4000 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു. അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് ഫെസിലിറ്റിയുടെയും
ഡ്രൈ ഡോക്കിന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽ.പി.ജി ഇറക്കുമതി ടെർമിനലിന്റെയും ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സുനോവാൾ, ശ്രീപദ് യശോ നായിക്, ശന്തനു താക്കൂർ, വി. മുരളീധരൻ, ഹൈബി ഈഡൻ എം.പി എന്നിവർ പങ്കെടുത്തു. ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷമാണ് പ്രധാന മന്ത്രി കൊച്ചിയിലെത്തിയത്. മറൈൻ ഡ്രൈവിൽ പാർട്ടി പ്രവർത്തകരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.
രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി വൈകുന്നേരം ഡൽഹിക്ക് മടങ്ങി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയാക്കിയത്.
തൃശൂർ, എറണാകുളം ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ബുധനാഴ്ച്ച 3.10 ന് നേവൽ ബേസിൽ നിന്ന് ഹെലികോപ്ടറിൽ എത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 3.39 നാണ് ഡൽഹിയിലേക്ക് തിരിച്ചത്.
സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, രാഷ്ട്രീയ പാർട്ടി, സംഘടന പ്രതിനിധികളായ സന്ദീപ് ജി. വാര്യർ, എസ്. ജയശങ്കർ, കെ.സി സുരേഷ്, അരുൺ നാഥ്, കെ.എം ഷൈജു, മുരളീധർ മരോട്ടിക്കൽ നന്ദികേശ്വർ, പി.അവിനാശ്, രശ്മി സജി, ശോഭന സുരേഷ് കുമാർ എന്നിവരും പ്രധാനമന്ത്രിയെ യാത്രയാക്കാൻ ഉണ്ടായിരുന്നു.