‘കേരളീയം 2023’ന്റെ ഭാഗമായി ചലച്ചിത്രമേള സംഘടിപ്പിക്കും

നവംബർ രണ്ടു മുതൽ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയേറ്ററുകളിലാണ് ചലച്ചിത്രമേള
 
ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും

നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന ‘കേരളീയം 2023’ ന്റെ ഭാഗമായി ചലച്ചിത്ര അക്കാദമി  ചലച്ചിത്രമേള സംഘടിപ്പിക്കും. കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയേറ്ററുകളിലാണ് ചലച്ചിത്രമേള നടത്തുന്നത്. നവംബർ രണ്ടു മുതൽ ആറുദിവസം മേളയിൽ തൊണ്ണൂറോളം മലയാള സിനിമകൾ പ്രദർശിപ്പിക്കും.

മലയാളത്തിലെ ക്ലാസിക് സിനിമകൾ വലിയ സ്‌ക്രീനിൽ കാണാൻ പുതിയ തലമുറയ്ക്ക് ലഭിക്കുന്ന അപൂർവ അവസരംകൂടിയാണ് ഇത്. ഡിജിറ്റൽ റെസ്റ്റോറേഷൻ ചെയ്ത അഞ്ചു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഓളവും തീരവും, യവനിക, വാസ്തുഹാര, തമ്പ്, കുമ്മാട്ടി എന്നീ ചിത്രങ്ങളുടെ ശബ്ദവും ദൃശ്യവും മെച്ചപ്പെടുത്തി പുനരുദ്ധരിച്ച ഏറ്റവും മിഴിവാർന്ന പ്രിന്റുകളാണ് പ്രദർശിപ്പിക്കുക.

ക്ലാസിക് ചിത്രങ്ങൾ, ജനപ്രിയ ചിത്രങ്ങൾ, കുട്ടികളുടെ ചിത്രങ്ങൾ, സ്ത്രീപക്ഷ സിനിമകൾ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. കൈരളിയിൽ ജനപ്രിയ ചിത്രങ്ങൾ, ശ്രീയിൽ അവാർഡ് ലഭിച്ച ക്ലാസിക് ചിത്രങ്ങൾ, നിളയിൽ കുട്ടികളുടെ ചിത്രങ്ങൾ, കലാഭവനിൽ വനിതകളുടെ ചലച്ചിത്രങ്ങൾ എന്നിവയാണ് പ്രദർശിപ്പിക്കുക.

ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ആദ്യം എത്തിച്ചേരുന്നവർക്ക് ഇരിപ്പിടം എന്ന അടിസ്ഥാനത്തിലായിരിക്കും തിയേറ്ററിലേക്ക് പ്രവേശനം അനുവദിക്കുക. ഒരു ദിവസം ഒരു തിയേറ്ററിൽ നാലു പ്രദർശനങ്ങൾ ഉണ്ടായിരിക്കും. രാവിലെ 9.30 മുതൽ പ്രദർശനം ആരംഭിക്കും.

ക്ലാസിക്കുകളുടെ വിഭാഗത്തിൽ ചെമ്മീൻ, നിർമ്മാല്യം, എലിപ്പത്തായം, പിറവി, സ്വപ്നാടനം, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, കബനീനദി ചുവന്നപ്പോൾ, പ്രയാണം, പൊന്തൻമാട തുടങ്ങിയ 22 സിനിമകൾ പ്രദർശിപ്പിക്കും. വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ വിഭാഗത്തിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ നിർമ്മിച്ച ഡിവോഴ്സ്, നിഷിദ്ധോ, ബി 32 മുതൽ 44 വരെ, നിള, ഷീല സംവിധാനം ചെയ്ത യക്ഷഗാനം എന്നിവയും സ്ത്രീപക്ഷ സിനിമകളായ ആദാമിന്റെ വാരിയെല്ല്, നവംബറിന്റെ നഷ്ടം, മങ്കമ്മ, പരിണയം, ഒഴിമുറി തുടങ്ങിയ സിനിമകളും പ്രദർശിപ്പിക്കും.

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രങ്ങളുടെ വിഭാഗത്തിൽ അനുഭവങ്ങൾ പാളിച്ചകൾ, തച്ചോളി അമ്പു, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ഒരു വടക്കൻ വീരഗാഥ, ഗോഡ് ഫാദർ, മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത്, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. 2022ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ പല്ലൊട്ടി 90സ് കിഡ്സ്, ന്യൂസ് പേപ്പർ ബോയ്, കുമ്മാട്ടി, മൈ ഡിയർ കുട്ടിച്ചാത്തൻ, മനു അങ്കിൾ, 101 ചോദ്യങ്ങൾ, ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ തുടങ്ങി 22 സിനിമകൾ കുട്ടികളുടെ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *