‘കുറ്റവും ശിക്ഷയും’ നാടകത്തിൽ അവർ അണിനിരന്നപ്പോൾ
കഥ നടക്കുന്നത് യമധർമ്മന്റെ കോടതിയിലാണ്. മരിച്ച ശേഷം നരകത്തിലെത്തിച്ചേരുന്ന കുറേപ്പേരെ യമധർമ്മനും കൂട്ടരും ചേർന്ന് വിചാരണ ചെയ്യുന്നതും കുറ്റം കണ്ടെത്തി അതിക്രൂരമായ ശിക്ഷകൾ വിധിക്കുന്നതുമൊക്കെയായി വളരെ രസകരമായി നാടകം മുന്നോട്ടുപോകുന്നു.
ഓരോ കുറ്റവാളിയുടെയും സ്വഭാവ സവിശേഷതകളും സംഭാഷണങ്ങളുമൊക്കെയായിരുന്നു നാടകത്തിന്റെ ഹൈലൈറ്റ്. അവരെ അവതരിപ്പിച്ച പ്രഗത്ഭ നടീനടന്മാരുടെ ഗംഭീര പെർഫോമൻസും!യമധർമ്മന്റെ വേഷത്തിൽ നാടകത്തിൽ ആദ്യന്തം പ്രത്യക്ഷപ്പെടുന്നത് കൊട്ടാരക്കര ശ്രീധരൻ നായരാണ്. യമന്റെ കണക്കപ്പിള്ളയായ ചിത്രഗുപ്തനും (മുതുകുളം രാഘവൻ പിള്ള) ഗുമസ്തനായ ചണ്ഡികേശ്വരനും (ബഹദൂർ) നാടകത്തിലുട നീളമുണ്ട്. നരകത്തിലേക്ക് വന്നെത്തുന്നവരെ ഓരോരുത്തരെയായി സഭയി ലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് യമ ദൂതന്മാരായ ഘണ്ഡാകർണ്ണനും (എസ്.പി.പിള്ള) മരണകണ്ഠനും ( ജോസ് പ്രകാശ് ) ചേർന്നാണ്.
കള്ളക്കടത്തും കള്ളനോട്ടടിയും നടത്തുന്ന ബിസിനസ്സുകാരനായ മത്തായി(മുത്തയ്യ) യാണ് ആദ്യം വരുന്നത്. തിക്കുറിശ്ശി വേഷമിടുന്ന അഴിമതിക്കാരനായ എം.എൽ.എ, പാലിൽ വെള്ളം ചേർക്കാൻ വേണ്ടി ഒരു കുളം മുഴുവനും വറ്റിച്ചുകളഞ്ഞ ഭഗവതിയമ്മ എന്ന പാൽക്കച്ചവടക്കാരി (അടൂർ പങ്കജം ), കള്ളച്ചാരായം വാറ്റുന്ന രാം കുമാർ (കോട്ടയം ചെല്ലപ്പൻ ), കൈക്കൂലിക്കാരിയും അത്യാഗ്രഹിയുമായ ലേഡി ഡോക്ടർ (അംബിക), ചാൻസ് കൊടുക്കാമെന്നു പറഞ്ഞ് പെൺകുട്ടികളെ പീഡിപ്പിക്കുന്ന സിനിമാ പ്രൊഡ്യൂസർ (കെ. പി. ഉമ്മർ ) എന്നിവരാണ് തുടർന്ന് വിചാരണ ചെയ്യപ്പെടുന്നവർ.
സാമൂഹ്യ പ്രവർത്തനത്തിന്റെ പേരിൽ ആളുകളെ പറ്റിക്കുന്ന ലക്ഷ്മിക്കുട്ടിയായി സുകുമാരിയും ആട്ടിറച്ചിക്ക് പകരം പട്ടിയിറച്ചി വിൽക്കുന്ന ഹോട്ടൽനടത്തിപ്പുകാരനായി പി.എ. തോമസുമാണ് അഭിനയിച്ചത്. അന്നത്തെ ഏറ്റവും വലിയ നായകനടനായിരുന്ന സത്യൻ അഭിനയിച്ച റോളിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. യമധർമ്മന്റെ സാന്നിധ്യത്തിൽ പോലും താനറിയാതെ പോക്കറ്റടിച്ചു പോകുന്ന ഒരു പരമ കള്ളൻ !
അന്നത്തെ സ്ഥിരം പ്രണയ ജോഡിയായ പ്രേംനസീറിനും ഷീലയ്ക്കും വേണ്ടി ആന്റണിയൊരുക്കിയത് ഏറ്റവും അനുയോജ്യമായ വേഷങ്ങളാണ്. പ്രേമനൈരാശ്യം മൂലം ഒറ്റക്കയറിൽ തൂങ്ങി മരിച്ച കാമുകി കാമുകന്മാരായ സുശീലയും ഹരീന്ദ്രനും. കഥാപ്രസംഗം നടത്തി ആളുകളെ ദ്രോഹിക്കുന്ന പപ്പു എന്ന പെരുവഴിയുടെ റോളിൽ പാട്ടും കഥാപ്രസംഗവുമൊക്കെയായി സിനിമയിലെപ്പോലെ നാടകത്തിലും അടൂർ ഭാസി അരങ്ങു തകർത്തു .
ഇവർക്കെല്ലാം പിന്നാലെ സഭ യിലേക്ക് പിടിച്ചു കൊണ്ടുവരുന്ന ചൈനീസ് പട്ടാള ഉദ്യോഗസ്ഥനെ (ജി.കെ.പിള്ള ) വിചാരണയൊന്നും കൂടാതെ നാലായി മുറിച്ച് നരകത്തിന്റെ നാലുഭാഗങ്ങളിലും കെട്ടിത്തൂക്കാനായിരുന്നു യമധർമ്മന്റെ കല്പന. ഏറ്റവും ഒടുവിൽ യമസന്നിധി യിലെത്തുന്നത് യുദ്ധത്തിൽ കൊല്ലപ്പെട്ട അബ്ദു റഹ്മാൻ എന്ന ഇന്ത്യൻ പട്ടാളക്കാരനാണ്. ആ വേഷത്തിൽ അഭിനയിച്ചത് അന്നത്തെ യുവ നായകനായ മധുവാണ്. അബദ്ധവശാൽ എങ്ങനെയോ നരകത്തിൽ എത്തിപ്പെട്ടുപോയ ആ വീര ജവാനെ യമധർമ്മൻ സർവ ബഹുമതികളോടും ആഡംബരത്തോടും കൂടി പുഷ്പക വിമാനത്തിൽ കയറ്റി സ്വർഗത്തിലേക്ക് അയക്കാൻ കല്പന നൽകുന്നിടത്താണ് ‘കുറ്റവും ശിക്ഷയും’ നാടകം അവസാനിക്കുന്നത്.
ഇന്നത്തെ പോലെ ടി.വി ചാനലുകളും സിനിമാ താരങ്ങളുടെ സംഘടനകളും സ്റ്റേജ് ഷോ കളുമൊന്നുമില്ലാത്ത കാലമായിരുന്നല്ലോ അത്. സിനിമാതാരങ്ങൾ അഭിനയിക്കുന്ന നാടകമെന്നൊക്കെ പറയുന്നതാകട്ടെ അപൂർവങ്ങളിൽ അപൂർവമായ സംഭവവും. അക്കാരണം കൊണ്ടുതന്നെ നാടകം കാണാനുള്ള പാസ്സിന് വേണ്ടി ഉന്നത തലങ്ങളിൽ വരെ ഭയങ്കര ഡിമാൻഡായിരുന്നുവത്രെ.
1966 ജനുവരിയിൽ കൊല്ലത്ത് നാടകം നടന്നപ്പോൾ അച്ഛനോടൊപ്പം നാടകം കാണാൻ പോകാനുള്ള നറുക്ക് വീണത് എന്റെ എട്ടു വയസ്സുകാരിയായ ചേച്ചി ബീനയ്ക്കും അമ്മയുടെ അനുജത്തിയും അന്നത്തെ പ്രീഡിഗ്രി ക്കാരിയുമായ രാജേശ്വരി (രാജി ശ്രീകുമാരൻ തമ്പി) ക്കുമാണ്. ചെറിയ കുട്ടികളായ എന്നെയും അനിയനെയും കൊണ്ട് അമ്മ വീട്ടിലിരുന്നു.
നാടകത്തിലെ രസകരമായ ഓരോ കഥാപാത്രത്തെയും സന്ദർഭങ്ങളെയും കുറിച്ച് സത്യനെയും നസീറിനെയും ഷീലയെയുമൊക്കെ ‘ജീവനോടെ’ കണ്ടതിനെ കുറിച്ച്. ‘ബി’ എന്നു ഞാൻ വിളിക്കുന്ന എന്റെ ചേച്ചി എത്രയെത്ര തവണയാണ് ഈ കഥകളൊക്കെ വിസ്തരിച്ചു പറഞ്ഞ് എന്നെ അസൂയപ്പെടുത്തിയിരിക്കുന്നത് ! ഫേസ് ബുക്കിൽ ഈ ചിത്രം കണ്ടയുടൻ തന്നെ എന്നെ വിളിച്ച രാജിച്ചേച്ചി ആ ദിവസത്തിന്റെ വിശേഷങ്ങളൊക്കെ ഒന്നുകൂടി ഓർമ്മിച്ചെടുത്തു.
‘കുറ്റവും ശിക്ഷയും’ നാടകം കണ്ട ഓർമ്മകളുമായി എന്റെ അറിവിൽ മറ്റൊരാൾ കൂടി ജീവിച്ചിരിപ്പുണ്ട്. അന്ന് ഒരു കോളേജ് വിദ്യാർത്ഥിയായിരുന്ന സി. ആർ. ഓമനക്കുട്ടൻ.അടുത്ത ബന്ധുവായ നടൻ കോട്ടയം ചെല്ലപ്പൻ കൊടുത്ത പാസുമായി നാടകം കാണാൻ പോയതും അതിനുശേഷം കോട്ടയം ടി.ബിയിൽ വെച്ച് കൊട്ടാരക്കരയെയും അടൂർ ഭാസിയെയും മറ്റും കണ്ടതുമൊക്കെ ഓമനക്കുട്ടൻചേട്ടൻ തന്റെ അനുഭവസ്മരണകളിൽ രസകരമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
യേശുദാസ്, മധു, അടൂർ ഭാസി, കോട്ടയം ചെല്ലപ്പൻ, പി.എ.തോമസ്, തിക്കുറിശ്ശി, മുതുകുളം രാഘവൻപിള്ള, എസ്.പി.പിള്ള, പ്രേംനസീർ, കൊട്ടാരക്കര ശ്രീധരൻ നായർ, ജി. കെ.പിള്ള, ഷീല, പി.ഭാസ്ക്കരൻ, അംബിക, കെ. പി ഉമ്മർ, ജോസ് പ്രകാശ്, സുകുമാരി, അടൂർ പങ്കജം, സത്യൻ, എസ്. ജാനകി, ബഹദൂർ തുടങ്ങിയവരാണ് ഫോട്ടോയിലുള്ളത്.
A really interesting memory.