പക്ഷിപ്പനി: മുഹമ്മ പഞ്ചായത്തിൽ മുട്ട, ഇറച്ചി ഉപയോഗം നിരോധിച്ചു

ആലപ്പുഴ മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിനാൽ പ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം), മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും മാർച്ച് 19 മുതൽ ഒരാഴ്ചത്തേയ്ക്ക് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

ചേർത്തല സൗത്ത്, മാരാരിക്കുളം സൗത്ത്, മാരാരിക്കുളം നോർത്ത്, ആര്യാട്, മണ്ണഞ്ചേരി, മുഹമ്മ, കഞ്ഞിക്കുഴി, ചേർത്തല മുനിസിപ്പാലിറ്റി, തണ്ണീർമുക്കം, കൈനകരി എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് നിരോധനം.

ഈ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റ് വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം), മറ്റ് ഉൽപ്പന്നങ്ങൾ വിൽപ്പനയും കടത്തലും നടക്കുന്നില്ലായെന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതും  സ്ക്വാഡ് രൂപീകരിച്ച് കർശന പരിശോധനകൾ നടത്തേണ്ടതുമാണ് എന്ന് ഉത്തരവിൽ പറയുന്നു.

പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്റ്റഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേയ്ക്ക് പക്ഷികളെ വളർത്തുന്നതും നിരോധിച്ചു. അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല തഹസിൽദാർമാർ പ്രത്യേക പരിശോധനാ സ്ക്വാഡുകൾ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന പരിശോധനയും മേൽനോട്ടവും നടത്തും. നിരോധനം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ ഈ പക്ഷികളുടെ മാംസം, മുട്ട എന്നിവ കൊണ്ടുള്ള ഭക്ഷ്യ വിഭവങ്ങൾ വിൽപ്പന നടത്തുന്നില്ലെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ ഉറപ്പു വരുത്തേണ്ടതാണ്.