2047 ഓടെ ഇന്ത്യ വികസിത രാജ്യമാകും -ഉപരാഷ്ട്രപതി

2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ആരോഗ്യ പരിരക്ഷയ്ക്കുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചും അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയും തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി പോലുള്ള സ്ഥാപനങ്ങൾ വികസിത ഭാരതത്തിനായുള്ള മുന്നേറ്റങ്ങൾക്ക് ഊർജം പകരുകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സ്ഥാപനം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ലക്ഷത്തോളം പേർക്കാണ് ശ്രീചിത്ര ഇതിനോടകം ഹാർട്ട് വാൽവ്  ഇംപ്ലാന്റ് ചെയ്തത്. അടുത്തിടെ വികസിപ്പിച്ചെടുത്ത രണ്ടാം തലമുറ ഹൃദയ വാൽവ് 40 രോഗികളിൽ വെച്ചു പിടിപ്പിച്ച് വിജയിച്ചു. ശ്രീചിത്ര ഉൽപ്പാദിപ്പിക്കുന്ന ബ്ലഡ് ബാഗ് രാജ്യത്തുടനീളവും ഏഷ്യയിലേയും മിക്കവാറും ആശുപത്രികൾക്കും വിൽക്കുന്നുണ്ട്. സ്ഥാപനത്തിന്റെ ഗുണമേൻമയും അർപ്പണ മനോഭാവവുമാണ് ഇതിനു പിന്നിൽ.

വികസിപ്പിച്ചെടുത്ത ജീവൻ രക്ഷാ ഉപകരണങ്ങളായ വാസ്‌കുലാർ സ്റ്റെന്റും വെന്റ്രിക്യുലാർ അസിസ്റ്റ് ഡിവൈസും  കമ്പനികൾക്ക് കൈമാറ്റം ചെയ്യാൻ പോകുകയാണ്. ഉടൻ തന്നെ വളരെ കുറഞ്ഞ ചെലവിൽ ഇവ ലഭ്യമാകും. ഒരു സർക്കാർ  സ്ഥാപനമാണ് ഇത്രയേറെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്.  കൃത്യമായ പ്രചോദനം ലഭിച്ചാൽ സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നേറാനാകും എന്നതിന്റെ തെളിവാണിത്. രാജ്യത്തുടനീളമുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ശ്രീചിത്ര പ്രചോദനമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ശ്രീചിത്രയുടെ ബയോമെഡിക്കൽ ഉപകരണങ്ങളെക്കുറിച്ചുള്ള 53 പ്രോജക്റ്റുകൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 2023 മുതൽ 2025 വരെ 57 ഇന്ത്യൻ പേറ്റന്റുകളും ഏഴ് വിദേശ പേറ്റന്റുകളും 27 ഡിസൈൻ രജിസ്ട്രേഷനുകളും ശ്രീചിത്രക്ക് ലഭിച്ചിട്ടുണ്ട്. കൂടുതൽ കണ്ടുപിടിത്തങ്ങളിലേക്ക് എത്തിപ്പെടാനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയെയാണ് ഈ നേട്ടങ്ങൾ ചൂണ്ടിക്കാട്ടുന്നത്. – ഉപരാഷ്ട്രപതി പറഞ്ഞു.

ഓപ്പറേഷൻ തിയേറ്ററുകൾ, കാത്ത് ലാബുകൾ, ഐ.സി.യു  ബെഡ്ഡുകൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ശ്രീചിത്രയിലെ പി.എംഎസ്എസ്‌വൈ ബ്ലോക്ക് ഉപരാഷ്ട്രപതി സന്ദർശിച്ചു. വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നതിന് വികസിപ്പിച്ച സാങ്കേതികവിദ്യകൾ, ബയോമെഡിക്കൽ ടെക്നോളജി വിഭാഗങ്ങൾ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങൾ, ശ്രീചിത്രയിലെ ടൈമെഡ് ഇൻകുബേഷൻ സെന്റർ വികസിപ്പിച്ചെടുത്ത ബയോമെഡിക്കൽ ഉപകരണങ്ങൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സംസാരിച്ചു. കേന്ദ്ര സഹ മന്ത്രി  സുരേഷ് ഗോപി,  ധനകാര്യ മന്ത്രി  കെ.എൻ. ബാലഗോപാൽ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബഹാരി, ബി.എം.ടി വിഭാഗം മേധാവി ഡോ. എച്ച്. കെ. വർമ, ഡീൻ കെ. ശ്രീനിവാസൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.