ഒമിക്രോൺ വ്യാപനം: പൊതുപരിപാടികൾക്ക് നിയന്ത്രണം

ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവയ്ക്ക്‌ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയർപോർട്ടുകളിൽ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കണം. കയ്യിൽ കിട്ടിയ അപേക്ഷകളിൽ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

ഒമിക്രോൺ കേസുകളിൽ വർദ്ധനയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണുള്ളത്.

സംസ്ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്സിൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ രണ്ട് ശതമാനം കുട്ടികൾക്ക് വാക്സിനേഷൻ നൽകി. നിലവിൽ വാക്സിൻ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികൾക്ക് വാക്സിൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും.

Leave a Reply

Your email address will not be published. Required fields are marked *