ഗജരാജൻ ഗുരുവായൂർ കേശവന് ശ്രദ്ധാഞ്ജലി

ഘോഷയാത്രയായി എത്തിയ ഗജവീരമാർ ഗജരാജൻ ഗുരുവായൂർ കേശവന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ നിന്നാണ് ഒമ്പത്‌ ഗജവീരന്മാര്‍ എത്തിയത്. കേശവൻ അനുസ്മരണ ദിനത്തിൽ ശ്രീവത്സം അതിഥി മന്ദിരത്തിലെ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെത്തിയായിരുന്നു ഇളമുറക്കാരുടെ പ്രണാമം.

കൊമ്പൻ ഇന്ദ്ര സെൻ കേശവൻ്റെ പ്രതിമയെ അഭിവാദ്യം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കേശവൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. രാവിലെ എഴു മണിയോടെയാണ് ഗജരാജൻ കേശവൻ അനുസ്മരണ ഗജഘോഷയാത്ര തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ


നിന്ന് തുടങ്ങിയത്. ദേവസ്വം കൊമ്പൻ ഇന്ദ്ര സെൻ ഗുരുവായൂർ കേശവൻ്റെ കോലമേറ്റി. ബൽറാം ഗുരുവായൂരപ്പൻ്റെ ചിത്രവും ഗോപീകണ്ണൻ മഹാലക്ഷ്മിയുടെ ചിത്രവും വഹിച്ചു. ഗജഘോഷയാത്ര പുതിയ റെയിൽവേ മേൽപ്പാലത്തിലൂടെ സഞ്ചരിച്ച് ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലെത്തി. തുടർന്ന് കിഴക്കേ നടയിലെത്തിയപ്പോൾ ഗജവീരൻമാർ ദീപസ്തഭത്തിന്  സമീപം

ഗുരുവായൂരപ്പനെ വണങ്ങി. പിന്നീട് രുദ്ര തീർത്ഥക്കുളം വലം വെച്ച് തെക്കേ നടയിലൂടെ ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ ശേഷമായിരുന്നു ഗുരുവായൂർ കേശവൻ അനുസ്മരണം.

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി.നായർ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *