മത്സ്യഫെഡിന്റെ കേരള സീഫുഡ് കഫേ ആഴാകുളത്ത്
ഫിഷറീസ് വകുപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യവിഭവ റസ്റ്റോറന്റ് ‘കേരള സീഫുഡ് കഫേ’ തുറന്നു. വിഴിഞ്ഞം ആഴാകുളത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കേരളമൊട്ടാകെ സീഫുഡ് റസ്റ്റോറന്റുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ആദ്യഘട്ടത്തിൽ 14 ജില്ലാ ആസ്ഥാനങ്ങളിലും രണ്ടാം ഘട്ടത്തിൽ പ്രധാന ടൗൺഷിപ്പുകളിലും മൂന്നാം ഘട്ടമായി പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. വിഴിഞ്ഞത്ത് സമുദ്ര ഭക്ഷ്യ സംസ്കരണ യൂണിറ്റ് രണ്ടാഴ്ചയ്ക്കകം പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ന്യായ വിലയ്ക്ക് ഗുണമേന്മയുള്ള മത്സ്യവിഭവങ്ങളും നല്ല ഭക്ഷണവും ലഭ്യമാക്കുകയാണ് സീ ഫുഡ് റസ്റ്റോറന്റുകൾ ലക്ഷ്യമാക്കുന്നത്. 1.5 കോടി രൂപ മുതൽ മുടക്കിൽ 367 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ
പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത കെട്ടിടത്തിലാണ് കേരള സീ ഫുഡ് കഫേ പ്രവർത്തിക്കുന്നത്. ഒരേ സമയം 60 പേർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ തനത് മത്സ്യ വിഭവങ്ങൾക്ക് പുറമെ വിദേശ ടൂറിസ്റ്റുകൾക്ക് പ്രിയപ്പെട്ട മത്സ്യ വിഭവങ്ങൾ തയാറാക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഷെഫുകളുടെ സേവനവും ലഭ്യമാണ്. മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ അധ്യക്ഷത വഹിച്ചു. വെങ്ങനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ.പി.സഹദേവൻ, ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, കെ.എസ്.സി.എ.ഡി.സി മാനേജിങ് ഡയറക്ടർ പി.ഐ ഷേക് പരീത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.