20 ദോശ വിഭവങ്ങളുമായി ഹരിയാനയിൽ കുടുംബശ്രീ രുചി
ദേശീയ ഗ്രാമീണ വികാസ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്നുവരുന്ന ആജീവിക സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്ത്യന്‍ വുമണ്‍സ് ഫുഡ് കോര്‍ട്ടില്‍ തൃശ്ശൂർ കോര്‍പ്പറേഷന്റെ കല്യാണി ഗ്രൂപ്പ് താരമായി. കുടുംബശ്രീയുടെ കീഴിലുള്ള എൻ.ആർ.ഒ.യാണ് (നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍) ഇന്‍ഡ്യ ഫുഡ് കോര്‍ട്ടിന് നേതൃത്വം നല്‍കുന്നത്.
ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെ 29 ഭക്ഷണ സ്റ്റാളിലായി 250 വനിതകളാണ് ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്നത്. തൃശൂർ കോര്‍പ്പറേഷന്റെ കല്യാണി കഫേയുടെ 20 ല്‍ പരം ദോശ വിഭവങ്ങളാണ് ഭക്ഷണ പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റിയത്. ബീറ്റ്‌റൂട്ട് ദോശ, എഗ് ദോശ, കാശ്മീരി ദോശ, ചൈനീസ് ദോശ തുടങ്ങി വ്യത്യസ്തമായ ദോശ വിഭവങ്ങള്‍ തയ്യാറാക്കിയാണ് കല്യാണി ടീം ശ്രദ്ധാകേന്ദ്രമായത്.
തൃശൂര്‍ കോര്‍പ്പറേഷന്‍ 42-ാം ഡിവിഷനില്‍ നിന്നുള്ള ദിവ്യ ഷാജി, സിജി സന്തോഷ്, ബിന്ദു ജനാര്‍ദ്ദനന്‍ എന്നിവരാണ് കല്യാണി ഗ്രൂപ്പിന് ഹരിയാനയില്‍ നേതൃത്വം നല്‍കുന്നത്. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷനുകളുടെ നേതൃത്വത്തിലാണ് മേളയിലേക്കായി യൂണിറ്റിനെ തിരഞ്ഞെടുത്തത്. ദേശീയ ഭക്ഷ്യമേളയില്‍ ഇവര്‍ക്ക് വേണ്ട സാങ്കേതിക പിന്തുണ നല്‍കുന്നത് തൃശ്ശൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പരിശീലന സ്ഥാപനമായ ഐഫ്രമാണ്. മേള ഒക്ടോബർ 23നാണ് അവസാനിക്കുക.