മൂന്നു പതിറ്റാണ്ടിൻ്റെ തിളക്കത്തിൽ ജോസ് തോമസിന്റെ ഗിറ്റാർ സംഗീതം
ശശിധരന് മങ്കത്തില്
ഗിറ്റാറിന്റെ തന്ത്രികളിൽ സംഗീതം പൊഴിച്ച് ആസ്വാദകരെ ആനന്ദിപ്പിക്കുന്ന ജോസ് തോമസ് ഈ ലോക് ഡൗൺ കാലത്തും തിരുവനന്തപുരത്തെ വീട്ടിൽ തിരക്കിലാണ്.
കോവിഡ് ലോക്ഡൗൺ കാലമാണ്. നാട്ടിലെ ഉപകരണസംഗീത കലാകാരന്മാർക്കെല്ലാം ഭക്ഷ്യധാന്യ കിറ്റുകൾ എത്തിക്കണം. ഇതിനായി പ്രവർത്തിക്കുന്ന കലാകാരന്മാരുടെ ഒന്നിനു പിറകെ ഒന്നായുള്ള ഫോൺ കോളുകൾ. ഇടയ്ക്ക് സമയം കിട്ടുമ്പോൾ മകന് എമിലുമായി ചേര്ന്ന് ഗിറ്റാറിൽ ഒരുപാട്ട്. അത് റെക്കോഡ് ചെയ്ത് ഫെയിസ്ബുക്കിലിടും. അതിന് ആസ്വാദകർ ഏറെ. 27പാട്ടുകൾ ഇങ്ങനെ പിറന്നിരിക്കുന്നു.
“ചിത്ര”ത്തിലെ ദൂരെ കിഴക്കുദിക്കും… “തൂവാന തുമ്പികളി”ലെ ഒന്നാം രാഗം പാടി… “ഇൻ ഹരിഹർ നഗറി”ലെ ഉന്നം മറന്ന് … തുടങ്ങിയ പാട്ടുകൾ ജോസ്തോമസ് വീട്ടിലിരുന്ന് ഗിറ്റാറിൽ വായിച്ചത് ശ്രുതിമധുരമാണ്. സ്റ്റേജ് ഗാനമേളകളിലേയും ടെലിവിഷൻ സംഗീത പരിപാടികളിലെയും നിറസാന്നിദ്ധ്യമായ പാലാക്കാരൻ ജോസ് തോമസിനെ അറിയാത്തവർ ചുരുങ്ങും. ഗായകന്റെ പിന്നിൽ ഗിറ്റാറിന്റെ തന്ത്രികളിൽ സൂക്ഷ്മതയോടെ വിരൽ മീട്ടുന്ന ഈ കലാകാരന്റെ സംഗീത സപര്യ മൂന്നു പതിറ്റാണ്ട് പിന്നിടുകയാണ്.
ഗാനഗന്ധർവ്വനൊപ്പംഅമേരിക്കയിൽ
അമേരിക്കയിലെ അറ്റ്ലാന്റയിൽ ഗാനഗന്ധർവ്വൻ യേശുദാസിന്റെ ഗാനമേള. സദസ്സിൽ തിങ്ങിനിറഞ്ഞ ആസ്വാദകർ. സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ… എന്ന ഗാനം ദാസേട്ടൻ പാടി തീരുംമുമ്പേ കരഘോഷം. അടുത്ത ഗാനം പകൽ കിനാവിൻ സുന്ദരമാണീ പാലാഴിക്കടലിൽ… എന്ന് അനൗൺസ് ചെയ്തപ്പോൾ വീണ്ടും ചെകിടടപ്പിക്കുന്ന കൈയടി. അന്ന് ആ പാട്ടുകൾക്കൊപ്പം ഗിറ്റാർ വായിച്ചപ്പോഴുണ്ടായ അനുഭൂതി ഒന്ന് വേറെ തന്നെയായിരുന്നു. ആ ഓർമ്മകൾ ഇന്നും മായാതെ മനസ്സിലുണ്ടെന്ന് ജോസ് തോമസ് പറയുന്നു.
കമുകറ പുരുഷോത്തമൻ, കെ.പി.ഉദയഭാനു, യേശുദാസ്, ജയചന്ദ്രൻ, എസ്.പി.ബാലസുബ്രഹ്മണ്യം, ലതാ മങ്കേഷ്കർ, ആശാ ബോസ് ലേ, പി.ലീല, കെ.എസ്.ചിത്ര, മാധുരി, ബ്രഹ്മാനന്ദൻ, എസ്. ജാനകി, പി.സുശീല, വാണി ജയറാം, ഉണ്ണി മേനോൻ, എം.ജി.ശ്രീകുമാർ തുടങ്ങി എത്രയോ ഗായകരുടെ പാട്ടുകൾക്ക് തന്റെ ഗിറ്റാറിൽ ഈണം നൽകിയിരിക്കുന്നു ഈ കലാകാരൻ. ചാനലുകളിലെ സംഗീത പരിപാടികളിൽ ഗിറ്റാർ വായിക്കുമ്പോൾ ഗായകൻ എം.ജി ശ്രീകുമാറും സംഗീത സംവിധായൻ എം.ജയചന്ദ്രനും ഉൾപ്പെടെയുള്ളവർ ജോസ് തോമസിന്റെ കഴിവുകളെ
കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നത് കാണാം. ”സെൽഫ് മെയിഡ് മ്യുസിഷൻ” എന്നാണ് ജോസ് തോമസിനെ ഒരിക്കൽ ജയചന്ദ്രൻ വിശേഷിപ്പിച്ചത്
പാലായിൽ നിന്ന് തിരുവനന്തപുരം സംഗീത കോളേജിലേക്ക്
പാലായിലെ പൂഞ്ഞാർ ചേന്നാട് പുത്തൂർ കുടുംബത്തിലാണ് ജോസ് തോമസിന്റെ ജനനം. അച്ഛൻ പരേതനായ തോമസ്. അമ്മ മേരീ തോമസ്.ആറ് മക്കളിൽ ഇളയവനായ ജോസ് വീട്ടിലെ സംഗീത ഉപകരണങ്ങൾ കണ്ടും വായിച്ചുമാണ് വളർന്നത്. വീട് തന്നെയാണ് ആദ്യ സംഗീത പാഠശാല.അമ്മ പാട്ടു പാടും. മൂത്ത ജ്യേഷ്ഠൻ മാത്യു വയലിൻ വായിക്കും. സഹോദരന്മാരായ ഫാദർ സെബാസ്റ്റ്യൻ പുത്തൂർ ഹാർമോണിസ്റ്റും തോമസുകുട്ടി തബലിസ്റ്റുമാണ്. സഹോദരിമാരായ സിസ്റ്റർ ജോർജിയയും ആൻസി മരിയയും നന്നായി പാടും.
സ്ക്കൂൾ കോളേജ് കാലത്ത് പാടുകയും ഹാർമോണിയം വായിക്കുകയും ചെയ്തിരുന്ന ജോസിനെ അച്ഛൻ പ്രീഡിഗ്രിക്കു ശേഷം തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ ചേർത്തു. നാലു വർഷത്തെ ഗാന ഭൂഷണം കോഴ്സിനിടയിൽ തിരുവനന്തപുരത്ത് എം.ജെ. മൈക്കിൾ എന്ന പ്രസിദ്ധ ഗിറ്റാറിസ്റ്റിന്റെ അടുത്തു പോയി പഠിച്ചു. കോഴ്സ് പാസായ ഉടൻ പട്ടത്ത് സിംഫണി ഓർക്കസ്ട്രയിൽ ചേർന്നു. പാട്ടുകാരനാവാൻ പോയി അവസാനം സ്വന്തം പ്രയത്നത്തിലൂടെ ഗിറ്റാറിസ്റ്റായി മാറിയ കഥയാണ് ജോസ് തോമസിന്റേത്.
ശാസ്ത്രീയ സംഗീതം ഉപേക്ഷിച്ച് ഗിറ്റാറിൽ തിളങ്ങാനായിരുന്നു നിയോഗം. എന്നാൽ അവസരം കിട്ടുമ്പോൾ പാടുകയും ചെയ്യും. ബാലഭാസ്ക്കർ ഉറ്റ സുഹൃത്തായിരുന്നു. ചെറുപ്പം മുതലേ അറിയാം. ബാലഭാസ്ക്കറിന്റെ പല ആല്ബങ്ങള്ക്കും സംഗീതം നൽകാൻ സഹായിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിലും ഗിറ്റാർ വായിച്ചിട്ടുണ്ട്.
നാദബ്രഹ്മം ഓർക്കസ്ട്രയുടെ പിറവി
1991 ൽ ജോസ് അടക്കം നാലുപേർ ചേർന്ന് വെള്ളയമ്പലത്ത് നാദബ്രഹ്മം അക്കാദമി ഓഫ് ഫൈൻ ആർട്സ് എന്ന സ്ഥാപനം തുടങ്ങി. ജോമോൻ (വയലിൻ), റെന്നി (റിഥം പ്രോഗ്രാമർ ), റെജി എന്നിവരായിരുന്നു ഒപ്പം. കെ.പി.ഉദയഭാനുവിന്റെ നേതൃത്വത്തിൽ “ഓൾഡ് ഈസ് ഗോൾഡ് ” എന്ന ഗാനമേള ട്രൂപ്പ് തിളങ്ങുന്ന കാലമായിരുന്നു അന്ന്
ഇതിനിടെ ഉദയഭാനു ഓർക്കസ്ട്ര നാദബ്രഹ്മത്തെ ഏൽപ്പിച്ചു. പിന്നീടങ്ങോട് നാദബ്രഹ്മത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നുവെന്ന് ജോസ് തോമസ് പറയുന്നു. കമുകറ പുരുഷോത്തമൻ,പി ലീല, ജിക്കി, സി. ഒ ആന്റോ, പി.സുശീല ഇങ്ങിനെ ഒട്ടേറെ ഗായകർ പാടിയിരുന്ന “ഓൾഡ് ഈസ് ഗോൾഡ് ” പരിപാടിയുമായി ഞങ്ങൾ ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ കറങ്ങി. അമേരിക്ക, കാനഡ, സ്വിറ്റ്സർലന്റ്, ജർമ്മനി, ഇറ്റലി, ഫ്രാൻസ് എന്നിങ്ങനെ മിക്ക രാജ്യങ്ങളിലും പത്തു വർഷത്തോളം പരിപാടി അവതരിപ്പിച്ചു. ഇതിനിടയിൽ 1996 മുതൽ ദേവരാജൻ മാഷിന്റെ സംഗീത
2004 ൽ രണ്ടുതവണ കെ.എസ്.ചിത്രയുടെയും പി.ജയചന്ദ്രന്റെയും ഗാനമേളക്കൊപ്പം അമേരിക്കയിൽ പോയി പല സ്ഥലത്തും പരിപാടികൾ അവതരിപ്പിച്ചു.
അമേരിക്കയിൽ സംഗീത അധ്യാപകൻ
അമേരിക്കയിൽ നിന്ന് തിരിച്ചു വന്നപ്പോൾ പല സുഹൃത്തുക്കളും അങ്ങോട്ട് ക്ഷണിച്ചു.അങ്ങിനെ വീണ്ടും പോയി അറ്റ്ലാലാന്റയിൽ സ്ഥിരതാമസമാക്കി നാല് സ്ക്കൂളുകളിൽ സംഗീതാധ്യാപകനായി. ഇതിനിടയിൽ ഗാനമേളകളിലും പങ്കെടുത്തു. ഈ സമയത്താണ് യേശുദാസിന്റെ ഗാനമേളയിൽ ഗിറ്റാർ വായിച്ചത്.
ഇന്ത്യയിൽ നിന്ന് വരുന്ന സംഗീത ട്രൂപ്പുകളിലെല്ലാം ഈ കാലത്ത് ഗിറ്റാർ വായിച്ചത് ജോസ് തോമസായിരുന്നു. അറ്റ്ലാന്റയിൽ സംഗീത ജീവിതം ആസ്വദിച്ചു. മലയാളികളുടെ എല്ലാ സഹായവും ഉണ്ടായി. അവിടെ സൗജന്യമായി താമസ സൗകര്യം ഒരുക്കി തന്ന് കാറു പോലും സമ്മാനിച്ച തിരുവനന്തപുരം സ്വദേശിയായ ഷാജി ഫെർണാണ്ടസിനെ ഒരിക്കലും മറക്കാൻ കഴിയില്ല – ജോസ് തോമസ് പറഞ്ഞു.
ടാലന്റ് സ്ക്കൂൾ ഓഫ് മ്യൂസിക്
2010 തിരിച്ചു വന്ന് തിരുവനന്തപുരത്ത് പേരൂർകടയിലെ വീട്ടിൽ തന്നെ റെക്കോഡിങ്ങ് സ്റ്റുഡിയോ തുടങ്ങി കുട്ടികളെ പരിശീലിപ്പിച്ചു. പിന്നീട് ടാലന്റ് സ്ക്കൂൾ ഓഫ് മ്യൂസിക് എന്ന സ്ഥാപനം തുടങ്ങി. കുട്ടികളുടെ കഴിവ് കണ്ടെത്തി ഉപകരണസംഗീതത്തിൽ പരിശീലനം നൽകുകയാണിവിടെ. കുട്ടികളുടെ ഓർക്കസ്ട്രയും ഇവിടെയുണ്ട്. ഇപ്പോൾ രണ്ടു വർഷമായി എറണാകുളത്താണ്. ഫ്ലവേഴ്സ് ടി.വി.യിലെ
ടോപ്പ് സിംഗറിന്റെ ഓർക്കസ്ട്രയിലുണ്ട്. വൈറ്റില ടോക്ക് – എച്ച് സ്ക്കൂളിനടുത്ത് ടാലന്റ് സ്ക്കൂൾ ഓഫ് മ്യൂസിക്കിന്റെ ശാഖ ഉടൻ തന്നെ തുടങ്ങും. ഈ സംഗീത യാത്രയ്ക്കിടയിൽ മലയാള ചലച്ചിത്ര മേഖലയിലെ എല്ലാ ഗാായകരോടൊപ്പവും പ്രവർത്തിക്കാനായതിൽ വളരെയേറെ സന്തോഷം തോന്നുന്നു.
കുറച്ചു കാലം ദേവരാജൻ മാഷിന്റെ സഹായിയാകാൻ കഴിഞ്ഞതും ദക്ഷിണാമൂർത്തി,രാഘവൻ മാഷ്, എം. കെ.അർജുനൻ, കെ പി.ഉദയഭാനു, കമുകറ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്നതായും ജോസ് തോമസ് പറഞ്ഞു.
മിനിക്കുട്ടി ജോസാണ് ഭാര്യ. മൂത്ത മകൻ അമൽ കീബോഡ് പ്ലെയറാണ്. ഇപ്പോൾ തൃപ്പുണിത്തുറ ആർ. എൽ.വി. സംഗീത കോളേജിൽ സംഗീത വിദ്യാർത്ഥിയാണ്. രണ്ടാമത്തെ മകൻ എമിൽ സബ് ജോസ് ഗിറ്റാറിൽ പല സമ്മാനങ്ങളും നേടിയിട്ടുണ്ട്. ലോക്ഡൗണിൽ എന്തെങ്കിലും ജീവകാരുണ്യ പ്രവർത്തനം നടത്തണമെന്ന ആഗ്രഹത്തിലാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണം
നടത്താൻ തീരുമാനിച്ചതെന്ന് ജോസ് തോമസ് പറഞ്ഞു. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഇരുന്നൂറോളം കലാകാരന്മാർക്ക് കിറ്റുകൾ എത്തിച്ചു കഴിഞ്ഞു. മ്യൂസിക്കൽ വേൾഡ് എന്ന വാട്സാപ്പ് കൂട്ടായ്മയുടെ സഹായത്തോടെയാണ് ഇത് നടത്തുന്നത്. ഇത് തൃശ്ശൂർ ജില്ല വരെ വ്യാപിപ്പിക്കാനുള്ള പ്രവർത്തനം നടക്കുകയാണ്.