മഹാകവിയുടെ കയ്യൊപ്പിൽ വിരിഞ്ഞ സ്നേഹം
മഹാകവി അക്കിത്തത്തിൻ്റെ സാന്നിദ്ധ്യവും സ്നേഹവും ഏറെ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് സാഹിത്യകാരനും സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ ചെയര്‍മാനുമായ കെ.വി.മോഹൻകുമാർ ഐ.എ.എസ് പറഞ്ഞു. ജ്ഞാനപീഠം ജേതാവിനെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹം ഫെയിസ്ബുക്കിലെഴുതിയ ഓർമ്മക്കുറിപ്പിലാണിത്. അനുസ്മരണത്തിൽ നിന്ന് :
ഏറ്റവും ഒടുവിൽ രണ്ടു വർഷം മുമ്പ് എഴുത്തുകാരായ സ്‌കൂൾ അധ്യാപകർക്ക് വിദ്യാസാഹിതി പാലക്കാട് ഒരുക്കിയ ശില്പശാലയുടെ സമാപനച്ചടങ്ങിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിരുന്നു. 2011 ലെ ദേശീയ സെൻസസ് ആരംഭിക്കുമ്പോൾ ഞാൻ പാലക്കാട് ജില്ലാ കളക്ടറാ
യിരുന്നു. മഹാകവിയുടെ വിവരങ്ങൾ ആരാഞ്ഞുകൊണ്ട്
സെൻസസ് ആരംഭിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. കുമരനല്ലൂരെ വീട്ടിലെത്തി ഞാൻ നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തിയാണ് പാലക്കാട് ജില്ലയിൽ സെൻസസിനു തുടക്കമിട്ടത്. അന്ന് മഹാകവി ‘അക്കിത്തം കവിതകൾ’ ഒപ്പിട്ട് സ്നേഹത്തോടെ എനിക്കു തന്നു.
ഭൂമിയെന്ന മുത്തിന്റെ ഉല്പത്തി ആകാശത്തിന്റെ കണ്ണിൽ കണ്ട കവിയായിരുന്നു അക്കിത്തം .
‘ഒരിക്കൽ നിൻ തീവ്രത പടർന്നുരുകി വീഴവേ
അതിനുണ്ടായ പേരല്ലോ ഭൂമിയെന്നതനന്തമേ!’
ശൈശവത്തിലേ ഉറവപൊട്ടിയ കണ്ണീരായിരുന്നു അക്കിത്തത്തിന്റെ കവിതകൾ.
‘കേളുവിനെകുടിയിറക്കണം
ചാള തീയിലെരിക്കണം
തൊട്ടുകൂടാ കരിത്തലപ്പു നീ
നട്ടുകൂടാ നീയൊന്നുമേ ‘
ജന്മിവർഗ സ്വഭാവത്തിന്റെ ക്രൂരതകൾ കണ്ടും കേട്ടും ‘കരളിലമ്പിളി കെട്ടുപോയ ‘പിടഞ്ഞ മനസ്സോടെയാണ് അക്കിത്തത്തിലെ കവി വളർന്നു വന്നത് .
‘ഒരു കണ്ണീർക്കണം മറ്റു –
ള്ളവർക്കായി ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി –
ലായിരം സൗര മണ്ഡലം .’എന്ന് പാടിയ കവിയാണ് മനുഷ്യരെയെന്നപോലെ സകല ചരാചരങ്ങളെയും സ്നേഹിച്ചിരുന്ന അക്കിത്തം. ഭൂമിയിലെ നരക വിധാതാക്കളെ നോക്കിയാണ് ‘വെളിച്ചം ദുഖമാണുണ്ണി’ എന്ന് കവി ആക്രോശിച്ചത്.
‘ ഈയത്യാഡംബരം ശാന്ത –
ഹൃദയ പ്രതിബിംബമോ ?
പലപ്പോഴുമിതും ചിത്ത –
സന്നിപാതാർത്തിയല്ലയോ ?
അരിവെപ്പോന്റെ തീയിൽച്ചെ –
ന്നീയാമ്പാറ്റ പതിക്കയാൽ
പിറ്റേന്നിടവഴിക്കുണ്ടിൽ –
ക്കാണ്മൂ ശിശു ശവങ്ങളെ.
കരഞ്ഞു ചൊന്നേൻ ഞാനന്ന്
ഭാവി പൗരനോടിങ്ങനെ :
വെളിച്ചം ദു:ഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം ! ‘
ഇരുപതാം നൂറ്റാണ്ടിന്റെ
ഇതിഹാസം പൊലിഞ്ഞു !
മഹാകവി അക്കിത്തത്തിനു പ്രണാമം !