തലക്കൊട, ഏളത്തിന്റെ കൊട, നായരച്ഛന്റെ കൊട… ഓലക്കുട വിശേഷങ്ങൾ
ശശിധരൻ മങ്കത്തിൽ ഫേസ്ബുക്കിലെഴുതിയ ‘കൈപ്പാട്’ നോവലിൽ നിന്ന്
രാവിലത്തെ ഭക്ഷണം കഴിഞ്ഞ് കുഞ്ഞിരാമൻ ഭാഗവതർ ബെഞ്ചിലിരുന്ന് തുമ്മാന്റെ പെട്ടിയിൽ നിന്ന് അടക്കയും വെറ്റിലയും എടുത്തു വെച്ചു.
ചൊപ്പ് കളഞ്ഞ അടക്ക അടക്കാക്കത്തി കൊണ്ട് ചെറുതായി മുറിച്ചു. പടിഞ്ഞാറെ മുറിയിൽ നൂറ്റി വെച്ച നൂറിൽ നിന്ന് അല്പം എടുത്തു കൊണ്ടുവന്നത് ചെറിയ നൂറിന്റെ അടപ്പിൽ നിറച്ചു.
ഇതുകണ്ട് രഘുനാഥ കൈമളും ബെഞ്ചിലിരുന്നു. നന്നായിമുറുക്കുമെന്ന് തോന്നുന്നു. ചെല്ലപ്പെട്ടിയും സാധനങ്ങളും ഒരുപാട് ഉണ്ടല്ലോ എന്നു പറഞ്ഞ് കൈമകളും രണ്ട് വെറ്റിലയെടുത്തു.
ഭാഗവതർ ഒരു വെറ്റിലയെടുത്ത് അത് കൈത്തണ്ടയിലിട്ട് പല തവണ ഉരച്ച് വാൽക്കഷണം പൊട്ടിച്ച് നെറ്റിയുടെ ഒരു വശത്ത് വെച്ചു. പിന്നീട് വെറ്റിലയിൽ നൂറുതേച്ചു. രണ്ട് വെറ്റില കൂടിവെച്ച് കുറേ നേരം നൂറ് തേച്ച് പിടിപ്പിച്ചു. അടക്കാ കഷ്ണം അകത്തിട്ട് മടക്കി വായിൽ വെച്ചു. ഒരു വലിയ കഷ്ണം ചപ്പും വായിലിട്ടു.
“എനിക്ക് പുകയില പറ്റില്ല. ചുണ്ണാമ്പ് ആകാം” – കൈമൾ പറഞ്ഞു.
ഞാൻ അധികം മുറുക്കാറില്ല. രാവിലെയും ഉച്ചയ്ക്കും വേണം. രാത്രി
നിർബന്ധമില്ല. കഥകളിക്ക് പാടേണ്ടതുകൊണ്ട് രാത്രി മുറുക്കിന് വിശ്രമം” – ഭാഗവതർ പറഞ്ഞു.
“മുറുക്കാനുള്ള കൃഷി ഇവിടത്തന്നെയുണ്ട്. വെറ്റിലക്കു വേണ്ടി പടിഞ്ഞാറെ ആലയുടെ അടുത്ത് നാലു കൊടിവളർത്തിയിട്ടുണ്ട്. പിന്നെ അടക്കയ്ക്ക് വടക്കുഭാഗത്ത് മൂന്നാല് കവുങ്ങുണ്ട്.അതു കൊണ്ട് മുറുക്കാൻ പണം കൊടുക്കണ്ട” – ഭാഗവതരുടെ കൃഷിക്കാര്യം കൈമൾ കൗതുകത്തോടെ കേട്ടിരുന്നു.
“നെല്ലും പച്ചക്കറിയും വാഴയും എല്ലാം ചുറ്റുമുണ്ടല്ലോ പിന്നെ ഏതിനാണ് പൈസ മുടക്കേണ്ടത് “- കൈമൾക്ക് സംശയം.
” അതെ … ശരിയാ… കാണുന്നവർക്ക് ഒരു കുറവുമില്ല.പക്ഷെ ജീവിക്കാൻ പണം തന്നെ വേണ്ടെ. നെല്ലിനും നേന്ത്രക്കായിക്കും പച്ചക്കറിക്കും നാട്ടിൽ വിലയില്ല. പണിക്കാരും നെല്ല് കൂലി വേണ്ട, പൈസ തന്നെ വേണമെന്ന് പറയാൻ തുടങ്ങിയിട്ടുണ്ട്. പിന്നെ കൃഷിക്കാരൻ എങ്ങിനെ ജീവിക്കും? ഭാഗവതരുടെ ചോദ്യം കേട്ട് കൈമൾ ആലോചിച്ചിരുന്നു.
കൊടക്കാരൻ രാമകൃഷ്ണൻ രണ്ട് ഓലക്കുടയുമായി വന്നു. ഭാഗവതർ പണ്ടേ പറഞ്ഞ് ഏൽപ്പിച്ചതാണ് ഒരു തലക്കുടയും കളക്കുടയും.
ഓലക്കുട കണ്ടപ്പോൾ കൈമൾക്ക് കൗതുകമായി. തലക്കുടയെടുത്ത് കൈമൾ തലയിൽ വെച്ചു.
“ഓ… ഇതിന്റെ കൈവേല ഗംഭീരമായിരിക്കുന്നു. ഇതിന് എത്ര മെനക്കെടണം.. ക്ഷമയും വേണം അല്ലെ ” – രാമകൃഷ്ണനെ നോക്കി കൈമൾ പറഞ്ഞു. “എല്ലം ഗംഭീരന്നെ പക്ഷേങ്കില് ആരും ബേണ്ടത്ര
പൈസ തെരുല, നെല്ലും തെരൂല. കളക്കൊട
മടയാൻ ഒരായ്ച ബേണം. തലക്കൊട ഇണ്ടാക്കാൻ രണ്ടായ്ച ബേണം.” – ഉടൻ വന്നു രാമകൃഷ്ണന്റെ മറുപടി.
മഴയത്ത് ആണുങ്ങൾ കൃഷിപ്പണിക്ക് ഇടുന്നതാണ് തലക്കുട. വട്ടത്തിലുള്ള വലിയ കളക്കുട ലക്ഷ്മി അമ്മയ്ക്ക് വേണ്ടിയാണ്. കോരിച്ചൊരിയുന്ന മഴയത്ത് നാട്ടിപ്പണിക്ക് ഒന്ന് കണ്ടത്തിൽ പോകണമെങ്കിൽ ശീലക്കുട പറ്റില്ല. ഇരുന്ന് ഞാറുനടുമ്പോൾ ഒരാളെ മറയുന്ന കളക്കുട തന്നെ വേണം.
കണ്ടത്തിൽ മഴയത്ത് നാട്ടിപ്പണിക്ക് കർഷക തൊഴിലാളികളായ സ്ത്രീകൾ കളക്കൊടയാണ് പിടിക്കുക. കുനിഞ്ഞ് ഞാറ് നടുമ്പോൾ കളക്കുട കഴുത്തിൽ വെച്ചാൽ മതി. കൈകൊണ്ട് പിടിക്കണ്ട. എത്ര വലിയ കാറ്റും മഴയും വന്നാലും നനയില്ല. സ്ത്രീകൾ കളക്കുട പിടിച്ച് നിരനിരയായി നിന്ന് നാട്ടിപ്പാട്ടു പാടി ഞാറുനടുന്നത് കാണാൻ തന്നെ രസമാണ്. മഴ കഴിഞ്ഞാൽ ഉടൻ കുടമാറ്റണം. ഇല്ലെങ്കിൽ പണി മെല്ലെയാകും.
മഴയത്ത് ചില സ്ത്രീകൾ ഉഷാറായി ഞാറുനടില്ല. കുടയുടെ അകത്തു കൂടിയാൽ ഞാറ് നടുന്നുണ്ടോ എന്നു പോലും അറിയാനാവില്ല. അളെ പുറത്തു കാണില്ലല്ലൊ. അതിനാൽ മഴ കഴിഞ്ഞ ഉടൻ കുട വരമ്പത്തുവെക്കണമെന്നാണ് നാട്ടുനടപ്പ്.
കൈമൾക്ക് തലക്കുട ഇഷ്ടപ്പെട്ടു.കുട തലയിൽ വെച്ച് പല തവണ മുന്നിലെ കളത്തിലൂടെ നടന്നു.
” ഇത് മടക്കാൻ പറ്റുമെങ്കിൽ ഞാൻ ഡൽഹിയിലേക്ക് കൊണ്ടു പോയേനെ” – രാമകൃഷ്ണനോടായി കൈമൾ പറഞ്ഞു. “കൊട ഇതൊന്ന്വല്ലപ്പ… പല ജാതി ഇണ്ട്. ഏളത്തിന്റെ കൊട, അമ്പലത്തില് കൊടുക്ക്ന്ന കൊട, അച്ഛമ്മാറെ
കൊട, അന്തിത്തിരിയന്റെ കൊട, കോമരത്തിന്റെ കൊട,നായരച്ഛന്റെ കൊട… ഇങ്ങനെ തരം തരം കൊട ഇണ്ട്.
പിടീരെ നീളം അളന്ന് കാൽ കൊട, അരക്കൊട, മുക്കാൽ കൊട എന്നെല്ലം പറയും അമ്പലത്തില് കൊട്ക്കുന്ന നീണ്ട കൊടക്ക് നല്ല ചിത്രപ്പണി എടുക്കും.കാണാൻ രസാന്ന് ” – കളത്തിന്റെ ഒരു മൂലയിൽ കുത്തിയിരുന്ന് രാമകൃഷ്ണൻ പറഞ്ഞു.
ഭാഗവതർ കുട രണ്ടും പടിഞ്ഞാറെ മുറിയിൽ കൊണ്ടു വെച്ചു. ലക്ഷ്മി അമ്മ എട്ട് ഇടങ്ങഴി നെല്ല് അളന്ന് കൂട്ടയിലിട്ട് രാമകൃഷ്ണന് കൊടുത്തു.”കയിഞ്ഞ കൊല്ലത്തേക്കാൾ രണ്ട് നെല്ല് അധികൂണ്ട് “- ലക്ഷ്മി അമ്മ പറഞ്ഞു.
രാമകൃഷ്ണൻ സന്തോഷത്തോടെ കളത്തിൽ വെള്ളമുണ്ട് വിരിച്ച് നെല്ല് അതിലിട്ട് കെട്ടാക്കി തലയിൽ വെച്ച് യാത്ര പറഞ്ഞു.
നാടൻ വാക്കുകൾ : തുമ്മാന്റെ പെട്ടി- വെറ്റില മുറുക്കാൻ പെട്ടി
ചൊപ്പ് കളഞ്ഞ അടക്ക- പുറന്തോട് കളഞ്ഞ അടക്ക, നൂറ്റിവെച്ച നൂറ് – മുറുക്കാനായി പ്രത്യേകം ഉണ്ടാക്കിയ ചുണ്ണാമ്പ്,
ചപ്പ് – പുകയില ,കൊടക്കാരൻ – ക്ഷേത്രങ്ങളിൽ ഓലക്കുട ഉണ്ടാക്കി കൊടുക്കുന്ന ആൾ, നാട്ടിപ്പണി -കൃഷിപ്പണി