ഇറച്ചിക്കോഴി സംരംഭങ്ങൾക്ക് സുസ്ഥിര വിപണി വേണം

ഡോ.ടി.പി.സേതുമാധവൻ

ജന്തുജന്യ പ്രോട്ടീൻ ഉറവിടങ്ങളായ പാൽ, മുട്ട, മൽസ്യം, കോഴിയിറച്ചി, ബീഫ് എന്നിവയുടെ ഉപഭോഗത്തിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്. എന്നാൽ മലയാളിയുടെ തീൻ മേശയിലെ മികച്ച വിഭവമായി കോഴിയിറച്ചിയുല്പന്നങ്ങൾ മാറുമ്പോഴും ഇറച്ചി കോഴി ഉല്പാദന മേഖലയിൽ അനുദിനം പ്രതിസന്ധികൾ രൂക്ഷമാകുന്നു. രാജ്യം ഇറച്ചിക്കോഴിവളർത്തലിൽ ഏറെ മുന്നിലാണെങ്കിലും വർദ്ധിച്ചുവരുന്ന ഉല്പാദന ചെലവും വിപണന സമ്മർദ്ദവും ഏറെ തടസ്സങ്ങൾ സൃഷ്ടിച്ചുവരുന്നു.

കേരളത്തിലും സുസ്ഥിര ഇറച്ചിക്കോഴിവളർത്തൽ രംഗത്തു ഏറെ പ്രശ്നങ്ങളുണ്ട്. കോഴിവളർത്തലിന്റെ ചെലവിൽ 75 ശതമാനവും തീറ്റച്ചെലവാണ്. ഉല്പാദന ചെലവിന് ആനുപാതികമായി ഇറച്ചിയുടെ വിലയിൽ വർദ്ധനവുണ്ടാകുന്നില്ല. ഉയർന്ന ഉല്പാദന ചെലവ് താങ്ങാൻ കഴിയാത്തതിനാൽ കർഷകരും സംരംഭകരും കോഴിവളർത്തലിൽ നിന്ന് പിന്തിരിയുന്ന പ്രവണത വർധിച്ചു വരുന്നു.

കോഴിവളർത്തലിലെ വിജയം കോഴിക്കുഞ്ഞുങ്ങളുടെ ശാസ്ത്രീയ പരിചരണം വഴിയെ സാധ്യമാകു. വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് മികച്ച വളർച്ചാ സാഹചര്യമൊരുക്കണം. കോഴികളുടെ ശരിയായ വളർച്ച, ആരോഗ്യം, ഉല്പാദനക്ഷമത, ഉയർന്ന രോഗപ്രതിരോധശേഷി എന്നിവയ്ക്കിത് അത്യന്താപേക്ഷിതമാണ്. കുഞ്ഞുങ്ങളിൽ അന്തരീക്ഷോഷ്മാവിനനുസരിച് ചൂട് നൽകാനുള്ള ബ്രൂഡിങ് പ്രക്രിയയ്ക് ഏറെ പ്രാധാന്യം നൽകണം.

4 മുതൽ 6 ദിവസങ്ങൾക്കുള്ളിൽ മാത്രമാണ് കോഴിക്കുഞ്ഞുങ്ങളിൽ തെർമോറെഗുലേറ്ററി സിസ്റ്റം ഫലപ്രദമായി പ്രാവർത്തികമാക്കുന്നത്. ഇറച്ചി കോഴി കുഞ്ഞുങ്ങളിലെ പരിചരണം ഉല്പാദനക്ഷമതാ, വളർച്ചാനിരക്ക്, തീറ്റപരിവർത്തന ശേഷി എന്നിവ ഉയർത്താൻ ആദ്യത്തെ ആഴ്ചയിലെ പരിചരണം ഏറെ സഹായിക്കും.

ഇറച്ചിക്കോഴികൾ 6 മുതൽ 7 ആഴ്ച പ്രായത്തിൽ ശരീരതൂക്കം കൈവരിക്കുന്നത് അവയുടെ ജനിതകശേഷിയുമായി ബന്ധപ്പെട്ട സെല ക് ഷൻ, തീറ്റ, തീറ്റക്രമം എന്നിവയിലൂടെ മാത്രമാണ്. ഇത് ഹോർമോൺ, ആന്റിബയോട്ടിക് വഴിയാണെന്ന് തെറ്റായി പ്രചരണം നടത്തുന്നവരുണ്ട്. ഇറച്ചിക്കോഴികളുടെ ജനിതകഘടന, സെലക്ഷൻ പ്രക്രിയ എന്നിവ മനസ്സിലാക്കാതെയാണ് അസത്യങ്ങൾ പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങളെ ഇതു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നവരുമുണ്ട്. കുടുംബശ്രീ ചിക്കനും തുച്ഛമായ ലാഭത്തിനുവേണ്ടി ഈ പ്രചരണത്തിൽ പങ്കാളിയാകുന്നു.

പ്രതിമാസം മലയാളി കഴിക്കുന്നത് 40000 ടൺ കോഴിയിറച്ചിയാണ്. ഇതിൽ 30000 ടൺ ആഭ്യന്തര  ഉല്പാദനമാണ്.10000 ടൺ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നു. ഇതിൽ കുടുംബശ്രീ ചിക്കൻറെ വിപണനവിഹിതം 1.5 ശതമാനം മാത്രമാണ്. എന്നാൽ അഞ്ച് ലക്ഷത്തോളം സംരംഭങ്ങളാണ് ഈ മേഖലയിലുള്ളത്. കുടുംബശ്രീ ഇറച്ചിക്കോഴി സംരംഭങ്ങൾക്ക് നൽകിവരുന്ന സബ്‌സിഡി വിഹിതം 98 ശതമാനത്തോളം വരുന്ന അസംഘടിതമേഖലയിലെ ഇറച്ചിക്കോഴി കർഷകർക്കും ലഭിച്ചാൽ ഈ മേഖലയിൽ നിലനിൽക്കുന്ന വർധിച്ച ഉല്പാദനച്ചെലവ് ഒരുപരിധിവരെ പരിഹരിക്കാൻ സാധിക്കും.

2020 മുതൽ തുടരുന്ന കോവിഡും, തീറ്റയുടെ വില വർദ്ധനവും, വിപണനമാന്ദ്യവും, തുടർച്ചയായ പക്ഷിപ്പനിയും പ്രതിസന്ധികൾ സൃഷ്ടിച്ചുവരുന്നു. കോഴിക്കുഞ്ഞുങ്ങൾക്ക് ഇപ്പോൾ വിലകുറഞ്ഞിട്ടുണ്ടെങ്കിലും തീറ്റച്ചെലവ് തുലോം കൂടുതലാണ്. ഒരു കിലോ ഇറച്ചിക്കോഴി ഉല്പാദിപ്പിക്കാൻ 90 രൂപയോളം ചെലവ് വരുമ്പോൾ ഉയർന്ന വിപണന സമ്മർദ്ദം മൂലം ഉല്പാദന ചെലവിനേക്കാൾ കുറഞ്ഞവിലയ്ക്ക് കോഴികളെ വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു. എന്നാൽ വിലയിലുള്ള ഈ ഏറ്റക്കുറച്ചിൽ ഹോട്ടലിലെ കോഴിയിറച്ചി വിഭവങ്ങളെ ബാധിക്കുന്നുമില്ല.

ഹോട്ടൽഉല്പന്നങ്ങൾക്ക് വില വർധിപ്പിക്കുമ്പോൾ ഇതിന്റെ ആനുകൂല്യം പാവപ്പെട്ട കോഴികർഷകന് ലഭിക്കുന്നുമില്ല. കോഴി വളർത്തൽ കൂടുതൽ ആദായകരമാക്കാൻ കോഴിത്തീറ്റയുടെ വിലവർദ്ധനവിനു ആനുപാതികമായി തീറ്റ സബ്‌സിഡിയോ ഉല്പാദന ഇൻസെന്റീവോ കർഷകർക്ക് ലഭിക്കേണ്ടതുണ്ട്. കോഴിക്കുഞ്ഞിന്റെയും, തീറ്റയുടെയും വിലയിൽ വർദ്ധനവിനാനുപാധികമായി ഉല്പാദകന് സംരക്ഷണം ലഭിക്കാനും പദ്ധതികളുണ്ടാകണം. കോഴിയിറച്ചി, മുട്ട എന്നിവയ്ക്കു തറവില ഏർപ്പെടുത്തണം. കോഴിവളർത്തൽ ഉല്പാദക സംഘടനകൾ വർഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.

ഉല്പാദക ക്ലസ്റ്ററുകൾ രൂപീകരിച്ച് സംസ്‌കരണ കേന്ദ്രങ്ങളും വിപണന കേന്ദ്രങ്ങളും ആരംഭിക്കണം. വർഷത്തിൽ ത് മാസത്തിലേറെയും നഷ്ടത്തിൽ പോകുന്ന ഇറച്ചിക്കോഴി ഉല്പാദന വിപണന സംരംഭങ്ങളെ സഹായിക്കാൻ കേന്ദ്ര പദ്ധതികൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം. എംസ്എംഎ, അഗ്രിബിസിനെസ്സ്, അഗ്രി ഇൻഫ്രാഫണ്ട് മുതലായവ കോഴിവളർത്തലിലും ലഭ്യമാക്കണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്ലാറ്റഫോം തറവില, തീറ്റയുടെ ചേരുവകളുടെ വില എന്നിവ വിലയിരുത്തണം.

ഉല്പാദകർ ഭക്ഷ്യ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണം. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് നിയന്ത്രിക്കുവാനും ബോധവൽക്കരണം ആവശ്യമാണ്. സ്‌കിൽഡ് തൊഴിലാളികളെ ലഭിക്കാൻ നാഷണൽ സ്കിൽ വികസന കോർപറേഷനുമായി ചേർന്ന് സ്കിൽ വികസന പരിപാടികൾ തയ്യാറാക്കണം. മൃഗസംരക്ഷണ വകുപ്പ്, കെപ്‌കോ, സർവ്വകലാശാലകൾ, സഹകരണ സ്ഥാപനങ്ങൾ, ഉത്പാദക സംഘങ്ങൾ, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയുടെ കൂട്ടായ പ്രവർത്തനങ്ങൾ ഇതിനാവശ്യമാണ്.

കോഴിവളർത്തലിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ കർഷക ഉല്പാദക ഓർഗനൈസേഷൻ/കമ്പനി എന്നിവ തുടങ്ങണം. ഇറച്ചികോഴിവളർത്തലിനെ കൃഷിയായോ ചെറുകിട വ്യവസായമായോ പരിഗണിക്കാത്തതുമൂലം കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുമില്ല. കോഴിയിറച്ചി കഴിക്കുന്നവരുടെ എണ്ണം വർധിച്ചു വരുമ്പോൾ ഉല്പാദകർ പിന്തിരിയേണ്ടിവരുന്നത് ആഭ്യന്തര ഉല്പാദനത്തെ പ്രതികൂലമായി ബാധിക്കും. ഇറച്ചിക്കോഴികൾക്കു സുസ്ഥിരവിപണി ഉറപ്പുവരുത്താൻ ചിക്കൻ പ്രൈസസ് ബോർഡ് രൂപീകരിച്ച് തുടർച്ചയായി ഉല്പാദനചെലവ് വിലയിരുത്തി വില നിശ്ചയിക്കുന്ന രീതി കേരളത്തിൽ നടപ്പിലാക്കാവുന്നതാണ്.

(ബംഗളൂരു ട്രാൻസ്‌ ഡിസ്‌സിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻ്റ് ടെക്നോളജിയിലെ പ്രൊഫസറാണ് ലേഖകന്‍ .ഫോൺ : 9846108992 )

Leave a Reply

Your email address will not be published. Required fields are marked *