കാക്കനാട് എക്‌സിബിഷന്‍ സെന്ററില്‍ മെഷീനറി എക്‌സ്‌പോ10 മുതല്‍

നൂറിലേറെ പ്രമുഖ മെഷീന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ പങ്കെടുക്കും

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്സ്പോ ഫെബ്രുവരി 10 മുതല്‍ 13 വരെ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പത്തിന് രാവിലെ 10.30ന് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്ന മെഷീനറികള്‍ പ്രദര്‍ശിപ്പിക്കുകയാണ് എക്സ്പോയുടെ ആറാം പതിപ്പ് ലക്ഷ്യമിടുന്നതെന്ന്  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും എക്സ്പോ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പി.എ.നജീബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

166 സ്റ്റാളുകൾ ഉണ്ടാകും. രാജ്യത്തെ നൂറിലേറെ പ്രമുഖ മെഷീന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ എക്‌സ്‌പോയില്‍ പങ്കെടുക്കും. മെഷീന്‍ ടൂളുകള്‍, ഓട്ടോമേഷന്‍ ടെക്‌നോളജീസ്, സി.എന്‍.സി മെഷീനുകളും സിസ്റ്റങ്ങളും, അഗ്രോ അധിഷ്ഠിത, അപ്പാരല്‍, ഇലക്ട്രിക്കല്‍-  ഇലക്ട്രോണിക്‌സ്, ജനറല്‍എഞ്ചിനീയറിംഗ് മെഷീനുകള്‍, പാക്കേജിങ്,  പ്രിൻ്റിംഗ് ആന്‍ഡ് ത്രീഡി പ്രിൻ്റിംഗ്, പ്രോസസ്സിംഗ്, പാക്കേജിംഗ് മെഷീനറികള്‍ എന്നിവയിലെ പുതിയ ട്രെന്‍ഡുകളും മെഷീനറികളുടെ ലൈവ് ഡെമോയും പ്രദര്‍ശിപ്പിക്കും.

ഹെവി മെഷീനറികളുടെ പ്രദര്‍ശനനത്തിന് 5000 ചതുരശ്ര അടി സ്ഥലത്ത് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആറ് ഡോമുകളായി തയ്യാറാക്കിയ വേദിയില്‍ സെക്ടര്‍ അടിസ്ഥാനത്തിലാണ് പ്രദര്‍ശനമെന്നത് ഇത്തവണത്തെ എക്‌സ്‌പോയുടെ പ്രത്യേകതയാണ്. രുചി വൈവിധ്യങ്ങളുമായി ഫുഡ് കോര്‍ട്ടുകളുമുണ്ടാകും. സംരംഭകര്‍ക്ക് മെഷീന്‍ നിര്‍മ്മാതാക്കളുമായി ആശയ വിനിമയം നടത്താനും മെഷീനുകളുടെ പ്രവര്‍ത്തനവും ടെക്‌നോളജിയും നേരിട്ട് കണ്ടു പഠിക്കാനും എക്‌സ്‌പോ അവസരമൊരുക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ ഉമ തോമസ് എം.എല്‍. എ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.പി. വിശിഷ്ടാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ- വാണിജ്യ ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ജി.പ്രണബ്, മാനേജര്‍ ആര്‍.രമ  എന്നിവരും പങ്കെടുത്തു.