ഔഷധ ഗുണമുള്ള നന്നാറി സർബത്ത് വീട്ടിലുണ്ടാക്കാം.
ഹെമിഡസ്മസ് ഇൻഡിക്കസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഔഷധ സസ്യമാണ് നന്നാറി. നറുനീണ്ടി എന്ന പേരിലും ഇത് അറിയപ്പെടുന്നു. കാട്ടിലും തൊടിയിലും കാണപ്പെടുന്ന വള്ളി സസ്യമാണിത്. ചെടി വലുതാകുന്തോറും ഇതിൻ്റെ വേര് തടിച്ചു വരും. തടിച്ച വേര് ചെത്തി കഴുകി വൃത്തിയാക്കിയാണ് ദാഹശമനിയായി ഉപയോഗിക്കുന്നത്. തീഷ്ണഗന്ധമുള്ള വേര് വെളളത്തിലിട്ടു വെച്ചാൽ നല്ല
തണുപ്പുണ്ടാകും. ദാഹശമനിയുടെ രൂപത്തിലാണ് ഇത് നമ്മുടെ മുന്നിലെത്തുന്നതെങ്കിലും ഇതിൻ്റെ ഇലയും തണ്ടും വേരും വിവിധ ആയുർവേദ ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ദക്ഷിണേഷ്യയിൽ കണ്ടുവരുന്ന ഈ സസ്യം ഇന്ത്യയിലും എല്ലായിടത്തുമുണ്ട്. അനന്തമൂൽ എന്നാണ് ഇത് സംസ്കൃതത്തിലും ഹിന്ദിയിലും അറിയപ്പെടുന്നത്. ആസ്തമ ,ത്വക് രോഗങ്ങൾ, അതിസാരം
എന്നിവയുടെ ചികിത്സയ്ക്ക് ഇത് ഉപയോഗിക്കുന്നു. തമിഴ് നാട്, കർണ്ണാട, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നന്നാറി വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. സർബത്ത് ഉണ്ടാക്കാനുള്ള സ്ക്വാഷായിട്ടാണ് ഇത് കൂടുതൽ വിറ്റുവരുന്നത്. ആയുർവേദ മരുന്നുകടകളിൽ ഇതിൻ്റെ വേര് വാങ്ങാൻ കിട്ടും. ഓൺലൈനായും കിട്ടും. ഇതിൻ്റെ സ്ക്വാഷ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. ഉണ്ടാക്കുന്ന വിധം: നന്നാറിയുടെ വേര് നന്നായി ചെത്തി വൃത്തിയാക്കി വെള്ളത്തിലിട്ട് കഴുകിയെടുക്കുക. ഇത് ഇടിച്ച് രണ്ട് ലിറ്റർ വെള്ളത്തിലിട്ട്
തിളപ്പിക്കുക. സ്വാദിന് ഇതിൽ ഒരു ഏലക്കയും പൊടിച്ചിടാം.
തിളയ്ക്കുമ്പോൾ നന്നാറിയുടെ നല്ല മണം വരും. ഇനി ഇതിലേക്ക് പഞ്ചസാരലായനി ചേർക്കണം. ലായനി ഉണ്ടാക്കാനായി അരക്കിലോ പഞ്ചസാര തവയിലിട്ട് വെള്ളമൊഴിക്കാതെ ഉരുക്കിയെടുക്കുക. ഈ ലായനി നന്നാറി തിളപ്പിച്ച വെള്ളത്തിലേക്ക് മെല്ലെ ഒഴിച്ച് ഇളക്കി കൊടുക്കുക. തണുത്തു കഴിഞ്ഞാൽ അരിപ്പ ഉപയോഗിച്ച് അരിച്ച് നന്നാറി സിറപ്പ് വേർതിരിക്കുക. ഇത് ഏകദേശം ഒന്നര ലിറ്ററിലധികം കാണും. കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് വെള്ളം ചേർത്ത് ഉപയോഗിക്കാം.
ചിത്രങ്ങൾ: ഷിംജിത്ത് തില്ലങ്കേരി