സിനിമാ ഗാനങ്ങളിൽ ദേവതാരു പൂത്തകാലം
JORDAYS DESK
ദേവതാരു പൂത്തു എൻ മനസ്സിൽ താഴ് വരയിൽ… എന്ന എക്കാലത്തേയും സൂപ്പർ ഹിറ്റ് ഗാനം മൂളാത്ത മലയാളികളുണ്ടാകില്ല. 1980- 90 കളിൽ എക്കാലത്തും ഓർക്കുന്ന ഒരു പിടി പാട്ടുകൾ മലയാള സിനിമയ്ക്ക് നൽകിയ ചുനക്കര രാമൻകുട്ടി ഇനി ഓർമ്മ. ചുനക്കര നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ നമ്മളിൽ നിന്ന് ഒരിക്കലും അകലില്ല. മലയാളികളുടെ മനസ്സിൽ കുടിയേറിയ പാട്ടുകളാണ് അദ്ദേഹത്തിന്റേത്.
സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരുമോ…., ഹൃദയ വനിയിലെ ഗായികയോ…, ശ്യാമമേഘമേ നീ യദുകുല ദേവദൂതുമായ് വാ… പാതിരാ താരമേ സ്നേഹ പൂക്കൾ ഞാൻ ചോദിച്ചു… ദേവീ നിൻ രൂപം ശിശിരമാസ കുളിർ രാവിൽ…. ഈ നീലരാവിൽ… തുടങ്ങി ഒട്ടേറെ മനസ്സിൽ തങ്ങുന്ന പാട്ടുകൾ അദ്ദേഹം മലയാളത്തിനു നൽകി.1977 ൽ തുടങ്ങിയ ചുനക്കരയുടെ ഗാനസപര്യ രണ്ട് പതിറ്റാണ്ട് നീണ്ടു. ആലപ്പുഴ ജില്ലയിലെ ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനിച്ച അദ്ദേഹം പന്തളം എൻ.എസ്.എസ്.കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദമെടുത്ത ശേഷമാണ് സർക്കാർ ഉദ്യോഗസ്ഥനായി 1958ൽ തിരുവനന്തപുരത്തെത്തുന്നത്.
വ്യവവസായ വാണിജ്യ വകുപ്പിലായിരുന്നു ജോലി. തിരുമലയിലെ അദ്ദേഹത്തിന്റെ ‘രേണുക ‘ എന്ന വീട് അക്കാലത്ത് കലാ- സാഹിത്യകാരമാരുടെ സംഗമ വേദി കൂടിയായിരുന്നു. ചങ്ങമ്പുഴ, ഇടപ്പള്ളി, വള്ളത്തോൾ കവിതകളിൽ ആകൃഷ്ടനായ രാമൻകുട്ടി സ്ക്കൂൾ കാലത്തു തന്നെ കവിതകൾ എഴുതിയിരുന്നു. സ്ക്കൂളിലെ മലയാളം അധ്യാപകൻ കവിതകൾ കണ്ട് നിന്നിലൊരു കവി വളരുന്നുണ്ട് എന്ന് അഭിപ്രായപ്പെട്ടത് കവിതയെഴുത്തിന് ശക്തി പകർന്നു. സാമൂഹ്യ പ്രവർത്തകനായിരുന്ന ജ്യേഷ്ഠൻ നാട്ടിലെ ലൈബ്രറിയുടെ സെക്രട്ടറിയായിരുന്നു. അദ്ദേഹം ധാരാളം കവിതാ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുവന്ന് കൊടുത്തു.
അദ്ദേഹത്തിനൊപ്പം പോയി കെ.പി.എ.സി നാടക കമ്പനിയിൽ പാട്ടുകൾ സംഗീതം ചെയ്യുന്നത് കാണാൻ ഭാഗ്യം കിട്ടി. ഇക്കാലത്ത് ജനയുഗം, മലയാള രാജ്യം തുടങ്ങിയ ആഴ്ചപ്പതിപ്പുകളിൽ കവിതകൾ പ്രസിദ്ധീകരിച്ചു. പല നാടക സമിതികൾക്കുകു വേണ്ടിയും നാടകങ്ങളും ഗാനങ്ങളും എഴുതി. 1977 ൽ സംവിധായകൻ കെ.കെ.ചന്ദ്രന്റെ “ആശ്രമം” എന്ന സിനിമയ്ക്കു വേണ്ടി ആദ്യമായി പാട്ടെഴുതി. “അപ്സര കന്യകേ… അപ്സര കന്യകേ … എന്ന ആ ഗാനം എം.കെ.അർജുനന്റെ സംഗീതത്തിൽ ജയചന്ദ്രനാണ് പാടിയത്. തിരുവനന്തപുരത്ത് വന്ന് വഴുതക്കാടാണ് ആദ്യം താമസിച്ചത്. പി.ഗംഗാധരൻ നായർ, ടി.എൻ.ഗോപിനാഥൻ നായർ ,ജഗതി എൻ.കെ.ആചാരി, കെ.ജി.സേതുനാഥ്, എസ്.രാമൻകുട്ടി നായർ എന്നിവരുമായുള്ള സൗഹൃദം ചുനക്കരയെ ആകാശവാണിയുമായി അടുപ്പിച്ചു.അങ്ങിനെ 1958-62 കാലഘട്ടത്തിൽ ഒട്ടേറെ റേഡിയോ നാടകങ്ങളും ലളിത ഗാനങ്ങളും കൃസ്തീയ ഭക്തിഗാനങ്ങളും എഴുതി.
എം.ജി.രാധാകൃഷ്ണൻ ,കെ.പി.ഉദയഭാനു എന്നിവരിലൂടെ എല്ലാ ഗാനങ്ങളും റേഡിയോ ആസ്വാദകർക്ക് പ്രിയപ്പെട്ടതായി .ഇക്കാലത്ത് പല പ്രൊഫഷണൽനാടക സമിതികൾക്കു വേണ്ടിയും നാടകങ്ങളും എഴുതി.പിന്നീട് സിനിമകൾക്ക് പാട്ടെഴുതാൻ തുടങ്ങി.ഏഴ് സിനിമകൾക്ക് വേണ്ടി എഴുതിയ പാട്ടുകൾ ഹിറ്റായെങ്കിലും സിനിമകൾ ഓടിയില്ല. ട്യൂണിനൊത്ത് പാട്ടെഴുതുന്ന ശൈലിയായിരുന്നു അന്ന്. അങ്ങിനെ വീണ്ടും കവിതയെഴുത്തും ആകാശവാണി പാട്ടുകളുമായി കഴിഞ്ഞു. അതിനിടെ അരോമാ മൂവീസിന്റെ “ഒരു തിര പിന്നെയും തിര ” എന്ന സിനിമയിൽ പാട്ടെഴുതി ഹിറ്റായി. ഒരു തിര പിന്നെയും തിര… ദേവീ നിൻ രൂപം ശിശിരമാസ കുളിർ രാവിൽ …. തുടങ്ങിയ പാട്ടുകൾ ആസ്വാദകർ ഏറ്റെടുത്തു. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എല്ലാ ചിത്രങ്ങളിലെ പാട്ടുകളും മലയാളികൾക്ക് പ്രിയപ്പെട്ടതായി. പ്രിയദർശൻ സംവിധാനം ചെയ്ത മിക്ക സിനിമകൾക്കു വേണ്ടിയും പാട്ടെഴുതി. കുയിലിനെത്തേടി, എങ്ങിനെ നീ മറക്കും, എന്റെ കളിത്തോഴൻ, പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ഒന്നാനാം കുന്നിൽ ഒരടിക്കുന്നിൽ ,മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുനു, ചേക്കേറാാനൊരു ചില്ല, ഇരുപതാം നൂറ്റാണ്ട്, കോട്ടയം കുഞ്ഞച്ഛൻ തുടങ്ങിയ സിനിമകളിലെ പാട്ടുകൾ സൂപ്പർ ഹിറ്റായി.അതോടെ ചുനക്കര – ശ്യാം ടീം മലയാള സിനിമയിലെ അഭിവാജ്യഘടകമായി. പ്രണയഗാനങ്ങൾക്കു പുറമെ ഹാസ്യ ഗാനങ്ങളും ചുനക്കരയുടെ തൂലികയിൽ പിറന്നു. സാജൻ സംവിധാനം ചെയ്ത “കണ്ടു കണ്ടറിഞ്ഞു ” എന്ന ചിത്രത്തിലെ “നീയറിഞ്ഞോ മേലേ മാനത്ത് ” എന്ന ഗാനം മോഹൻലാലും മാളാ അരവിന്ദനും ചേർന്നാണ് പാടിയത്.
ദർശൻ രാമൻ, എം.ജി.രാധാകൃഷ്ണൻ, വിദ്യാസാഗർ, രഘുകുമാർ തുടങ്ങിയ സംഗീത സംവിധായകരിലൂടെയും ചുനക്കരയുടെ പാട്ടുകൾ പിറന്നു. കോട്ടയം കുഞ്ഞച്ഛൻ എന്ന ചിത്രത്തിനായി “എഴുതിയ ഹൃദയവനിയിലെ ഗായികയോ ” എന്ന പാട്ട് കമ്പോസ് ചെയ്യുമ്പോൾ നടൻ മമ്മൂട്ടിയും ഒപ്പമുണ്ടായിരുന്നത് ചുനക്കര പല അഭിമുഖങ്ങളിലും പറയുമായിരുന്നു. സിനിമാ പാട്ടെഴുത്ത് കുറഞ്ഞപ്പോൾ കവിതാ സമാഹാരങ്ങളും നോവലും നാടകങ്ങളും അദ്ദേഹം പുറത്തിറക്കിയിരുന്നു.