ആയുര്‍വേദ കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം ജനുവരിയിൽ പൂർത്തിയാകും

കണ്ണൂരിൽ 311 ഏക്കറിൽ നിർമ്മിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം 2024 ജനുവരിയിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ  നിർദേശിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളെ  ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടത്തിയ  മേഖലാ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർ ദ്ദേശം.

പടിയൂര്‍-കല്യാട് ഗ്രാമപഞ്ചായത്തിലെ കല്യാട് തട്ടില്‍ 311 ഏക്കറില്‍ 300 കോടി രൂപ ചെലവിലാണ് കേന്ദ്രം നിർമ്മിക്കുന്നത്. ഈ പ്രവൃത്തി നിശ്ചിത സമയ പരിധിക്കുള്ളിൽ തീർക്കാൻ തീവ്ര ശ്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തന്നെ വലിയ സമ്പത്തായിരിക്കും ഈ കേന്ദ്രം. അതിനാൽ വേഗതയിൽ പ്രവൃത്തി മുന്നോട്ട് പോകണം – മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തിക്ക് 2019 ഫെബ്രുവരി 22നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടത്. കോവിഡും പ്രളയവുമുള്‍പ്പെടെയുള്ള പ്രതിസന്ധികളെ തുടര്‍ന്ന് പ്രവൃത്തി ആരംഭിക്കാന്‍ വൈകുകയായിരുന്നു. കിഫ്ബി അനുവദിച്ച 59.93 കോടി ഉപയോഗിച്ച് ആശുപത്രി കെട്ടിടം, മാനുസ്‌ക്രിപ്റ്റ് സെന്റര്‍, ആയുര്‍വേദ ഔഷധ നഴ്സറി, ജൈവമതില്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാവുക.

ആയുര്‍വേദ അറിവുകളും ലോകമെമ്പാടുമുള്ള പാരമ്പര്യ ചികിത്സാരീതികളും പ്രദര്‍ശിപ്പിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ മ്യൂസിയം, താളിയോലകള്‍ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുന്ന അത്യാധുനിക  മാനുസ്‌ക്രിപ്റ്റ് റീഡിങ് സെന്റര്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശാസ്ത്രജ്ഞന്മാര്‍ക്ക് ക്വാര്‍ട്ടേഴ്സ്, ഫാക്കല്‍റ്റികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ഹൗസിംഗ് സംവിധാനം എന്നിവ റിസര്‍ച്ച് സെന്ററില്‍ ഒരുക്കും.

ഏകദേശം 1.80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ 69.73 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തിക്കായി 34 ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ 114 കോടി അനുവദിച്ചിരുന്നു. ഒന്നാം ഘട്ട പ്രവൃത്തികളുടെ 30 ശതമാനം പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *