വിധിയോട് പൊരുതി ഡോക്ടറായ വിസാസൊ നാട്ടിലേക്ക് മടങ്ങുന്നു
‘അവസരം കിട്ടിയാൽ ഞാൻ കേരളത്തിലേക്ക് തിരിച്ചുവന്ന് ജോലി ചെയ്യും. കേരളം ഇഷ്ടമാണെന്നു മാത്രമല്ല, കേരളം സ്നേഹമാണെന്നും ഞാൻ പറയും’ – കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ പഠനം പൂർത്തിയാക്കി പത്തുവർഷത്തിനുശേഷം ഈ മാസം നാട്ടിലേക്കു മടങ്ങുന്ന നാഗാലാൻഡ് സ്വദേശി ഡോ. വിസാസൊ കിക്കി കേരളത്തെക്കുറിച്ച് മലയാളത്തിൽ പറയുന്നത് ഇതാണ്.
കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നൽകിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങൾ പറയുന്ന വീഡിയോ നാഗാലാൻഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവെച്ചത് ഇതിനോടകം ലക്ഷക്കണക്കിനു പേരാണ് കണ്ടത്. വിസാസോയുടെ ‘കേരള ലവ് സ്റ്റോറി’ പറയുന്ന ‘ കേരള കോണ്രിക്കിൾസ് ഓഫ് എ നാഗാലാൻഡ് ഡോക്ടർ’ എന്ന ഹ്രസ്വവീഡിയോ തലസ്ഥാനത്ത് നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി പി.ആർ.ഡിയാണ് തയാറാക്കിയത്. നാഗാലാൻഡ് മന്ത്രിക്കു പിന്നാലെ സംസ്ഥാന തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷും പങ്കുവച്ചതോടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകകയായിരുന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗുവാഹത്തിയിൽ വെച്ചുണ്ടായ ട്രെയിൻ അപകടത്തേത്തുടർന്ന് വിസാസൊയുടെ കാൽപ്പാദം മുറിച്ചുകളയേണ്ടിവന്നു. കൃത്രിമ കാൽ വെച്ചായിരുന്നു പിന്നീടുള്ള ജീവിതം. വിധിയോട് പൊരുതി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസും തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിൽ നിന്ന് എം.എസും പൂർത്തിയാക്കിയ ഡോ. വിസാസൊയ്ക്ക് കേരളവും മലയാളികളും നൽകിയ സ്നേഹത്തിന്റെ ഒട്ടേറെ കഥകൾ പറയാനുണ്ട്.
2013 ൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ വിസാസൊയുടെ മെഡി. കോളേജ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് കൊഹിമയിലെ അധ്യാപകരായ മലയാളി അയൽക്കാരാണ്. അങ്ങനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്നത്. കേരളത്തിലെത്തി രണ്ടുവർഷം കൊണ്ട് മലയാളം പഠിച്ചെടുത്ത വിസാസൊ ആശുപത്രിയിലെത്തുന്ന രോഗികളോടു സംസാരിക്കുന്നതും മലയാളത്തിലാണ്.
കോഴിക്കോട് ആദ്യമായി നിപ ബാധയുണ്ടായപ്പോൾ നിപ പോരാളികളിലൊരാളായി സേവനരംഗത്തുണ്ടായിരുന്നു വിസാസൊ. എട്ടാം ക്ലാസിലായിരുന്നപ്പോള്‍ ഒരു ട്രെയിൻയാത്രയ്ക്കിടെ സ്റ്റേഷനിൽ ഇറങ്ങിയ വിസാസൊ ട്രെയിൻ വിട്ടു പോകുന്നതു കണ്ടു ചാടിക്കയറിയപ്പോഴുണ്ടായ അപകടത്തിലാണ് കാൽപാദം നഷ്ടമായത്. പിന്നീട് കോഴിക്കോട് മെഡിക്കൽ പഠനത്തിനു വന്നപ്പോഴാണ് മുട്ടിനുതാഴെ വെച്ച് വീണ്ടും ശസ്ത്രക്രിയയിലൂടെ മുറിച്ചുനീക്കി കൃത്രിമ ജയ്പുർ കാൽ വെച്ചുപിടിപ്പിച്ചത്.
തുടർന്ന് സ്വന്തം കോളേജിൽ വെച്ചു തന്നെ കുറച്ചുകൂടി ആയാസരഹിതമായ മറ്റൊരു പാദം ഘടിപ്പിച്ചു. നന്നേ ചെറുപ്പത്തിലേ ഒറ്റക്കാലിൽ ജീവിതത്തെ വെല്ലുവിളിയോടെ നോക്കിക്കണ്ട വിസാസൊ ജീവിതത്തിൽ മറ്റൊരു വെല്ലുവിളി കൂടി ഏറ്റെടുത്തു , കൃത്രിമ കാലുമായി ഓടാനും തുടങ്ങി. 2015ലെ കൊച്ചി മാരത്തണിൽ പങ്കെടുത്ത വിസാസൊ അതിനുശേഷം എല്ലാ മാരത്തണുകളിലും പങ്കെടുക്കുന്നുണ്ട്.
ഒന്നു മുതൽ പത്തുവരെ ഇംഫാല്‍ സൈനിക് സ്‌കൂളിലായിരുന്നു പഠനം. ഉപരിപഠനം വരെ നീണ്ട കാലയളവ് കേരളത്തിലും. കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് അത്രയേറെ മതിപ്പോടെയാണ് ഡോ. വിസാസൊ സംസാരിക്കുന്നത്. ഇവിടുത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും ശൃംഖല അടക്കമുള്ളവയും റഫറൽ സംവിധാനവും ആരോഗ്യ ഇൻഷുറൻസ് കവറേജും എല്ലാം മാതൃകയാക്കണമെന്ന് ഡോ. വിസാസൊ കിക്കി പറയുന്നു.