കാഞ്ഞങ്ങാട് സ്പർഷ് സേവന കേന്ദ്രം തുടങ്ങി
സ്പർഷ് സേവന കേന്ദ്രം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് പ്രവർത്തനം തുടങ്ങി. ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ഐ.ഡി.എ.എസ് ടി.ജയശീലൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ തുറക്കുന്ന പതിനൊന്നാമത്തെ കേന്ദ്രമാണിതെന്ന് ടി.ജയശീലൻ പറഞ്ഞു. പന്ത്രണ്ടാമത് സ്പർഷ് സേവന കേന്ദ്രം അടുത്ത മാസം കോഴിക്കോട്ട് തുറക്കും. ഇടുക്കി, മലപ്പുറം ജില്ലകൾ മാത്രമാണ് കവർ ചെയ്യാൻ അവശേഷിക്കുന്നത്. ഈ ജില്ലകളിൽ കേന്ദ്രം തുറക്കുന്നതിനുള്ള നടപടിയും അതുവഴി കേരളത്തിലെ എല്ലാ ജില്ലയിലും സ്പർഷ് സേവന കേന്ദ്രം സ്ഥാപിക്കുന്നതും ഉറപ്പാക്കും.
കാഞ്ഞങ്ങാട്ടുള്ള സ്പർഷ് സേവന കേന്ദ്രം കാസർകോട് ജില്ലയിലെ ഏകദേശം 4000 പ്രതിരോധ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും സേവനം നൽകും. കൂടാതെ കാഞ്ഞങ്ങാടിൻ്റെ സമീപ പ്രദേശങ്ങൾക്കും പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ പെൻഷൻ വിതരണത്തിനായി അവതരിപ്പിച്ച വെബ് അധിഷ്ഠിത പെൻഷൻ വിതരണ മൊഡ്യൂളാണ് സ്പർഷ്. ഇന്ത്യയിലുടനീളമുള്ള 32 ലക്ഷം പ്രതിരോധ പെൻഷൻകാരിൽ / ഡിഫൻസ് ഫാമിലി പെൻഷൻകാരിൽ ഏകദേശം 90 ശതമാനം പേർ ഇതിനകം സ്പർഷിലേക്ക് മാറിയിട്ടുണ്ട്. ബാക്കി പെൻഷൻകാർ ഘട്ടം ഘട്ടമായി സ്പർഷിലേക്ക് വരും.
വാർഷിക തിരിച്ചറിയൽ, പാൻ, ആധാർ, മൊബൈൽ നമ്പറുകളുടെ അപ്‌ഡേറ്റ്, പ്രൊഫൈൽ അപ്‌ഡേറ്റ്, കുടുംബ പെൻഷൻ ആരംഭിക്കൽ, പ്രതിരോധ പെൻഷനുമായി ബന്ധപ്പെട്ട സംശയനിവാരണം തുടങ്ങിയ എല്ലാ സേവനങ്ങളും സ്പർഷ് സേവന കേന്ദ്രം നൽകും. എ.സി.ഡി.എ ആർ.നാരായണ പ്രസാദ്, കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സിലെ ഉദ്യോഗസ്ഥർ, കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് കാസർകോട് ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.