ഒളിച്ചിരിക്കാനാവാത്ത കാറ്റിന്റെ വഴികളിൽ
1986-87 വിദ്യാഭ്യാസവർഷത്തിൽ ആലുവ വൈ.എം.സി.എ. ക്യാമ്പ് സൈറ്റിൽ വെച്ച് ഒരു സാഹിത്യ ക്യാമ്പ് നടന്നു. ക്യാമ്പംഗമായി ഉണ്ടായിരുന്ന മീശ മുളയ്ക്കാത്ത ഒരു പയ്യൻ ക്ലാസെടുക്കാൻ എത്തിയവരോടൊക്കെ പരിണതപ്രജ്ഞനായ ഒരു വിമർശകനെപ്പോലെ ചോദ്യങ്ങൾ ചോദിക്കുന്നതു കണ്ടു.
മുതിർന്ന എഴുത്തുകാരെപ്പോലും ‘താങ്കൾ’ എന്ന സംബോധനയിലൂടെ ചോദ്യങ്ങളിൽ കുരുക്കുന്ന ആ ധാർഷ്ട്യം ഇഷ്ടം തോന്നുന്നതായിരുന്നു. ഒരു വർഷം എന്നേക്കാൾ ജൂനിയറായ ആ തടിയൻ ചെറുക്കനെ അന്നേ സ്‌നേഹിതനാക്കിയതാണ്. മുപ്പത്തഞ്ചുവർഷങ്ങൾ പിന്നിട്ടിട്ടും അതു തുടരുന്നു.
എം.എ.കാലഘട്ടത്തിൽ മഹാരാജാസിലും പത്രപ്രവർത്തകനായി തിരുവനന്തപുരത്തും ഉണ്ടായിരുന്ന കാലങ്ങളിൽ അതിനു നിറം കൂടി. ഇപ്പോഴും അവശ്യഘട്ടങ്ങളിലെല്ലാം ശബ്ദസാന്നിധ്യമായി ഫോണിന്റെ മറുതലയ്ക്കൽ അദ്ദേഹമുണ്ട്. മാതൃഭൂമി ദിനപ്പത്രത്തിന്റെ ഡൽഹിയിലെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് മനോജ്‌മേനോൻ.
ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റുപോലെയാണ് മനസ്സിനെ താരാട്ടിയും തലോടിയും നൊമ്പരപ്പെടുത്തിയും ചിലപ്പോൾ പിടിച്ചുകുലുക്കിയും ഉയരങ്ങളിൽ നിന്ന് താഴേക്ക് തള്ളിയിട്ടും മുറിവേൽപ്പിച്ചും കടന്നുപോകുന്ന അനുഭവങ്ങൾ.
ചുറ്റുപാടും നിന്ന് അവയെ ശേഖരിച്ച് പകർത്തുന്നവർ വാർത്താലേഖകരും സ്വാംശീകരിച്ച് അനുഭവങ്ങളാക്കി പകർന്നുതരുന്നവർ സർഗ്ഗാത്മക എഴുത്തുകാരുമാണ്. ഭാഷയുടെ വശ്യമായ വിന്യാസങ്ങളിലൂടെ അത് ആവിഷ്‌കരിക്കാനും കയ്യടക്കത്തോടെ ഒരു ചലച്ചിത്രത്തിലെന്നപോലെ നമുക്കു മുമ്പിൽ ദൃശ്യാത്മകമായി ആഖ്യാനം ചെയ്യാനും ഉള്ള പ്രത്യേക സിദ്ധിവൈഭവം മനോജിനുണ്ട്.
ഇന്ത്യയുടെ ഗ്രാമാന്തരങ്ങളിലൂടെയുള്ള സഞ്ചാരവഴികൾ, മനുഷ്യസ്‌നേഹികളുടെ മനസ്സിൽ ആകുലതകൾ സൃഷ്ടിക്കുന്ന വ്യക്തിത്വങ്ങൾ, ഉറവവറ്റാത്ത പ്രചോദനങ്ങളായി നിലകൊണ്ടവർ… മനോജ് പത്രപ്രവർത്തകനായും അല്ലാതെയും ദീർഘകാലം നടന്നുപോയ
വഴികളിൽ നിന്ന് കണ്ടെടുത്ത ചില വ്യക്തികളെ,ഹൃദയസ്പർശിയായ ചില അനുഭവമുഹൂർത്തങ്ങളെ നമ്മോടു പങ്കുവയ്ക്കുകയാണ്. ‘ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത
കാറ്റ്’ എന്ന ഓർമ്മപ്പുസ്തകത്തിൽ. ഇരുപത് അധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ ആദ്യ പതിനഞ്ച് അധ്യായങ്ങൾ വ്യത്യസ്തമായ ജീവിതമേഖലകളിൽ അനുഭവസാക്ഷ്യങ്ങളായി നിൽക്കുന്ന ചിലരുടെ ചിത്രങ്ങൾ പകർന്നുതരുന്നു.
ബീഹാറിലെ മഹാദളിതുകൾ പാർക്കുന്ന ഗ്രാമപ്രദേശങ്ങൾക്ക് സ്വജീവിതം വിട്ടുകൊടുത്ത മലയാളിയായ സിസ്റ്റർ സുധാവർഗീസിന്റെ ജീവിതയാത്രകൾ വിവരിക്കുന്ന സൈക്കിൾ ദീദിയെയാണ് ആദ്യം നമുക്ക് പരിചയപ്പെടുത്തുന്നത്. അവർ ആ ഇരുചക്രവാഹനം ചവിട്ടി കടന്നുപോകുന്നത് ഗ്രാമനസ്സിലേക്കാണ്; അടിച്ചമർത്തപ്പെടുന്നവരുടെ ജീവിതസംഘർഷങ്ങളിലേക്കാണ് എന്നു മനോജ് നമ്മോട് പറയുന്നു.
36 വർഷം മുമ്പ് പാകിസ്ഥാൻ ജയിലിലടയ്ക്കപ്പെടുകയും സങ്കീർണ്ണമായ അനുഭവങ്ങൾക്കു മുന്നിൽ ഓർമ്മകൾ ഓരോന്നായി ബലിയർപ്പിക്കുകയും ചെയ്ത ഗജാനന്ദിന്റെ ഗ്രാമത്തിലേക്ക്, ബന്ധുജനങ്ങളുടെ സങ്കടങ്ങളിലേക്ക് മനോജ് കടന്നുപോകുന്നത് പിന്നീട് നാം കാണുന്നു. മധുമാല എന്ന നരവംശശാസ്ത്രജ്ഞ, നിക്കോബാർ ദ്വീപുകളിലെ നാഗരികതാ വിമുഖരായ ആദിവാസികളുടെ ഇടയിലേക്ക് മനുഷ്യസ്‌നേഹത്തിന്റെ സന്ദേശവുമായി കടന്നുചെന്ന സാക്ഷ്യങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ് അടുത്തത്.
തുടർന്നുവരുന്ന ഭാഗങ്ങളിൽ പത്രപ്രവർത്തകനായ കുഞ്ചുപിള്ള നന്ദനാരെയും കോവിലനെയും ബഷീറിനെയും ഓർത്തെടുക്കുന്നതും ഓട്ടോയിൽ യാത്ര ചെയ്യുന്ന മെക്‌സിക്കൻ അംബാസിഡറും അലച്ചിലിൽ കവിത കണ്ടെത്തിയ എ.അയ്യപ്പനും അധ്യാപകരായ ഡി.വിനയചന്ദ്രനും ജോസ് വെമ്മേലിയും വി.സി.ഹാരിസും നമ്മുടെയിടയിൽ സാന്നിധ്യമാകുന്നു.
തുടർന്ന് ചേതൻഭഗത്തും കുൽദീപ് നയ്യാറും കെ.മാധവനും ഇ.കെ.നായനാരും പാർട്ടി എന്നാൽ ഇ.എം.എസ്. ആണെന്നു വിശ്വസിച്ച പാച്ചിയും ശബ്ദം കൊണ്ട് കഥയുടെ അത്ഭുതലോകം വിതാനിച്ച സാംബശിവനും തിരശീലയിലെന്നപോലെ പ്രത്യക്ഷപ്പെടുന്നു. പിന്നീടുള്ള കുറിപ്പുകൾ വ്യത്യസ്തമായ വിഷയങ്ങളെ അവതരിപ്പിക്കുന്നു. ആ വിവരണങ്ങളിൽ ഇനിയും വായിച്ചുതീരാത്ത ഡൽഹിയെക്കുറിച്ചുള്ള അടയാളപ്പെടുത്തലുകളുണ്ട്.
നാടുവിടുമ്പോൾ നഷ്ടമാകുന്ന നമ്മുടെ മാതൃഭാഷയെ വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങളെപ്പറ്റിയുള്ള വിവരണങ്ങളുണ്ട്. മഹാരാജാസ് കോളേജിനെക്കുറിച്ചുള്ള ദീപ്തസ്മരണകളുണ്ട്. ഭൂമിമലയാളത്തിലെ വാഹനസംസ്‌കാരത്തിൽ കഴിഞ്ഞ ഒന്നുരണ്ടു ദശാബ്ദങ്ങൾകൊണ്ടു സംഭവിച്ച മാറ്റങ്ങളുടെ കഥകളുണ്ട്.
കോവിഡ്കാലം ഓരോ ഇന്ത്യക്കാരനെയും താഴിട്ടുപൂട്ടിയതിന്റെ ആകുലതകളുണ്ട്. താൻ നേരിട്ട് അനുഭവിച്ച് കടന്നുപോയ വഴികളെയും വ്യക്തിത്വങ്ങളെയും ചരിത്രത്തെയും വാക്കുകളിലൂടെ വിന്യസിച്ച് ഹൃദയസ്പർശിയായി വായനക്കാരിലേക്കു പകർന്നുകൊടുക്കാൻ മനോജിന് പ്രത്യേക വൈഭവമുണ്ട്. ഗൃഹാതുരസ്മരണകളും ആത്മവേദനകളും വ്യക്തിമനസ്സും സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ വിദൂരതയിലെവിടെയോ നിന്ന് വന്ന് ഒരു കാല്പനിക പ്രതിഭ മനോജിനെ ചേർത്തുപിടിക്കുന്നുണ്ട്. അതൊരു ദോഷമല്ല; മറിച്ച് ഓരോ സന്ദർഭത്തിലും താൻ മുഖാമുഖം കാണുന്ന സംഭവങ്ങളെ ആത്മനിഷ്ഠമായി നോക്കിക്കാണാൻ ഈ കഴിവ് മനോജിനു പ്രേരണയാവുന്നു.
മനോജ് ആനന്ദുമായി നടത്തിയ അഭിമുഖത്തിൽ, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖങ്ങളിൽ ഭാഷയെ കവിതയുടെയും കാല്പനികതയുടെയും തലത്തിൽ നിന്നും അടർത്തിമാറ്റി അക്കാദമികമാക്കുന്നതു കാണാം. പത്രവാർത്തകളിൽ കടന്നുവരുന്ന മനോജ് മറ്റൊരു ഭാഷയുടെ ഉടമയാണ്. ‘ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റ്’ എന്ന പുസ്തകത്തിലാവട്ടെ വിഷയങ്ങളെ ഹൃദയംകൊണ്ടു സമീപിക്കുന്ന, പ്രതിഭകൊണ്ടു സമൃദ്ധനായ ഒരു നാട്ടിൻപുറത്തുകാരനെ നാം കണ്ടുമുട്ടുന്നു. നിത്യസഞ്ചാരിയായ കാറ്റുപോലെ തടാകങ്ങളും തടിനികളും സന്ദർശിച്ച് ആ മനസ്സും സഞ്ചരിക്കുകയാണ്. വായനക്കാരെ തന്നിൽനിന്ന് ലേശവും അകലാൻ സമ്മതിക്കാതെ.
(കവിയും തിരക്കഥാകൃത്തും നിരൂപകനുമായ ഡോ.ഡൊമിനിക് കാട്ടൂർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകനാണ്.)
Content highlights: Oridathum-olichirikkanavatha kattu,Book review