മധൂരിൽ ഭൂമി വിണ്ടുകീറി നിരങ്ങി നീങ്ങിയത് എങ്ങിനെ ?
കാസർകോട് ജില്ലയിലെ മധൂർ പഞ്ചായത്തിൽപ്പെട്ട ചേനക്കോട് പദാർഥ വയലിൽ ഭൂമി അരക്കിലോമീറ്ററോളം നീളത്തിൽ വിണ്ടുകീറിയത് നാട്ടിലാകെ ആശങ്ക പരത്തിയിരിക്കുകയാണ്. രണ്ട് മീറ്ററിലധികം ആഴത്തിലാണ് ഈ വിണ്ടു കീറൽ. സപ്തംബർ അവസാനമായിരുന്നു സംഭവം. നാലു ദിവസത്തെ കനത്ത മഴ കഴിഞ്ഞപ്പോഴാണ് ഈ അപകട ദൃശ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കുന്നിൻ്റെ ഒരു ഭാഗം തന്നെ ചെടികളും ചെറിയ മരങ്ങളുമടക്കം താഴേക്ക് നീങ്ങിയിരിക്കുന്നു. പലയിടത്തായി ഭൂമി വീണ്ടുകീറിയും,നിരങ്ങി നീങ്ങിയും, ഇരുന്നും, പാറകളുടെ പാളി
അടർന്ന് പാറക്കഷണങ്ങൾ താഴെക്ക് പതിച്ചും ഈ പ്രദേശം ഭീതി പരത്തുന്ന അവസ്ഥയിലാണ്. വലിയ കുന്നിൻ്റെ ചെരിവിലാണ് ഭൂമി വിണ്ടു കീറിയിരിക്കുന്നത്. കുന്നിൻ്റെ മുകളിൽ വീടുകളില്ലെങ്കിലും താഴെ ഭാഗത്ത് അഞ്ച് വീടുകളുണ്ട്. ഇതിനടുത്തു കൂടിയാണ് മധു വാഹിനി പുഴ ഒഴുകുന്നത്. കുന്നിൽ ചരിവ് താഴോട്ട് നിരങ്ങിയതിനാൽ താഴെയുള്ള തോടിന്റെ വീതി കുറഞ്ഞതായും ചിലയിടങ്ങളിൽ അടഞ്ഞുപോയതായും കാണാനുണ്ട്. കുന്നിന്റെ ചരിവ് മുപ്പത് ഡിഗ്രിയിൽ കൂടുതലാണ്. മണ്ണ് കളിമണ്ണ്
ചേർന്നതാണ് . ഒരുപാട് മഴക്കുഴികൾ മുൻ കാലങ്ങളിൽ നിർമിച്ചതായി കാണാം. ധാരാളം അക്കേഷ്യ മരങ്ങളും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. കനത്ത മഴയിൽ വെള്ളം ഊർന്നിറങ്ങി കരിങ്കൽ പാളിക്കും മൺ പാളിക്കുമിടയിൽ ബലക്ഷയമുണ്ടാകുമ്പോൾ ഒരു പ്രദേശം തന്നെ തെന്നി നീങ്ങാറുണ്ടെന്ന് ഇവിടം സന്ദർശിച്ച ഭൗമ ശാസ്ത്രജ്ഞർ പറഞ്ഞു. കാസർകോട് ഗവ.കോളേജ് ജിയോളജി വകുപ്പ് മേധാവി ഡോ.എ.എൻ മനോഹരനും മുൻ ഗവ. കോളെജ് പ്രിൻസിപ്പലും പഠന വകുപ്പ് മേധാവിയും റിട്ട. ഉത്തര മേഖല കോളെജ് വിദ്യാഭ്യാസ ഡെ. ഡയറക്ടറുമായ പ്രൊഫ. വി.ഗോപിനാഥനുമാണ് സ്ഥലം സന്ദർശിച്ചത്. ഭൂഗർഭ ജലത്തിൻ്റെ ഒഴുക്ക് മൂലം മണ്ണിനടിയിൽ മണ്ണൊലിപ്പുണ്ടായി
രൂപപ്പെടുന്ന ചെറിയ ഗുഹകൾ മഴക്കാലത്ത് ഇടിഞ്ഞുതാഴാം. ഈ സമയത്ത് ഉപരിതലം താഴ്ന്നു പോകും. മഴക്കുഴികൾ വെള്ളം ചെരിവിലേക്ക് ഊർന്നിറങ്ങി ബലക്ഷയമുണ്ടാക്കാൻ ഇടയാകും.1994-95 കാലഘട്ടത്തിൽ ഇതിന് മുമ്പ് ഇതുപോലെ ഭൂമി പിളരൽ സംഭവിച്ചതായി താഴെ താമസിക്കുന്ന ദിനേശ് ഗട്ടി പറയുന്നു. അന്നത്തെ കലക്ടർ മാര പാണ്ഡ്യൻ സ്ഥലം സന്ദർശിച്ചതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ പണ്ട് വലിയ ഗുഹ ഉണ്ടായിരുന്നതായും വീട് മളി ഹൗസ് എന്നറിയപ്പെട്ടതായും അദ്ദേഹം പറയുന്നു. മളി എന്ന് പരിസരവാസികൾ
വിളിക്കുന്ന ഗുഹ ഇപ്പോൾ കാണാനില്ല. ശക്തമായ മഴയിൽ മണ്ണ് കുതിർന്ന് ഭാരം കൂടി അമർന്ന് പോകുന്നത് അടിയിൽ രൂപപ്പെട്ട മളി അഥവാ മാളങ്ങൾ കൊണ്ടാണ്. കുന്ന് സംരക്ഷിച്ച് നിർത്താനവശ്യമായ പ്രർത്തനങ്ങൾ നടത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ശാസ്ത്രജ്ഞഞർ പറഞ്ഞു. ഇവിടെ വിശദമായ ഭൗമ പഠനം ആവശ്യമാണ്. ഇതിനടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതലുകൾ എടുക്കണം. പരിസരങ്ങളിൽ ഭൂമിയിൽ വിള്ളലുകൾ ഉണ്ടാവുന്നുണ്ടോടോയെന്ന് പരിശോധിക്കണം. അപകട സാധ്യത കണ്ടാൽ മാറി താമസിക്കണം.