വിംസീ ഞങ്ങൾക്കൊപ്പം എത്തിയ സായാഹ്നം 

ടി. സുരേഷ് ബാബു
ഞങ്ങളെ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ച ഗുരു വിംസീ എന്ന വി.എം.ബാലചന്ദ്രന്‍ കര്‍മനിരതമായ ജീവിതത്തില്‍നിന്ന് മണ്‍മറഞ്ഞിട്ട്15 വര്‍ഷമായി.എന്നാൽ കോഴിക്കോട് അളകാപുരിയിലെ ജൂബിലിഹാളില്‍ നിറഞ്ഞ സദസ്സില്‍ അദ്ദേഹം പുനര്‍ജനിച്ചു.

പഴയ റോബിന്‍സണ്‍ റോഡിലെ മാതൃഭൂമി ന്യൂസ്‌റൂമിലിരുന്ന് ന്യൂസ് എഡിറ്റര്‍ വിംസീ ബഹളത്തോടെ സംസാരിക്കുന്നതും വഴക്കു പറയുന്നതും പൊട്ടിച്ചിരിക്കുന്നതും വീണ്ടും കേട്ടു. ആരെയും കൂസാത്ത വിംസീയുടെ ചിമുക്കുള്ള നിലപാടുകളും കാല്‍ കൊണ്ട് ചെത്തി ഗോളുകള്‍ പോസ്റ്റിലിടുന്ന കളിയെഴുത്തു ശൈലിയും വീണ്ടും ഓര്‍മയിലെത്തി.

എഡിറ്റിങ് അദ്ദേഹത്തിന് ഒരു കലയായിരുന്നു.എഡിറ്റിങ് എന്നതു വെറും വെട്ടിക്കളയലല്ല അതു കൂട്ടിച്ചേര്‍ക്കല്‍കൂടിയാണെന്ന് ഞങ്ങളെ പഠിപ്പിച്ചത് വിംസീയാണ്. എഴുതുമ്പോള്‍ അദ്ദേഹം പരിസരം മറക്കും. തല കുമ്പിട്ടിരുന്ന് തുടര്‍ച്ചയായ എഴുത്താണ്. അതു തീരുമ്പോഴേക്കും കയ്യിലിരുന്ന സിഗരറ്റ് മിക്കവാറും എരിഞ്ഞു തീരാറായിട്ടുണ്ടാകും.

എനിക്ക് ആരാധന തോന്നിയിട്ടുള്ള മനോഹരമായ കൈയക്ഷരമായിരുന്നു വിംസീയുടേത്. അതിലും മനോഹരമായിരുന്നു ആ കൈയൊപ്പ്. വി. രാജഗോപാല്‍ വിംസീയുടെ ഒപ്പ് അതേപടി പകര്‍ത്തുമായിരുന്നു.

വിംസീയുടെ ജന്മശതാബ്ദിയുടെ ഭാഗമായി സീനിയര്‍ ജേണലിസ്റ്റ് ഫോറവും കുടുംബാഗംങ്ങളും ചേര്‍ന്നു സംഘടിപ്പിച്ച അനുസ്മരണവും മികച്ച വനിതാ ഫുട്ബാള്‍താരത്തിനുള്ള അവാര്‍ഡ്‌സമര്‍പ്പണവും എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള  സായാഹ്നമാണ് സമ്മാനിച്ചത്.

രണ്ടര മണിക്കൂര്‍ ഒരേയിരുപ്പിരുന്നു പ്രസംഗകരുടെ വാക്കുകള്‍ കേട്ടു. മാതൃഭൂമിയിലെ സഹപ്രവര്‍ത്തകര്‍ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മറ്റു പത്രങ്ങളില്‍നിന്ന് വിരമിച്ച പത്രപ്രവര്‍ത്തകരും വിംസീയെ അടുത്തറിയാവുന്നവരും ചടങ്ങിനെത്തിയിരുന്നു.

അനാദരവിനെ വിശ്വാസ പ്രമാണമാക്കിയ, അനാദരവിനെ ഉത്തരവാദിത്തത്തോടെ ഉള്‍ക്കൊണ്ട പത്രപ്രവര്‍ത്തകന്‍ വിംസീയെക്കുറിച്ചാണ് മാതൃഭൂമിയുടെ മുന്‍ ഡെപ്യൂട്ടി എഡിറ്ററായ സി.പി. വിജയകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിച്ചത്. ‘കാവല്‍നായയോ മടിയിലിരിക്കും അടിമയോ- ഇന്ത്യന്‍മാധ്യമങ്ങള്‍ക്ക് എന്താണു സംഭവിക്കുന്നത് ‘ എന്ന വിഷയത്തെക്കുറിച്ച്  മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ നടത്തിയത് ഉജ്വലപ്രഭാഷണമാണ്.

ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങള്‍ ഇന്നത്തെ ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ അഞ്ചാംപത്തിയായി മാറുകയാണെന്ന് അദ്ദേഹം വേദനയോടെ ചൂണ്ടിക്കാട്ടി. അഭിഭാഷകരും പത്രപ്രവര്‍ത്തകരും സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ആദര്‍ശങ്ങള്‍ക്കുവേണ്ടിയായിരുന്നു അന്നത്തെ പത്രപ്രവര്‍ത്തനം. ഇന്നാവട്ടെ സാമ്പത്തികനേട്ടം മാത്രമാണ് പലരുടെയും ലക്ഷ്യമെന്ന് അദ്ദേഹം പരിതപിച്ചു.

പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്ത മൂന്നുപേരുടെ സംസാരം ശ്രദ്ധേയമായിരുന്നു. തന്റെ ക്രിക്കറ്റ്കളിയെയും പഠനത്തെയും അടുത്തറിഞ്ഞു പ്രോത്സാഹിപ്പിച്ചിരുന്ന ജ്യേഷ്ഠന്‍ ബാലചന്ദ്രനെക്കുറിച്ചാണ് വി.എം.വേണുഗോപാല്‍ സംസാരിച്ചത്. വിംസീയുടെ അഞ്ചു പേരക്കുട്ടികളില്‍ ഒരാളായ അനു കൃഷ്ണന്‍ അഛ്ഛന്റെ കര്‍ക്കശമായ നീതിബോധമാണ് തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് എന്നാണ് പറഞ്ഞത്.

അഛ്ഛന്റെ അപൂര്‍ണമായ ആത്മകഥ എഴുതിയെടുത്തത് അനുവാണ്. പത്തോ പതിനഞ്ചോ പേജെഴുതിയ ഒരധ്യായം അഛ്ഛന്‍ പൂര്‍ണമായും വെട്ടിക്കളഞ്ഞ കാര്യം അനു വെളിപ്പെടുത്തിയപ്പോള്‍ അതു ഞങ്ങള്‍ക്ക് പുതിയൊരു അറിവായിരുന്നു. കാസർകോട് ബങ്കളത്തെ പി. മാളവികക്കാണ് മികച്ച ഫുട്ബാള്‍താരത്തിനുള്ള അമ്പതിനായിരം രൂപയുടെ അവാര്‍ഡ് സമ്മാനിച്ചത്.

ഇന്ത്യന്‍ ടീമിന്റെ കോച്ചിങ് ക്യാമ്പിലായതിനാല്‍ മാളവികക്ക് ചടങ്ങിലെത്താനായില്ല. പകരം അമ്മയാണ് അവാര്‍ഡ് സ്വീകരിച്ചത്. ആ അമ്മ ഒരു വാക്കുപോലും സംസാരിച്ചില്ല. പക്ഷേ, മാളവികയെ കണ്ടെടുത്ത് ഈ നിലയിലേക്കുയര്‍ത്തിയ കോച്ച് ധനീഷ് ബങ്കളം ആ അമ്മയുടെ നിശ്ശബ്ദമായ ത്യാഗത്തിന്റെ കഥ ഞങ്ങളോടു പറഞ്ഞു.

അര്‍ഹിക്കുന്ന കൈകളിലേക്കാണ് ഈ അവാര്‍ഡ് എത്തിയത് എന്നാണപ്പോള്‍ തോന്നിയത്. ഒരു പ്രതിഫലവും വാങ്ങാതെ ഒരുപാട് കുട്ടികളെ ഫുട്ബാള്‍ രംഗത്തേക്ക് കൊണ്ടുവന്നിട്ടുള്ള ധനീഷിനെപ്പോലുള്ള കോച്ചുമാര്‍ ഇനിയുമുണ്ടാവട്ടെ എന്നാഗ്രഹിച്ചുപോയി. വിംസീ ഇന്നുണ്ടായിരുന്നെങ്കില്‍ മാളവികയെയും ധനീഷിനെയും തന്റെ കളിയെഴുത്തിലൂടെ ഉയരങ്ങളിലേക്ക് നയിക്കുമായിരുന്നു.

അനുസ്മരണച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് പി.പി. അബൂബക്കര്‍ വിംസീയുടെ ആത്മകഥ പുസ്തക രൂപത്തിലാക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചു. ജന്മശതാബ്ദിക്കാലത്ത് വിംസീക്ക് നല്‍കാവുന്ന വലിയൊരു ആദരവായിരിക്കും അത്.

മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍താരം വിക്ടര്‍ മഞ്ഞില, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, സീനിയര്‍ ജര്‍ണലിസ്റ്റ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, ഫോറം ജില്ലാസെക്രട്ടറി എം. സുധീന്ദ്രകുമാര്‍, വൈസ് പ്രസിഡന്റ് അശോക് ശ്രീനിവാസ് എന്നിവരും സംസാരിച്ചു. (വിംസീയോടൊപ്പം പ്രവർത്തിച്ച ലേഖകൻ മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററാണ് )