ഉണ്ടച്ചി മാവും മാങ്ങാപെരക്കും പിന്നെ ഞാനും
മാമ്പഴക്കാലമായാൽ നാട്ടിലെത്താൻ ധൃതിയാണ്. നാടൻ മാങ്ങയും ചക്കയും കശുമാങ്ങയും ഒക്കെ തിന്നാനുള്ള ധൃതി. വീട്ടുപറമ്പിലെ ഉണ്ടച്ചി മാവിൻ്റെ മാങ്ങകൊണ്ട് ‘പെരക്ക്’ ഉണ്ടാക്കാൻ അമ്മ വിദഗ്ദയാണ്. എന്നാൽ അതിന് വലിയ വൈദഗ്ദ്യമൊന്നും വേണ്ട.
പഴുത്ത മാങ്ങ തോലോടെ ചെറുതായി അരിഞ്ഞ് അതിൽ ഉപ്പും വറ്റൽമുളകും മുളകുപൊടിയും വെളിച്ചെണ്ണയിൽ മൂപ്പിച്ച് കടുകും പൊട്ടിച്ചിട്ടാൽ മാങ്ങാപെരക്കായി. വേനൽക്കാലത്ത് കഞ്ഞിയും മാങ്ങാപെരക്കും ചേർത്തുള്ള ലഞ്ച് ഓർമ്മയിലെ ഒരു ലഡുവാണ്. ആ ഓർമ്മ പുതുക്കലാണ് നാട്ടിലേക്കുള്ള മാമ്പഴക്കാലത്തെ ഓരോ യാത്രയും.
ഉണ്ടച്ചി മാവിൻ്റെ കഥ
അച്ഛൻ മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റായിരുന്നു. കിടക്കാനൊരിടം തേടി വന്ന പാറുവിനും കുടുംബത്തിനും തൻ്റെ വീടിനോട് ചേർന്ന് ഒരു ഓലപ്പുര കെട്ടി താമസ്സിച്ചോളാൻ അച്ഛൻ പറഞ്ഞു. ഓലപ്പുര അച്ഛനും നാട്ടുകാരും കൂടി നിർമ്മിച്ചു. ഇത് ഞാൻ ജനിക്കുന്നതിനു മുമ്പുള്ള കാര്യം. ഓർമ്മവെച്ച കാലം മുതൽ പാറുവേടത്തിയുടെ മക്കളായ ഗോവിന്ദനും നാരായണിയും ഞങ്ങളുടെ കളിക്കൂട്ടുകാരാണ്.
പാറുവേടത്തിയെ നാട്ടുകാർ ‘ഉണ്ടച്ചിപ്പാറു’വെന്നു വിളിച്ചു. ഉയരം കുറഞ്ഞതാണത്രെ ഈ പേരിനാധാരം. തുടർന്ന് പാറുവേച്ചിയുടെ മക്കളും ഉണ്ടച്ചി ഗോവിന്ദനും ഉണ്ടച്ചി നാരായണിയുമായി. എന്നാൽ ഉണ്ടച്ചി വീട്ടുപേരാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. പാറുവേടത്തിയുടെ വീട്ടുമുറ്റത്ത് അച്ഛൻ നട്ട ഒരു മാവുണ്ടായിരുന്നു.ആ മാവിനും നാട്ടുകാർ ഉണ്ടച്ചിമാവ് എന്ന് നാമകരണം ചെയ്തു.
അതിലെ മാങ്ങ ഉരുണ്ടതായിരുന്നുതിനാൽ ഉണ്ടച്ചിമാങ്ങയുമായി. കുടികിടപ്പവകാശം നിയമമായപ്പോൾ അച്ഛൻ പാറുവേച്ചിക്ക് മാവ് ഉൾപ്പെടുന്ന 10 സെൻറ് സ്ഥലം പതിച്ചുകൊടുത്തു. കാലം ഏറെക്കഴിഞ്ഞു. പാറുവേടത്തി അപകടത്തിൽ മരണപ്പെട്ടതോടെ മക്കൾ നാടുവിട്ടു. സ്ഥലവും വീടും അച്ഛൻ പാറുവേച്ചിയുടെ മക്കളിൽ നിന്ന് വിലക്കു വാങ്ങുകയും ചെയ്തു. ഉണ്ടച്ചി മാവ് വളർന്ന് പന്തലിച്ച് മുത്തശ്ശിമാവായി മാറി.
ഏകദേശം 10 സെൻ്റ് സ്ഥലത്ത് അത് പന്തലിച്ച് വളർന്നു കഴിഞ്ഞു. ഒന്നിടവിട്ട വർഷങ്ങളിലെ മാവ് പൂക്കാറുള്ളു. ഒന്നു കാറ്റടിച്ചാൽ മാങ്ങയുടെ ചാകരയാണ്. മുമ്പൊക്കെ കുട്ടികൾ പാള കോട്ടിയുണ്ടാക്കിയ പാത്രവുമായി വന്ന് മാങ്ങകൊണ്ടുപോകും. ഇപ്പോൾ വഴിയാത്രക്കാരും
സ്കൂൾ കുട്ടികളും മാവിൻചുവട്ടിലെ നിത്യസന്ദർശകരായി. പാള പാത്രം പ്ലാസ്റ്റിക്ക് സഞ്ചിക്ക് വഴിമാറിയതാണ് ഒരുമാറ്റം. മാമ്പഴക്കാലത്ത് എല്ലാ ദിവസവും അമ്മയ്ക്ക് മാങ്ങാപെരക്ക് നിർബന്ധമാണ്.
എന്നാൽ മാവിൻ ചുവട്ടിൽ ആൾക്കാർ കൂടിയപ്പോൾ അമ്മയുടെ ‘പെരക്ക്’ നടക്കാതായി. മാങ്ങ സ്വപ്നം കണ്ട് നാട്ടിലെത്തിയ എനിക്കും മാങ്ങകിട്ടാതായി. രാവിലെ നാല് മണിക്ക് നാട്ടുകാർ ടോർച്ചുമായി മാവിൻ ചുവട്ടിലെത്തും. ആറ് മണിക്ക് എഴുന്നേൽക്കുന്ന എനിക്കെവിടെ മാങ്ങകിട്ടാൻ. പകലാണെങ്കിൽ വീഴുന്നതിനു മുമ്പേ ‘കേച്ചെടുക്കാൻ’കുട്ടികളുമെത്തും.
ഇതവരുടെ അവകാശമാണ്.അച്ഛൻ തുടങ്ങിവെച്ച ഈ അവകാശം ഞങ്ങളായി നിഷേധിച്ചില്ല. പെരക്ക് കിട്ടിയില്ലെങ്കിൽ അമ്മ ഊണ് കഴിക്കില്ല. ചില ദിവസങ്ങളിൽ നാട്ടുകാരുടെ ഔദാര്യത്തിൽ അമ്മക്ക് പെരക്കിനുള്ള മാങ്ങകിട്ടും. പെരക്ക് നടക്കാതായപ്പോൾ ഞാൻ ഒരു രാത്രി മുഴുവൻ മാവിൻ ചുവട്ടിൽ കസേരയിട്ട് ഉറങ്ങാതിരുന്നു.
വവ്വാലുകളുടെ ചിറകടികേട്ടാൽ മാങ്ങ വീഴും. അമ്പലത്തിലെ പാട്ടുതുടങ്ങിയ പുലർച്ചെ അഞ്ച് മണിയോടെ ഒരു കൊട്ട മാങ്ങയുമായി ഞാൻ വീട്ടിലെത്തി. ഇതൊന്ന് പെരക്കണം – മാങ്ങ ഭാര്യയുടെ കൈയിൽ കൊടുത്തു. ഭാര്യയ്ക്കും സന്തോഷമായി. ഉറക്കം ബാക്കിയുണ്ട്. ഞാൻ കയറി കിടന്നു. ഉച്ചയ്ക്ക് മാങ്ങാ പെരക്ക് കൂട്ടികുഴച്ച് കിടിലൻ ഊണ്. മനം കുളിർന്നു.
(മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയരക്ടറാണ് ലേഖകൻ )