനു ശേഷം ഹൗസ് അറസ്റ്റില്‍.
എന്നും യാത്ര ഇഷ്ടപ്പെടുന്ന അച്ഛന് പറമ്പിന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി. അതിഥിയായ എന്നെക്കണ്ട് പൂച്ചക്കുട്ടികൾ മ്യാവൂ.. എന്നു വിളിച്ച് വിശേഷം തിരക്കി. പൂച്ചക്കുട്ടികൾ വീട്ടിൽ പെറ്റ് വളർന്നതാണ്. വിരമിച്ച അധ്യാപികയായ അമ്മ ബേബി കമലത്തിന്റെ ടൈം പാസ്. പാലും മറ്റുമാണ് പൂച്ചയ്ക്ക് കൊടുക്കുന്നത്.
അകത്തെ മുറിയിലും ഞാൻ ലാപ് ടോപ്പിനു മുന്നിലായി. വീട്ടിൽ നിന്ന് പുറത്തൊന്നും പോയില്ല. അച്ഛനും അമ്മയ്ക്കുമൊപ്പം പതിനാലു ദിവസം നല്ല ഭക്ഷണത്തോടെ ഉല്ലസിച്ചു. ഇനി വെല്ലുരേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്തതും വളരെയേറേ ആസ്വദിച്ച ദിവസങ്ങളുമായിരുന്നു കോവിഡ് -19 ക്വാറന്റൈൻ ദിനങ്ങൾ. വിരക്തിയോ വിഷാദമോ ഒരിക്കൽപോലും തോന്നിയില്ല. മനുഷ്യകുലത്തെയാകെ പിടികൂടിയ കോവിഡ് എന്നെ പിറകോട്ട് ചിന്തിപ്പിച്ചു. ജീവിതം എന്തെന്ന് പഠിപ്പിച്ചു.
Wow great sir it was just a very nice experience and reading it was a greater experience
Thank you sir..
Superb sir
❤️🙏