കയർ മേഖലയുടെ കുതിപ്പിന് കയർ കോൺക്ലേവ് വഴിയൊരുക്കും -മന്ത്രി പി.രാജീവ്

കയർ കോൺക്ലേവ് കയർമേഖലയുടെ കുതിപ്പിന് വഴിയൊരുക്കുമെന്ന്  വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ കയർ മേഖല നേരിടുന്ന പ്രശ്ന‌ങ്ങൾ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച  കയർ കോൺക്ലേവ്- 2025 ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.

പുതിയ തലമുറയെ കയർമേഖലയിലേക്ക് ആകർഷിച്ച്  കയർമേഖലയുടെ കുതിപ്പിന് വഴിയൊരുക്കുകയെന്നതാണ് കോൺക്ലേവിൻ്റെ പ്രധാന ലക്ഷ്യം. കമ്പോളത്തിൻ്റെ ആവശ്യങ്ങൾ അനുസരിച്ച് നമ്മുക്ക് ഉല്പന്നങ്ങൾ നിർമ്മിക്കുവാൻ സാധിക്കണം. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കയർമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സജീവമായി ഇടപെടുകയും ഗൗരവമായ ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്.

നാലു വർഷം കൊണ്ട് 140 കോടിയിലധികം കയർ ഭൂവസ്ത്രം വിൽക്കുവാൻ സർക്കാരിൻ്റെ ഇടപെടലിലുടെ സാധിച്ചിട്ടുണ്ട്. സംരംഭക വർഷത്തിൻ്റെ ഭാഗമായി 1260 പുതിയ വെളിച്ചെണ്ണ മില്ലുകൾ  മൂന്ന് വർഷം കൊണ്ട് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു.1200 തേങ്ങ ഉണക്കി കൊപ്രയാക്കുന്ന ഡ്രൈയേഴ്സും നിലവിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒറീസയിൽ നിന്ന് കയർ കോർപ്പറേഷന് 2.70 കോടിയുടെ ഓർഡർ പുതിയതായി  കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.  എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, ദലീമ ജോജോ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കയർഫെഡ് പ്രസിഡന്റ് ടി.കെ. ദേവകുമാർ, കയർ മെഷീനറി മാനുഫാക്ചറിങ് കമ്പനി ചെയർമാൻ എം.എച്ച്. റഷീദ്, കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ തുടങ്ങിയവർ പങ്കെടുത്തു.

‘പുതിയ കാലം പുതിയ സമീപനം’ എന്ന വിഷയത്തിൽ നടന്ന ചർച്ച മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ‘കമ്പോള വെല്ലുവിളിയും ബദൽ മാർഗ്ഗങ്ങളും’ എന്ന ചർച്ചയ്ക്ക് മുൻ ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ. ടി. എം.തോമസ് ഐസക്  നേതൃത്വം നൽകി. കയർ വികസന ഡയറക്ടർ ആനി ജൂലാ  തോമസ് ‘കയർ വിദഗ്ധ സമിതി റിപ്പോർട്ട് നിർദേശങ്ങളിന്മേൽ സർക്കാർ സ്വീകരിച്ച് നടപടികൾ’ എന്ന വിഷയാവതരണം നടത്തി.