വാരികകളിലെ കഥ – നോവൽ ശേഖരവുമായി സുകുമാരൻ മാഷ്
പത്തും ഇരുപതും വർഷം മുമ്പ് വാരികകളിൽ വന്ന കഥകളും നോവലുകളും സൂക്ഷിച്ചു വെച്ച് പുനർവായനയിലാണ് സുകുമാരൻ മാഷ്. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ പേക്കടം സ്വദേശിയായ എൻ. സുകുമാരൻ്റെ വീടു തന്നെ ലൈബ്രറിയാണ്. രണ്ടായിരത്തോളം പുസ്തകങ്ങളുണ്ട്. കഥകൾ, നോവലുകൾ, ലേഖനങ്ങൾ എന്നിവയുടെ വലിയ ശേഖരവും വീട്ടിലുണ്ട്. എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലത്തിൻ്റെ ശേഖരവുമുണ്ട്. ട്യൂട്ടോറിയൽ വിദ്യാഭ്യാസം പ്രചാരം നേടിയിരുന്ന കാലത്ത് തൃക്കരിപ്പൂരിലെ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട
അധ്യാപകനായിരുന്നു സുകുമാരൻ മാഷ്. ചെറുപ്പം മുതലേ വായന ഇഷ്ടമായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോഴും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകനായിരുന്നപ്പോഴും തൃക്കരിപ്പൂർ പഞ്ചായത്ത് ലൈബ്രറിയിലെ പതിവു വായനക്കാരിൽ ഒരാളായിരുന്നു സുകുമാരൻ. പത്രങ്ങളെല്ലാം അരിച്ചു പെറുക്കി വായിക്കും. വല്ല ജോലിയുടെയും പരസ്യമുണ്ടോയെന്ന് നോക്കുകയാണ് പ്രധാന ഉദ്ദേശ്യം. പുസ്തകങ്ങളും വായിക്കും. അവിടെ ലഭിക്കാത്തത് തങ്കയം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയിൽ നിന്നെടുക്കും. കോഴിക്കോട്ടെ പഠന കാലത്ത് ടൗൺഹാളിൽ നടക്കുന്ന സാഹിത്യ സമ്മേളനങ്ങളിലും സംവാദങ്ങളിലും കവിയരങ്ങുകളിലും ചർച്ചകളിലും കേൾവിക്കാരനും കാഴ്ചക്കാരനുമായിരുന്നു. എൻ.വി.കൃഷ്ണവാരിയർ , എം.ടി,
പുനത്തിൽ, എൻ.പി.മുഹമ്മദ്, ടി.പി.സുകുമാരൻ, എം.എം.ബഷീർ, തിക്കോടിയൻ തുടങ്ങിയ ഒട്ടേറെ പ്രശസ്തരുടെ സാഹിത്യ സദസ്സിന്റെ ഭാഗമാകാൻ കഴിഞ്ഞിരുന്നു. കൂടുതൽ വായിക്കാൻ ഇതൊക്കെ പ്രേരണയായി – സുകുമാരൻ പറയുന്നു. 1980 മുതൽ 2015 വരെ കണ്ണൂരും കാസർകോടും കോഴിക്കോടും അങ്ങോട്ടുമിങ്ങോട്ടും യാത്ര ട്രെയിനിലായിരുന്നു. മാതൃഭൂമി, കലാകൗമുദി വാരികകളും ഫ്രണ്ട് ലൈനും വായിക്കുമായിരുന്നു. ഒപ്പം പുസ്തകങ്ങളും. മാതൃഭൂമി, കലാകൗമുദി വാരികകളിൽ വന്നിരുന്ന നോവലുകകളുടെ പേജുകൾ മുറിച്ചെടുത്ത് പുസ്തകമായി ബൈൻഡു ചെയ്തു വെക്കുന്നത് അന്നത്തെ ശീലം. ബൈൻഡ് ചെയ്ത പുസ്തക കവറിൽ ഓരോ നോവലിന്റെയും പേര് വാരികകളിൽ പ്രിന്റ് ചെയ്ത വരുന്നതുപോലെ എഴുതി വെക്കുന്നത് മറ്റൊരു ഹോബി. അത്തരം നൂറിൽപ്പരം പുസ്തകങ്ങളുണ്ട്. എം.കൃഷ്ണൻ നായരുടെ “സാഹിത്യ വാരഫലം” കലാകൗമുദിയിൽ വന്നിരുന്നത് അതീവ
കൗതുകത്തോടെ വായിച്ചിരുന്നു. ഇതിന്റെ പേജുകൾ മുറിച്ച് ബൈൻഡ് ചെയ്ത് രണ്ട് വാള്യങ്ങളാക്കി സൂക്ഷിച്ചിട്ടുണ്ട്. സമയം ലഭിക്കുമ്പോൾ അല്പാല്പമായി ഇത് വായിക്കുന്നത് മനസ്സിനൊരു സുഖമാണ്. ഇഷ്ടപ്പെട്ട കഥാകൃത്തുക്കളുടെ ഇഷ്ടപ്പെട്ട ചെറുകഥകൾ…സേതു ,എൻ. മോഹനൻ, ഒ.വി.വിജയൻ, ആനന്ദ് , സതീഷ് ബാബു പയ്യന്നൂർ, സി.വി.ബാലകൃഷ്ണൻ , അക്ബർ കക്കട്ടിൽ, രഘുനാഥ് പലേരി തുടങ്ങി കുറെ സാഹിത്യ പ്രതിഭകളുടെ കഥകൾ ഇങ്ങനെ ശേഖരിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പത്തു വർഷം മുമ്പ് വന്ന “പ്രകൃതിപാഠം”(ജന്തുക്കളെക്കുറിച്ചുള്ള സചിത്ര ലേഖനം) കാൽപാടുകൾ (സാഹിത്യ പ്രതിഭകളെക്കുറിച്ചുള്ള സചിത്ര കുറിപ്പ് ) എന്നിവയും വാരിക പേജിൽ നിന്ന് മുറിച്ചു സൂക്ഷിച്ചിട്ടുണ്ട്. എന്തും ഏതും മൊബൈൽ
ഫോണിൽ നിമിഷ നേരം കൊണ്ട് ലഭിക്കുന്ന ഇന്നത്തെ ഡിജിറ്റൽ ലോകത്ത് പത്ര കട്ടിംഗുകൾക്കൊന്നും സ്ഥാനമില്ലെന്നറിയാം. എന്നാലും. ഇതൊക്കെ സ്വകാര്യ സ്വത്തായി കാണുന്നു – സുകുമാരൻ പറഞ്ഞു. കണ്ണൂർ എൻ.ബി.എസ്സിൻ്റെ ഹോം ലൈബ്രറി സ്കീം, പ്രഭാത് ബുക്ക്സ്, ഡി.സി ബുക്സ് എന്നിവയുടെ പദ്ധതികൾ വഴി വായിച്ച് ഇഷ്ടപ്പട്ടതും,റഫറൻസിനും വേണ്ടിയുള്ള രണ്ടായിരത്തോളംമലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുണ്ട്. ഏതാനും പുസ്തകങ്ങൾ വായിക്കാൻ നൽകിയത് തിരികെ ലഭിച്ചിട്ടില്ലെന്ന സങ്കടവുമുണ്ട്. ജനിച്ചു വളർന്ന പ്രദേശത്ത് ഒരു ലൈബ്രറി ഉണ്ടാക്കണം എന്ന ആഗ്രഹം കൂട്ടായ ശ്രമഫലമായി നടന്നു. അക്ഷര ഗ്രന്ഥാലയം എന്ന പേരിൽ ലൈബ്രറി സ്ഥാപിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്.
ലോക് ഡൗൺ കാലത്ത് പുസ്തക ശേഖരങ്ങളെല്ലാം വായിച്ച് അടുക്കി വെക്കാൻ പറ്റി. പുനർവായന സാധ്യമാകുന്നുത് സന്തോഷമുള്ള കാര്യമാണ് – സുകുമാരൻ പറയുന്നു. തൃക്കരിപ്പൂർ സൗഹൃദ ഫൈൻ ആർട്സ് സൊസൈറ്റി, കെ.എം.കെ ആർട്സ് സൊസൈറ്റി, നടക്കാവ് നെരുദ ക്ലബ്ബ്, ഉദിനൂർ എ.കെ. ജി കോച്ചിംഗ് സെന്റർ, പേക്കടം അക്ഷര ഗ്രസ്ഥാലയം, കാസർകോട് കലക് ട്രേറ്റ് എന്നിവിടങ്ങളിൽ മത്സര പരീക്ഷാ പരിശീലനത്തിൽ വ്യത്യസ്ത കാലയളവുകളിൽ സൗജന്യമായി ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകൾ കൈകാര്യം ചെയ്തിരുന്നു. തൃക്കരിപ്പൂർ ഹൈസ്ക്കൂളിലും പയ്യന്നൂർ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. കോഴിക്കോടു നിന്ന് എച്ച്.ഡി.സി കഴിഞ്ഞ് ജോലി കിട്ടി. കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസി. രജിസ്ട്രാറായാണ് വിരമിച്ചത്. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ അധ്യാപിക വി. അജിതയാണ് ഭാര്യ. ഇന്ദു, വൃന്ദ എന്നിവർ മക്കളാണ്.