ഹൃദയം തുറക്കാതെ വാൽവ് മാറ്റി വെച്ച് എറണാകുളം ജനറൽ ആശുപത്രി
ഹൃദയം തുറക്കാതെ വാൽവ് മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി. ഹൃദയത്തിന്റെ അയോർട്ടിക് വാൽവ് ചുരുങ്ങിയ പെരുമ്പാവൂർ സ്വദേശിയായ 69 കാരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്.
ഈ ശസ്ത്രക്രിയയിൽ പങ്കാളികളായ എല്ലാ ആരോഗ്യ പ്രവർത്തകരെയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഇന്ത്യയിൽ ഇതാദ്യമാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ ഈ ചികിത്സ നടത്തുന്നത്. ശ്രീചിത്തിര ഉൾപ്പെടെ വളരെ അപൂർവം സർക്കാർ കേന്ദ്രങ്ങളിൽ മാത്രമേ TAVR ( ട്രാൻസ് കത്തീറ്റർ അയോർട്ടിക്ക് വാൾവ് റീപ്ലേസ്മെൻ്റ് ) ഇതുവരെ ലഭ്യമായിരുന്നുള്ളു.
നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലിൽ ഉണ്ടാക്കുന്ന വളരെ ചെറിയ മുറിവിലൂടെ കത്തീറ്റർ കടത്തിവിട്ടാണ് വാൽവ് മാറ്റി വെക്കുന്നത്. രോഗിയെ പൂർണമായും മയക്കാതെ ചെറിയൊരളവിൽ സെഡേഷൻ മാത്രം നൽകിക്കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, കാർഡിയാക് അനസ്‌തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ സുഗമമായി നടത്തിയത്. കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ആശിഷ് കുമാർ, പോൾ തോമസ്, വിജോ ജോർജ്, ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ.ജോർജ് വാളൂരാൻ, കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ജിയോ പോൾ, ഡോ. ദിവ്യ ഗോപിനാഥ് എന്നിവർ നേതൃത്വം കൊടുത്ത ശസ്ത്ര ക്രിയയിൽ ഡോക്ടർമാരായ സ്റ്റാൻലി ജോർജ്, ബിജുമോൻ, ഗോപകുമാർ, ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.
ഇതുവരെ എറണാകുളം ജനറൽ ആശുപത്രിയിൽ ഇരുപതിനായിരത്തോളം രോഗികൾക്ക് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ്‌മേക്കർ ചികിത്സകൾ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ ചികിത്സകൾ എല്ലാം തന്നെ 90 ശതമാനം രോഗികൾക്കും സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ പദ്ധതികളിലൂടെ പൂർണ്ണമായും സൗജന്യമായിട്ടാണ് നൽകി വരുന്നത്.