ടെക്നോപാർക്കിന് 9,775 കോടി രൂപയുടെ കയറ്റുമതി വരുമാനം
തിരുവനന്തപുരം ടെക്നോപാർക്ക് 2021-22 സാമ്പത്തിക വര്‍ഷം 9,775 കോടി രൂപയുടെ കയറ്റുമതി വരുമാനം നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 1,274 കോടി രൂപയുടെ വളര്‍ച്ചയാണ് ടെക്നോപാർക്ക് നേടിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 460 കമ്പനികളിൽ നിന്നായി 8501 കോടിയായിരുന്നു ടെക്നോപാര്‍ക്കിൻ്റെ കയറ്റുമതി വരുമാനം. ഇതിനുപുറമെ, ജി.എസ്.ടി നികുതി കൃത്യമായി ഫയല്‍ ചെയ്തതിന് കേന്ദ്രസര്‍ക്കാരിൻ്റേയും ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യയുടെയും (ക്രിസൽ) അംഗീകാരങ്ങളും ലഭിച്ചു. 2023 ജൂണ്‍ വരെ ക്രിസല്‍ എ പ്ലസ് ഗ്രേഡ് ലഭിച്ചത് മറ്റൊരു അഭിമാനകരമായ നേട്ടമാണ്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ആകെ 78 കമ്പനികള്‍ 2,68,301 സ്ക്വയര്‍ഫീറ്റ് സ്ഥലത്തായി പുതിയ ഐ.ടി ഓഫീസുകള്‍ ആരംഭിച്ചു. ഈ വര്‍ഷം മാത്രം (2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ) 1,91,703 സ്ക്വയര്‍ഫീറ്റ് സ്ഥലത്ത് 37 കമ്പനികള്‍ക്കാണ് ടെക്നോപാര്‍ക്ക് സ്ഥലം അനുവദിച്ചത്. കേരളത്തിലെ ഐ.ടി പാർക്കുകളുടെ വളർച്ച ഉറപ്പുവരുത്താനായി എൽ.ഡി.എഫ് സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഫലമാണ് ഈ നേട്ടങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെക്നോപാർക്കിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച ഐ.ടി കമ്പനികളെയും പ്രൊഫഷണലുകളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.