ഓണ നിലാവിന്റെ കുളിരിൽ വിരിഞ്ഞ ഓർമ്മപ്പൂക്കൾ
ഓണാശംസകൾ ഓർമ്മിപ്പിക്കുന്ന ഒരു ഓണക്കാലം വീണ്ടും നമ്മുടെ പടിവാതിൽക്കൽ. പഴയ ഓണക്കാലങ്ങളുടെ പ്രൗഡിയും ആഘോഷങ്ങളും ഐശ്വര്യവും വർണ്ണങ്ങളും സ്നേഹവും ഇന്നില്ല. എങ്കിലും ഓണത്തിന്റെ തിളക്കമാർന്ന ആ നല്ല ഓർമ്മകൾ പകരുന്ന വർണ്ണാഭമായ ചിന്തകൾ കൊണ്ട് നമ്മുടെയൊക്കെ മനസ്സുകളിൽ നാം പൂക്കളങ്ങൾ തീർക്കുന്നു. കൂടെ നാം അറിയാതെ കുറെ നൊമ്പരങ്ങളും മനസ്സിൽ ചേക്കേറുന്നു. എങ്കിലും നമുക്ക് ആഘോഷിക്കാം വീണ്ടുമൊരു പൊന്നോണം.
നിങ്ങൾ ഏവരും കാണാന്‍ കൊതിക്കുന്ന വർണ്ണങ്ങളും കേൾക്കാനായി കാതോർത്തിരുന്ന ഓണപ്പാട്ടുകളും കൊണ്ട് ധന്യമാകട്ടെ ഈ ഓണക്കാലം. ഏറെ പ്രതീക്ഷകളും മോഹങ്ങളും നമ്മുടെ മനസ്സുകളിൽ മാധുര്യമേറിയ ഓണപ്പാട്ടുകളുടെ ഈരടികൾ പോലെ അലയടിക്കുമ്പോൾ ഇനിയൊരു ഓണക്കാലത്തെ വരവേൽക്കാനായി
ഓരോ മലയാളിയും ഒരുങ്ങുകയാണ്.
ഓണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആ നല്ല നാളുകളുടെ വർണ്ണസുരഭിലമായ ഓർമ്മകൾ നമുക്കെല്ലാം ഒരു പുത്തൻ ഉണർവ് നൽകി നമ്മെ മുന്നോട്ടു നയിക്കുന്നു… അനന്തമായ ലക്ഷ്യത്തിലേക്ക്…..
ബാല്യകൗമാര കാലങ്ങളിലെ ഓണം തന്നെയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത്. ആ ഓർമ്മകൾ തന്നെയാണ് നമ്മുടെ മനസ്സുകളിൽ മായാതെ തെളിഞ്ഞു നിൽക്കുന്നതും.
ഓണക്കാലങ്ങളിൽ പത്തായപ്പുരയിൽ കഴിച്ചുകൂട്ടിയ രാത്രികളും പാലപ്പൂവിന്റെ വശ്യഗന്ധം ഉറക്കം നഷ്ടപ്പെടുത്തിയ രാത്രികളും രാത്രിയുടെ അന്ത്യയാമങ്ങളിൽ പാലച്ചുവട്ടിൽ ഇരുന്ന് പൂർണ്ണ ചന്ദ്രനെ നോക്കി ആ നിലാവിന്റെ കുളിരും സൗന്ദര്യവും മതിയാവോളം ആസ്വദിച്ചതും എന്നും ഞാൻ എന്റെ മനസ്സിനോട് ചേർത്തുവയ്ക്കുന്ന ഓർമ്മകൾ തന്നെയാണ്.
കൗമാര യൗവന കാലങ്ങളിൽ കണ്ണുകൊണ്ട് അളന്നു തീർത്ത പാടങ്ങളും മനസ്സുകൊണ്ട് കീഴടക്കിയ കുന്നുകളും മനസ്സിൽ കാണാത്ത ഛായാ ചിത്രങ്ങൾ വരച്ചു. നാട്ടിൻപുറത്തെ ശാലീനസൗന്ദര്യം മുഴുവനായും മനസ്സിൽ ഒപ്പിയെടുത്ത സുവർണ്ണകാലങ്ങൾ….ഓണക്കാലങ്ങളിലെ അനുഭവങ്ങൾ ചിലതെല്ലാം ഏറെ രസകരവും ഇപ്പോൾ അതിനെക്കുറിച്ച് ഓർക്കുമ്പോൾ അന്നുണ്ടായിരുന്ന ധൈര്യവും ആത്മവിശ്വാസവും ജീവിതത്തിൽ പിന്നീട് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും മനസ്സിലാക്കുന്നു.
സ്ഥിരമായി ഞങ്ങളുടെ വീടിന്റെ പിറകുവശത്തുള്ള പറമ്പിൽ കെട്ടാറുള്ള അമ്പലത്തിലെ ആനയെ എനിക്ക് ഏറെ ഇഷ്ടമായിരുന്നു. അവനെന്നെയും. ഉത്രാടം നാളിൽ ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും ഉറക്കമായപ്പോൾ ഞാൻ ആരുമറിയാതെ ആനയുടെ അടുത്ത് ചെന്ന് പാപ്പാനോട് ആനപ്പുറത്ത് കയറ്റാന്‍ ആവശ്യപ്പെട്ടപ്പോൾ എന്നെ ആന പുറത്തു കയറ്റി പറമ്പിലൂടെ ഒരു ചെറിയ സവാരി നടത്തിയത് ഓർമ്മ വരുന്നു. ഇത് കണ്ടുവന്ന അച്ഛന്റെ ശകാരവും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു.
ഒരു ഓണക്കാലത്താണ് സൈക്കിൾ ചവിട്ടാൻ പഠിച്ചത്. സൈക്കിളിൽ വീട്ടിലേക്ക് തിരിച്ചു വരുന്ന സമയത്ത് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുമ്പോൾ വെള്ളം പോകുന്ന ചാലിലേക്ക് മറഞ്ഞുവീണത് ഇന്നും ഓർക്കുന്നു. ദേഹമാസകലം മുറിവുകളുമായി വീട്ടിലെത്തിയ എനിക്ക് മുറിവുകൾ നൽകിയ വേദനയേക്കാൾ അശ്രദ്ധയോടെ സൈക്കിൾ ഓടിച്ചതിന് കിട്ടിയ ശകാര വാക്കുകൾ നൽകിയ വേദനയാണ് ഓർമ്മയിൽ.
ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ പഴയ ഓണപ്പാട്ടുകൾ നമ്മുടെ മനസ്സുകളിൽ ഇന്നും സജീവം. ഓണക്കാലങ്ങൾക്ക് ഏറെ നിറവും സൗന്ദര്യവും സൗരഭ്യവും ഭാവനയും പകർന്ന് നമ്മുടെ മനസ്സുകളിൽ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പൂക്കളങ്ങൾ തീർത്ത ആ ഗാനങ്ങൾ ഓണത്തിന്റെ ഗതകാലസ്മരണകൾ പങ്കുവെക്കുന്നു.
എന്റെ ഒരു സുഹൃത്തിന്റെ വാക്കുകളിങ്ങനെ… “നിലാവ് പെയ്യുന്ന ഒരു ഉത്രാട രാത്രിയിൽ, പഴയ തറവാട്ട് മുറ്റത്ത് ചാരുകസേരയിൽ പൂർണ്ണ ചന്ദ്രനെ നോക്കി ഗാനഗന്ധർവ്വൻ ആലപിച്ച ഒരു ഓണപ്പാട്ടിന്റെ വരികൾ ഓർത്തു കിടന്നപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയ വികാരവിചാരങ്ങൾ അനിർവചനീയമാണ്. മനസ്സിനെ കടിഞ്ഞാൺ ഇടാൻ ഏറെ ബുദ്ധിമുട്ടിയ ആ വരികളുടെ രചന പി. കെ. ഗോപിയുടെതാണ്.
“ഉത്രാടരാവേ വരുമോ നീ
ഉലയാത്ത പൂനിലാ പുടവ ചുറ്റി
ആളറിയാതെ അനക്കമില്ലാതെ
ആശ്രമവും അറിയാതെ
എന്റെ ആത്മാവ് പോലും അറിയാതെ ”
അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ സുഹൃത്തിന്റെ വാക്കുകളിൽ….” വാർദ്ധക്യത്തിലും ഉന്മേഷത്തോടെ ജീവിച്ച അച്ഛന്റെയും നാമജപവും പൂജയും ഏകാദശി ഷഷ്ടി വ്രതങ്ങൾ നോറ്റും കഴിച്ചുകൂട്ടിയ അമ്മയുടെയും ഓർമ്മകൾ നിറഞ്ഞുനിന്ന തറവാട് ഇന്ന് ഓർമ്മകളായി” ഇത് പറയുമ്പോൾ ആ കണ്ണുകൾ നനയുന്നത് ഞാൻ ശ്രദ്ധിച്ചു.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ നമ്മുടെയൊക്കെ മനസ്സുകളെ ഏറെ നൊമ്പരപ്പെടുത്തുന്നവയാണ്.
” ഉണ്ണിക്കാലടികൾ പിച്ച നടന്നൊരീ
മണ്ണിനെ ഞാനിന്നും സ്നേഹിക്കുന്നു,
ആർദ്രമാം ചന്ദനത്തടിയിൽ എരിഞ്ഞൊരെൻ അച്ഛന്റെ ഓർമ്മയെ സ്നേഹിക്കുന്നു,
അരത്തുടം കണ്ണീരിൽ അത്താഴം വിളമ്പിയോരമ്മതൻ ഓർമ്മയെ സ്നേഹിക്കുന്നു”
കളി തീരുന്നതിനു മുൻപ് അരങ്ങൊഴിഞ്ഞ അനശ്വരകവി ഗിരീഷിന്റെ ആത്മാവ് ഇന്നും ഓണക്കാലത്ത് നമ്മുടെ മലയാള നാട്ടിൽ എത്തും എന്ന് ഞാൻ കരുതുന്നു. കാരണം ഭാഷയെയും മലയാള സംഗീതത്തെയും പ്രകൃതിയെയും ഗിരീഷ് അത്രക്കും സ്നേഹിച്ചിരുന്നു, പ്രണയിച്ചിരുന്നു.
ആവോളം ആസ്വദിച്ച് മതിവരാത്ത ആ കാലങ്ങൾ ഇനി ഒരിക്കൽ കൂടി തിരിച്ചുവന്നെങ്കിൽ എന്നോരോ ഓണക്കാലങ്ങളിലും മോഹിക്കാറുണ്ട്. അത് വെറും മോഹം ആണെന്നാലോചിക്കുമ്പോൾ മനസ്സിൽ ഏറെ നഷ്ടബോധം മാത്രം.
ആര്‍.കെ.ദാമോദരന്‍ എഴുതി രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ ഓണപ്പാട്ടിലെ വരികൾ ആ നല്ല കാലങ്ങളുടെ ഓർമ്മകൾ പങ്കു വെക്കുന്നു.
” ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും
ഓണവും അതിന്നീണവും
ഓർമയായി വെറും
ഓർമയായി ”
(എച്ച്.എം.വി.യിൽ തുടങ്ങി മൂന്നു പതിറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന കെ.കെ.മേനോന്‍ എ.ബി.സി.എൽ. ജനറൽ മാനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംഗീത സംവിധായകനും എഴുത്തുകാരനുമാണ്. )
നന്നായി എഴുതി …ഓണത്തെ കുറിച്ചുള്ള ഓർമ്മകളിലേക്ക് കൊണ്ടുപോയി ☘️🍂🌾🎋🌸🌼
നല്ല കുറേ ഓണത്തിന്റെ ഓർമ്മകൾ തരുന്ന എഴുത്ത് 👌👌👌👌💐🌹🙏
ഗഭീരമായിട്ടുണ്ട് ഗതകാല സ്മരണകൾ
ഓണത്തിന് മുൻപേ ഒരോണാഘോഷം!
Thank you KK
Beautiful trip down memory lane. Well expressed memories of a bygone era. Enjoyed reading.
വായിക്കാൻ നല്ല രസം….. ചെറുപ്പത്തിലെ ഓണകാലത്തേക്കുള്ള തിരിഞ്ഞു നോട്ടം…. വായിച്ചവരും ബാല്യത്തിലെ ഓണക്കാലത്തേക്ക് പോയി…
നമ്മുടെ ചെറുപ്പകാലത്തുള്ള ഓണം നമുക്ക് എന്നും നല്ല ഓർമ്മകൾ തരുന്ന ഒരു അനുഭവമാണ്.. ഈ എഴുത്ത് ആ ഓർമയുടെ വഴിയിലൂടെ ഞങ്ങളെ കൊണ്ടു പോയി. അഭിനന്ദനങ്ങൾ.
വളരെ ഹൃദയസ്പർശിയായി എന്നതിൽ അദ്‌ഭുതമില്ല. വായിച്ചപ്പോൾ മനസ്സ് വിവിധവർണങ്ങൾ നിറഞ്ഞ പൂങ്കാവനമായി മാറി. നീറുന്ന എന്റെ ഓർമകളിലും നഷ്ട്ടപ്പെട്ട ആഹ്ലാദത്തിന്റെ അലയൊലികൾ ആർത്തു കേട്ടു. ഒറ്റ വാക്കിൽ അതിമധുരം. വളരെ ഹൃദ്യം. ഇനിയുമിനിയും പല ഓർമകളെയും ഉണർത്തിക്കൊണ്ട് ആ തൂലിക ചലിച്ചുകൊണ്ടിരിക്കട്ടെ. ഹൃദയം നിറഞ്ഞ ഓണം ആശംസകൾ!!
👌🏻👌🏻👍🥰
Took me back to my own childhood memories of those times. It’s a small world when you realize how similar our experiences were. Well presented , KKM 🙏🏾
ചിങ്ങനിലാവിന്റെ മന്ദസ്മിതത്താല്‍ സുരലോകസുന്ദരിയായ ഭൂമീദേവി! ഗതകാലഓണസ്മരണകളില്‍ അഭിരമിക്കുന്ന മനസ്സ്! മതില്‍ക്കെട്ടുകളില്ലാതിരുന്ന അയല്‍പക്കങ്ങള്‍!!! ആര്‍പ്പുവിളികളുടെ, ഊഞ്ഞാലാട്ടത്തിന്റെ, അന്തരീക്ഷത്തില്‍ തങ്ങിനില്ക്കുന്ന അച്ചപ്പത്തിന്റേയും ഉപ്പേരിയുടേയും രുചിയുള്ളഗന്ധം!!!
ആഘോഷങ്ങളും ആചാരങ്ങളും ചുക്കിച്ചുളിയുന്ന ഈ കാലത്തും, ഓണം, പഴമയുടെ പരിശുദ്ധിയോടെ എന്നും കൊണ്ടാടാന്‍ നമ്മുക്കും വരും തലമുറള്‍ക്കും കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ട്, ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട്,
– ഭരണിക്കാവ് പ്രേംകൃഷ്ണ
അതിമനോഹരമായി എഴുതിയിരിക്കുന്നു… കഴിഞ്ഞുപോയ ആ നല്ല നാളുകളിലേയ്ക്കു ഒരിക്കൽ കൂടി നമ്മെ കൂട്ടികൊണ്ട് പോകുവാൻ കഴിഞ്ഞു..
KK’s description about the old memories of ONAM is stupendous. I myself is having same kind of memories in me but it blossomed when you touched it in such a beautiful manner
Very nice. Brings back lots of childhood memories.
എല്ലാം ഇല്ലെങ്കിലും ചില അനുഭവങ്ങൾ എനിക്കും ഏറെ ഗൃഹാതുരത്വം വരുത്തുന്നു. ഓണം അവധികളിൽ ഭക്ഷണം, കളി, ഉറക്കം ഇതു മൂന്നും ആയിരുന്നു അജണ്ട. കുറച്ചു ബന്ധുക്കളും കുറച്ചു കൂട്ടുകാരും. അവധി തീരാറാവുമ്പോൾ എന്തെന്നില്ലാത്ത ദുഃഖം.
നന്നായിട്ടുണ്ട് കൊച്ചുകൃഷ്ണൻ്റെ തിരുവോണം ഓർമകൾ.
ഇനിയും എഴുതുക ധാരാളം പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
മുരളി