ദേശീയ കാർഷിക ചലച്ചിത്രമേളയിൽ ‘ബ്രാവോ ബനാന’യ്ക്ക് അവാർഡ്
ഹൈദരാബാദിലെ നാഷണൽ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ (മാനേജ്) ദേശീയ കാർഷിക ചലച്ചിത്രമേള സംഘടിപ്പിച്ചു. ഹൈദരാബാദിൽ നടന്ന സമാപന സമ്മേളനത്തിൽ കർണാടക കൃഷിമന്ത്രി ബി.സി. പാട്ടീൽ മുഖ്യാതിഥിയായി.
ഇന്ത്യയിൽ ആദ്യമായാണ് കൃഷി ഫിലിമുകൾക്ക് മാത്രമായി ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഇരുപത് സംസ്ഥാനങ്ങളിൽ നിന്നുള്ള 273 ഫിലിമുകളാണ് മേളയിൽ മത്സരിച്ചത്. ഇന്ത്യയിലെ കാർഷിക യൂണിവേഴ്സിറ്റികൾ, ഐ.സി.എ.ആർ. സ്ഥാപനങ്ങൾ, സംസ്ഥാന കൃഷി വകുപ്പുകൾ, കൃഷി എൻ.ജി.ഒ. കൾ,
കൃഷി പ്രൊഫഷണലുകൾ തുടങ്ങിയവർ നിർമ്മിച്ച കൃഷിഫിലിമുകൾ മേളയിൽ മാറ്റുരച്ചു.
പല തലങ്ങളിലായി 45 അംഗ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. മികച്ച ചലച്ചിത്രത്തിനുള്ള 50000 രൂപയുടെ അവാർഡ് കൃഷക് ഭാരതി കോർപ്പറേഷൻ ഹൈടെക് കൃഷിയെക്കുറിച്ച് നിർമ്മിച്ച ഡോക്യൂ ഡ്രാമയ്ക്കാണ് ലഭിച്ചത്. മൂന്ന് ജൂറി അവാർഡുകളിൽ ജി.എസ്. ഉണ്ണികൃഷ്ണൻ നായർ സംവിധാനം ചെയ്തു നിർമിച്ച ‘ബ്രാവോ ബനാന’യും ഉൾപ്പെടുന്നു.10000 രൂപ, ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങുന്നതാണ് അവാർഡ്.
കൃഷിവകുപ്പ് സ്ഥാപനമായ തിരുവനന്തപുരം ‘സമേതി’ യുടെ മുൻ ഡയറക്ടറായ ഉണ്ണികൃഷ്ണൻ നായർ തിരുവനന്തപുരം വഞ്ചിയൂർ നിവാസിയാണ്. ലോകത്തെ വാഴയിനങ്ങളെക്കുറിച്ചും അതിൻ്റെ കൃഷി രീതികളെക്കുറിച്ചുമുള്ളതാണ് ഈ ഡോക്യുമെൻ്ററി. ജൂറി അവാർഡുകൾക്ക് പുറമെ ഓരോ ഭാഷയിലെയും മികച്ച ചിത്രത്തിന് പ്രോത്സാഹന സമ്മാനമായി ട്രോഫിയും പ്രശസ്തി പത്രവും സമ്മാനിച്ചു.
മലയാളത്തിൽ അനിൽ ഒഡെസ നിർമ്മിച്ച മയ്യിൽ തരിശു നിലകൃഷിയെക്കുറിച്ചുള്ള ഡോക്യൂമെന്ററിയാണ് സമ്മാനം നേടിയത്.
തെലുഗു ഭാഷയിൽ ഈ നാട് ടെലിവിഷൻ അവാർഡ് നേടി. വിവിധ വിഭാഗങ്ങളിലായി16 അവാർഡുകൾ മന്ത്രി ബി.സി.പാട്ടീൽ സമ്മാനിച്ചു.
കർഷകർക്കിടയിൽ കൃഷിയറിവുകൾ എത്തിക്കുന്നതിൽ ദൃശ്യമാധ്യമങ്ങൾക്ക് മുഖ്യ പങ്ക് വഹിക്കാനുണ്ടെന്ന് കന്നഡയിലെ പ്രമുഖ ചലച്ചിത്ര നടൻ കൂടിയായ ബി.സി.പാട്ടീൽ പറഞ്ഞു. കർണാടകയിലെ കാർഷിക യൂണിവേഴ്സിറ്റികളിലെ സീറ്റുകളിൽ 50 ശതമാനം കർഷകരുടെ മക്കൾക്കായി മാറ്റിവെച്ച തീരുമാനം കൃഷിമന്ത്രി വെളിപ്പെടുത്തി. കർഷകരുടെ മക്കൾക്ക് ഉപരിപഠനത്തിനായി 2500 മുതൽ 11000 രൂപ വരെ സ്‌കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്.
‘മാനേജ്’ ഡയറക്ടർ ജനറൽ ഡോ. പി.ചന്ദ്രശേഖര, തെലങ്കാന വാട്ടർഷെഡ് കമ്മിഷണർ ഡോ.എം.വി.വെങ്കടേഷ്, കൃഷി ഡയറക്ടർ സി.എൻ.നന്ദിനി കുമാരി തുടങ്ങിയവർ പങ്കെടുത്തു.