തൃശൂര്‍ മെഡിക്കല്‍ കോളേജിൽ 6.48 കോടിയുടെ ഇമേജിങ് സെന്റർ
സ്കാനിംഗ്, എക്സ്റേ എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്
തൃശൂര്‍ മെഡിക്കല്‍ കോളേജ് ട്രോമ കെയര്‍ ബ്ലോക്കില്‍ പരിശോധനാ സംവിധാനങ്ങള്‍ ഏകോപിക്കുന്ന ആധുനിക ഇമേജിങ് സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.128 സ്ലൈസ് സി.ടി. സ്കാന്‍, അള്‍ട്രാ സൗണ്ട് സ്കാനിംഗ്, ഡിജിറ്റല്‍ എക്സ്റേ എന്നിവയാണ് സ്ഥാപിച്ചിട്ടുള്ളത്.
അതിനൂതന റേഡിയോളജി സംവിധാനങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്. അപകടത്തിൽപ്പെട്ട് വരുന്ന രോഗികള്‍ക്ക് പരിശോധനകളും ചികിത്സയും അടിയന്തരമായി ഉറപ്പാക്കാനാണ് അത്യാഹിത വിഭാഗത്തില്‍ തന്നെ വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്.
അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് എക്സ് റേ, സ്കാനിംഗ് പരിശോധനകള്‍ക്കായി ആശുപത്രിയുടെ പല ഭാഗത്തായി പേകേണ്ടി വരുന്ന അവസ്ഥയാണ് ഇതിലൂടെ മാറുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിച്ച ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ഇവ സ്ഥാപിക്കുന്നത്. നിലവിലെ ഒ.പിയിലെ പരിശോധനാ സംവിധാനങ്ങള്‍ക്ക് പുറമെയാണ് അത്യാഹിത വിഭാഗത്തില്‍ ഇവ സജ്ജമാക്കുന്നത്.
6.48 കോടി രൂപ ചെലവഴിച്ചാണ് പുതിയ പരിശോധനാ സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. 4.78 കോടി രൂപ ചെലവഴിച്ചാണ് 128 സ്ലൈസ് സിടി സ്കാനര്‍ സ്ഥാപിച്ചത്. തല മുതല്‍ പാദം വരെയുള്ള ഏത് ഭാഗത്ത് പരിക്കേറ്റാലും 20 മിനിറ്റിനുള്ളില്‍ സ്കാന്‍ ചെയ്ത് റിസള്‍ട്ട് ലഭ്യമാകുമെന്നുള്ളതാണ് യന്ത്രത്തിൻ്റെ പ്രത്യേകത.
അത്യാധുനിക സംവിധാനമുള്ള പുതിയ സ്കാനറില്‍ കൊറോണറി ആന്‍ജിയോഗ്രാഫി, കോറോണറി പ്ലാക് ക്യാരക്ടറൈസേഷന്, വെസല്‍ അനാലിസിസ്, ന്യൂറോളജി ഡി.എസ്.എ., വിര്‍ച്വല്‍ എന്‍ഡോസ്കോപ്പി, സി.ടി. ആന്‍ജിയോഗ്രാം തുടങ്ങിയവ വളരെ വേഗത്തിലും, കൃത്യതയോടെയും പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിലവിലെ 16 സ്ലൈസ് സി.ടി. സ്കാനറിന് പുറമേയാണ് ഇത് സ്ഥാപിക്കുന്നത്. 1.7 കോടി രൂപ മുടക്കിയാണ് ഡിജിറ്റല്‍ എക്സ്റേ സ്ഥാപിച്ചത്.
പരിശോധിക്കുന്ന ഡോക്ടര്‍ക്ക് ഡിജിറ്റലായി തന്നെ കമ്പ്യൂട്ടറില്‍ എക്സ്റേ കാണാന്‍ സാധിക്കും. അതിനാല്‍ തന്നെ ആവശ്യമെങ്കില്‍ മാത്രമേ ഫിലിം പ്രിന്റ് ചെയ്യേണ്ട ആവശ്യമുള്ളൂ. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്കായി പ്രത്യേകം അള്‍ട്രാ സൗണ്ട് മെഷീനും ഒരുക്കിയിട്ടുണ്ട്. പ്രതിദിനം തൊള്ളായിരത്തോളം രോഗികളാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെത്തുന്നത്. ഇവര്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിന്റെ ഭാഗമായി ട്രോമ കെയര്‍ ബ്ലോക്ക് അടുത്തിടെ യാഥാര്‍ത്ഥ്യമാക്കിയിരുന്നു.




















