ആഴ്ചയിൽ 28 സർവ്വീസുകൾ; ആകാശ എയർ കൊച്ചിയിലേക്ക്

കൊച്ചിയിൽ നിന്ന് പ്രതിവാര ബാംഗ്ലൂർ സർവ്വീസ് 100 ലേക്ക്.

രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ കൊച്ചിയിൽ നിന്ന് സർവ്വീസ് തുടങ്ങുന്നു. ബാംഗ്ലൂർ- കൊച്ചി -ബാംഗ്ലൂർ മേഖലയിൽ ആഴ്ചയിൽ 28 സർവ്വീസുകളാണ് ആകാശ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയിൽ ഏറ്റവും അധികം സർവ്വീസുകൾ കൊച്ചിയിൽ നിന്നാണ്‌ ആകാശ നടത്തുന്നത്. 

ഓഗസ്റ്റ് 13 മുതൽ ആകാശയുടെ ബാംഗ്ലൂർ-കൊച്ചി- ബാംഗ്ലൂർ സർവ്വീസ് ആരംഭിക്കും. ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. എല്ലാദിവസവും രണ്ട്  സർവ്വീസുകളുണ്ടാവും. രാവിലെ 8.30ന് ബാംഗ്ലൂരിൽ നിന്ന് എത്തുന്ന ആദ്യ വിമാനം 9.05ന് മടങ്ങും.12.30 ന് എത്തുന്ന രണ്ടാം വിമാനം 1.10 ന് മടങ്ങി പോവും.

ഇതോടെ കൊച്ചിയിൽ നിന്നും ആഴ്ചയിൽ ബാംഗ്ലൂരിലേക്ക് മൊത്തം 99 പുറപ്പെടൽ സർവ്വീസുകൾ ഉണ്ടാവും.  ഇൻഡിഗോ, എയർ ഏഷ്യ,  ഗോഫസ്റ്റ്, അലയൻസ് എയർ എന്നിവയാണ് കൊച്ചി -ബാംഗ്ലൂർ സർവ്വീസ് നടത്തുന്ന മറ്റു എയർലൈനുകൾ.

കൊച്ചിയെ കൂടാതെ ബാംഗ്ലൂർ, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നു മാത്രമാണ് ആകാശ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.  ആദ്യഘട്ടത്തെ 56 പ്രതിവാര സർവീസുകളിൽ 28 ഉം കൊച്ചിയിൽ നിന്നാണ്‌.

രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ തങ്ങളുടെ ആദ്യഘട്ട സർവ്വീസിനു കൊച്ചി തിരഞ്ഞെടുത്തതിൽ സിയാലിന് സന്തോഷമുണ്ടെന്നു സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.  നിരവധി എയർലൈനുകൾ നേരത്തെ തന്നെ അന്താരാഷ്ട്ര സർവ്വീസുകൾ തുടങ്ങാൻ കൊച്ചി തിരഞ്ഞെടുത്തിരുന്നു.

കൂടുതൽ എയർലൈനുകളെ കൊച്ചിയിൽ എത്തിക്കാൻ ചെയർമാനും ഡയറക്ടർ ബോർഡും നടത്തുന്ന ശ്രമങ്ങളാണ് ഫലം കണ്ടിട്ടുള്ളത്.  ശീതകാല സമയപട്ടികയിൽ ഇന്ത്യയിലെ എല്ലാ പ്രമുഖനഗരങ്ങളിലേക്കും കൂടുതൽ സർവ്വീസുകൾ നടത്താൻ കഴിയുമെന്ന് സിയാൽ പ്രതീക്ഷിക്കുന്നു. അതിനുവേണ്ടിയുള്ള പദ്ധതികൾ ആസ്രൂതണം ചെയ്തിട്ടുണ്ട് -സുഹാസ് കൂട്ടിച്ചേർത്തു.

ഏപ്രിലിൽ സിയാലിന്റെ വേനൽക്കാല സമയപ്പട്ടിക തുടങ്ങുമ്പോൾ പ്രതിവാരം 1190 സർവ്വീസുകളാണ് ഉണ്ടായിരുന്നത്. ശീതകാല സമയപ്പട്ടികയോടെ കോവിഡ് പൂർവ്വകാലത്തെ ട്രാഫിക്കിലേക്ക് ഉയരാൻ കഴിയുമെന്നാണ് വിമാനത്താവള കമ്പനിയുടെ പ്രതീക്ഷ.

Content highlights: Akasa air to launch Kochi operation

Leave a Reply

Your email address will not be published. Required fields are marked *