മഴയുടെ നാടായ അഗുമ്പെ മുതൽ ജോഗ് ഫാൾസ് വരെ

ഹുസയിർ മുഹമ്മദ്

എപ്പോഴും മഴ പെയ്യുന്ന നാട്- അഗുമ്പെ. കർണ്ണാടകയിലെ ഷിമോഗ ജില്ലയിൽ തീർത്ഥഹള്ളി താലൂക്കിലാണ് അഗുമ്പെ. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് ഈ പ്രദേശം. സദാ നേരവും പെയ്യുന്ന മഴ കാണാൻ രസമാണ്. നൂലുപോലെ മുകളിൽ നിന്ന് പെയ്തു കൊണ്ടിരിക്കും. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയെന്നാണ് അഗുമ്പെ അറിയപ്പെടുന്നത്.

രാജവെമ്പാലകളുടെ നാട് എന്ന പേരുമുണ്ട്. രാജവെമ്പാലകളെ കൂടുതൽ കാണുന്നതിനാലാണിത്. ഒരു ചെറിയ ബസ് സ്റ്റാന്റ്, ഒരു ലോഡ്ജ്. ഇതാണ് അകുമ്പെ ജംഗ്ഷൻ, ഷിമോഗയിലേക്കും ചിക്കമംഗ ലൂരിലേക്കും ഇതുവഴി പോകാം.

ആർ.കെ.നാരായണന്റെ “മാൽഗുഡി ഡെയ്സ്” എന്ന സീരിയലിൻ്റെ ചിത്രീകരണത്തോടെ ഇവിടം കൂടുതൽ അറിയപ്പെട്ടു തുടങ്ങി. മാൽഗുഡി ഡെയ്‌സില്‍ ഇവിടത്തെ ഗ്രാമങ്ങൾ ഒപ്പിയെടുത്തിട്ടുണ്ട്.

വൈകുന്നേരം ആറുമണിയോടെയാണ് ഞങ്ങൾ എത്തിയത്. അഗുമ്പെയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള ബിദറുഗുഡു എന്ന സ്ഥലത്താണ് ഞങ്ങൾക്ക് താമസിക്കാൻ ഇടം കിട്ടിയത്. അതും രാത്രിയിലെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ . ഇവിടെ 

നിന്ന് 700 അടി മുകളിലേക്ക് പോയാൽ കുണ്ടാദ്രി ജൈനക്ഷേത്രത്തിന്റെ അടുത്തെത്താം. ഈ സ്ഥലത്തു നിന്ന് നോക്കിയാൽ മലയിടുക്കിലൂടെ സൂര്യോദയം കാണാം. അതും മനോഹര കാഴ്ചയാണ്.

അഗുമ്പെയിൽ നിന്ന് വെളുപ്പിന് അഞ്ചു മണിക്കു തന്നെ ഞങ്ങൾ ഓട്ടോ ടാക്സിയിൽ കുണ്ടാദ്രിയിലേക്ക് യാത്രയായി. കൊടുംകാട്ടിലൂടെ കുത്തനെയുള്ള കയറ്റമാണ്. കയററത്തിന്റെ വൈഷമ്യമൊക്കെ മലമുകളിൽ എത്തിയാൽ പമ്പ കടക്കും. അത്രക്ക് ഗംഭീരമാണാ കാഴ്ച. മലയിടുക്കുകളിൽ നിന്ന് വിവിധ വർണ്ണങ്ങളുടെ അകമ്പടിയോടെ സൂര്യൻ ഉദിച്ചു വരുന്നു, താഴെ മേഘങ്ങളുടെ പാൽക്കടലാണ്.
ഇടക്ക് വരുന്ന കോട ഞങ്ങളെ തഴുകി താഴെ ഗർത്തത്തിൽ അപ്രത്യക്ഷമാകുന്നു.

രണ്ടാമത്തെ യാത്ര അഭിഫോൾസിലേക്കായിരുന്നു, വെള്ളച്ചാട്ടത്തേക്കാൾ ത്രിൽ രണ്ടു കിലോമീറ്ററോളം കാട്ടിലൂടെയുള്ള യാത്രയായിരുന്നു. തീവ്രവാദി സാന്നിദ്ധ്യമുള്ള വനമേഖലയാണിതെന്ന്പറയുന്നു. അതു കൊണ്ട് പ്രവേശനത്തിന് ചില വിലക്കുകളുണ്ടായിരുന്നു. പ്രദേശവാസിയായ ഒരാളുടെ സഹായത്താലാണ് ഞങ്ങൾ അവിടെയെത്തിയത്.

പോകുന്ന വഴിയിൽ ഒരു സ്കൂൾ കെട്ടിടത്തിൽ പട്ടാളക്യാമ്പ് കണ്ടിരുന്നു.
അല്പം റിസ്ക് എടുത്ത് വെള്ളച്ചാട്ടത്തിന് തൊട്ടു താഴെ വരെ പോയി. എല്ലാ വെള്ളച്ചാട്ടങ്ങളും വ്യത്യസ്ത കാഴ്ചകളാണ് സമ്മാനിക്കുന്നത്, അനുഭൂതിയും. ചുറ്റും വനമുള്ളതിനാൽ ഇരുണ്ട അന്തരീക്ഷമായിരുന്നു. കുളിരേറ്റ് തണുത്ത പാറക്കൂട്ടങ്ങൾക്ക് മുകളിൽ കണ്ണടച്ചിരിക്കുമ്പോൾ സ്ഫടിക തുളളികൾ പോലെ വീഴുന്ന വെള്ളം ശരീരത്തിൽ ചിതറി.

ഉച്ചയോടെ ജോഗ് ഫാൾസിലേക്ക്. യാത്ര തീർത്ഥ ഹളളി വഴിയാണ്..
തീർത്ഥ ഹള്ളിയിൽ നിന്നാണ് ഷിമോഗയിലേക്കും മറ്റു പല പ്രധാന സ്ഥലങ്ങളിലേക്കും തിരിയുന്നത് . സാഗറായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. മൂന്നര മണിക്കൂർ വനത്തിലൂടെയുള്ള യാത്ര. സാഗറിൽ നിന്ന് ഒരു മണിക്കൂർ യാത്രയുണ്ട് ജോഗ് ഫോൾസിലേക്ക്.
വൈകീട്ട് അഞ്ചു മണിയോടെ ജോഗ് ഫോൾസിലെത്തി. അവിടെ
ഒരു ഹോം സ്റ്റേയിലായിരുന്നു താമസം. വീട്ടുകാരുണ്ടാക്കിയ രുചികരമായ രാത്രി ഭക്ഷണം കഴിച്ച് തടാകത്തിലെ തണുത്ത കാറേററ്റ് സുഖകരമായ ഒരുറക്കം .

അതിരാവിലെ ഗൈഡ്  ടാക്സിയുമായി വന്നു. യാത്ര വെള്ളച്ചാട്ടം തുടങ്ങുന്നിടത്തേക്കായിരുന്നു. ഏഴു മണിക്ക് മുൻപേ ചെന്നാൽ കാട്ടിലൂടെ മുകളിലേക്കു കയറിയാൽ അവിടെയെത്താം. സമയം കഴിഞ്ഞാൽ ഫോറസ്റ്റ് ഉദ്യാഗസ്ഥർ സമ്മതിക്കില്ല.

രാജ, റാണി, റോർ, റോക്ക്, എന്നിങ്ങിനെ പല പേരുകളിലറിയപ്പെടുന്ന എഷ്യയിലെ എറ്റവും പ്രധാന വെള്ളച്ചാട്ടം. ജോഗ് ഫോൾസിന്റെ ഒഫീഷ്യൽ ചിത്രങ്ങളിലൊക്കെ കാണുന്ന, താഴെ അഗാധ ഗർത്തത്തിലേക്ക് തള്ളിനിൽക്കുന്ന ഒരു പാറയുടെ ചിത്രമുണ്ട്.

ഒരാൾക്ക് കമിഴ്ന്ന് കിടന്ന് ഈ പാറയുടെ അററം വരെ നിരങ്ങി ചെന്ന് തല താഴേക്കിട്ട് നോക്കിയാൽ വെള്ളച്ചാട്ടം താഴെ പതിക്കുന്ന മനോഹര കാഴ്ചകൾ കാണാം. ഗൈഡ് തന്ന ധൈര്യത്തിൽ പതുക്കെ ഞാൻ കമിഴ്ന്ന്

കിടന്ന് നീന്തി. ഇടത്തോട്ടോ വലത്തോട്ടോ ഒന്നധികം നീങ്ങിയാൽ കണ്ടുപിടിക്കാൻ പൊടിപോലുമുണ്ടാവില്ല. ഒരു മിനിറേറ
എനിക്ക് നോക്കാൻ ആയുള്ളു.

ആ കാഴ്ച്ചയെ എങ്ങിനെയാണ് ഞാൻ വർണ്ണിക്കുക. തൊട്ടടുത്തെ രാജ ഫാൾസിൽ നിന്നുള്ള ജല തുളളികൾ കാറ്റിൽ എന്റെ ശരീരത്തെ നനച്ചതും എതിർ വശത്തു നിന്നുയർന്നുവന്ന മഞ്ഞ് ഞങ്ങളുടെ കാഴ്ചകളെ മൂടിയതും പെട്ടന്നായിരുന്നു.

ഇനിയുള്ള യാത്ര വെള്ളച്ചാട്ടം പതിക്കുന്ന താഴ് വാരത്തേക്കാണ്. പലരും നിരുത്സാഹപ്പെടുത്തി. ആയിരത്തി നാനൂറ് പടികളിറങ്ങി വേണം അവിടെയെത്താൻ. കയറ്റത്തേക്കാൾ ദുഷ്കരമാണ് ഇറക്കം എന്ന് പലരും പറഞ്ഞു: ഇറങ്ങാൻ തന്നെ തീരുമാനിച്ചു. മലയിറങ്ങുമ്പോഴുള്ള പതിവു രീതിയിൽ ഇറങ്ങി. പതുക്കെ ശ്വാസം വിട്ട്, ഒരേ വേഗത്തിൽ മുന്നോട്ടേക്ക്. ഏറെ സമയമെടുത്തു താഴ് വാരത്തെത്താൻ.

ഒഴുകി വരുന്ന വെള്ളത്തിൽ മുഖവും കയ്യും കഴുകി. കൈക്കുമ്പിളിൽ വെള്ളമെടുത്ത് കുടിച്ച് ദാഹം തീർത്തു. മുകളിൽ ഒരു പൊട്ടു പോലെ ഞാൻ കമിഴ്ന്ന് കിടന്ന് താഴേക്ക് നോക്കിയ പാറ കാണാം. ഗർത്തത്തിലേക്ക് ഉന്തി നിൽക്കുന്ന ഒരു മുനമ്പു പോലെ. ഞങ്ങൾ ആ

മുനമ്പിൽ നിന്ന് താഴേക്ക് നോക്കിയ കാര്യംഅവിടെയുണ്ടായിരുന്ന പലരോടും പറഞ്ഞു. ആരും വിശ്വസിച്ചില്ല, പക്ഷെ ഫോട്ടോ കാണിച്ചപ്പോൾ അവർക്കല്ലാം അത്ഭുതമായി.

താഴേക്ക് പതിക്കുന്ന ഓരോ വെള്ളച്ചാട്ടവും വ്യത്യസ്ത കാഴ്ചകളാണ് നൽകുന്നത്. വെള്ളച്ചാട്ടങ്ങളുടെ കളാകളാരവങ്ങൾ പോലും വിത്യസ്ഥങ്ങളാണ്. വെള്ളച്ചാട്ടത്തിനരികെ താഴെ സഞ്ചാരികൾക്ക് സൗകര്യപ്രദമായി നിൽക്കാൻ ഒരു പാട് സ്ഥലമുണ്ട്. 
നിറയെ പാറക്കൂട്ടങ്ങളും. അതിലൊക്കെയിരുന്നോ, നിന്നോ പ്രകൃതിഭംഗി ആസ്വദിക്കാം. കൊച്ചരുവികളിലെ വെള്ളാരം കല്ലുകളിൽ കാൽ തൊടുമ്പോൾ കൂട്ടത്തോടെയെത്തി സുഖ സ്പർശം നൽകുന്ന കൊച്ചു മീനുകൾ …

മടക്കയാത്ര ബട്കലിലേക്ക്. അതും മൂന്നു മണിക്കൂറിലധികം വനയാത്ര തന്നെ. കാട് കണ്ട് മനസ് നിറഞ്ഞു. ബട്കലിൽ നിന്ന് കുന്ദാപുരത്തേക്ക്. കുന്ദാപുരത്തു നിന്ന് ഉഡുപ്പി. മംഗലാപുരം, ഷൊർണൂർ വഴി
വെളുപ്പിന് അഞ്ചു മണിക്ക് സ്വന്തം തൃശൂരിൽ. (തൃശ്ശൂർ ജനറൽ ഹോസ്പിറ്റലിൽ നിന്ന് ലേസെക്രട്ടറിയായി വിരമിച്ച ലേഖകൻ ഒട്ടേറെ യാത്രകൾ നടത്തിയിട്ടുണ്ട്  )

Leave a Reply

Your email address will not be published. Required fields are marked *