ഓണം എനിക്ക് സാഹിത്യത്തിൻ്റെ ഉത്സവമായിരുന്നു
ഓണത്തിന് കാര്യമായ ആഘോഷങ്ങളൊന്നും പണ്ടേ വീട്ടിൽ ഉണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് നാട്ടുക്ലബ്ബുകൾ ഒരുക്കുന്ന ഓണാഘോഷപരിപാടികളിൽ പങ്കെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ അന്നത്തെ പ്രധാനമായ ആവേശം. നാട്ടിലെ പ്രഭാത് ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്, മാവുങ്കാൽ ഉള്ള രാമനഗരം യുവജന കലാസാംസ്കാരിക സമിതി തുടങ്ങിയ ക്ലബ്ബകളുടെ ഓണാഘോഷ പരിപാടികൾ പ്രധാനമായിരുന്നു.
ചട്ടിപൊട്ടിക്കൽ, ആനവാൽ വരയൽ തുടങ്ങിയ മത്സരങ്ങൾ ആവേശം പകരുന്നവയായിരുന്നു. അതു കൂടാതെ കഥ,കവിത മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനവും ലഭിച്ചിരുന്നു. അക്കാലത്ത് എഴുതിയ കവിതകൾ ഒന്നും ഇപ്പോൾ കൈവശമില്ല. എന്നാൽ കവിതയ്ക്ക്
സമ്മാനം കിട്ടിയ രണ്ടു പുസ്തകങ്ങൾ ഓർമ്മയുണ്ട്. അതിലൊന്ന് ‘മാന്ത്രികനായ മാൻഡ്രേക്ക് ‘ചിത്രകഥാപുസ്തകവും മറ്റൊന്ന് ഒ.എൻ.വിയുടെ ‘ദാഹിക്കുന്ന പാനപാത്രം’ എന്ന കവിതാ സമാഹാരവുമായിരുന്നു. മാൻഡ്രേക്കിൻ്റെ മാന്ത്രികച്ചിത്രങ്ങളെല്ലാം പതിയെപ്പതിയെ എന്നിൽ നിന്നും ചിതലരിച്ചു പോയി.
കവിതയുടെ മാന്ത്രികതയാർന്ന പാനപാത്രം തീരാദാഹമായി ഞാൻ ഇപ്പോഴും കൊണ്ടു നടക്കുന്നു. മുമ്പ് സൂചിപ്പിച്ച ക്ലബ്ബുകളുടെയും വെള്ളിക്കോത്ത് നെഹറു സർഗ്ഗവേദിയുടെ ഓണത്തിനൊരുക്കുന്ന കൈയെഴുത്ത് മാസികകൾ കൗതുകകരമായിരുന്നു. ഞാനവയിൽ പലപ്പോഴായി കഥകളും
കവിതകളുമെഴുതിയിരുന്നു. പ്രിയ സുഹൃത്ത് ശശിധരൻ മങ്കത്തിൽ നല്ല ചിത്രം വരച്ച് ഒരുക്കിയ കൈയ്യെഴുത്തു മാസികകൾ ഒരു കാലത്തെ സാഹിത്യ കലാസ്നേഹികളുടെ ആത്മാർത്ഥതയുടെ അടയാളങ്ങളായി ഓർമ്മയിൽ ഇന്നും അവശേഷിക്കുന്നു.
സ്ക്കൂൾ കാലത്ത് നാട്ടിൽ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് നാടകങ്ങൾ നടക്കുമ്പോൾ ഞാൻ അമൂൽ ടിന്നിൽ നിറച്ച നിലക്കടല “കടലേ…ക്കടലേ…പൈസക്കൊന്ന്, കൊരട്ടക്ക് രണ്ട്…. ” എന്ന് പറഞ്ഞ് വിൽക്കും. കൂട്ടി വയ്ക്കുന്ന ലാഭം കൊണ്ട് പഴയ പാഠപുസ്തകങ്ങൾ വാങ്ങും. എൻ്റെ “രാവോർമ്മ” എന്ന കവിതയിൽ ഈ അനുഭവങ്ങൾ ഞാൻ കവിതപ്പെടുത്തിയിട്ടുണ്ട്.
ഓണത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരോർമ്മ ഓണക്കോടിയുമായി വീടെത്തുന്ന ബന്ധുക്കളാണ്. അച്ഛൻ ചെറുപ്പത്തിൽ മരിച്ച കുട്ടിയെന്ന പരിഗണനയിലും സ്നേഹത്തിലും അമ്മാമനും മറ്റും വർഷത്തിലൊരിക്കൽ നല്ല കുപ്പായശീല കൊണ്ടുവരും. അത് തുന്നികിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം, അതണിഞ്ഞ് സ്കൂളിൽ പോകുമ്പോൾ ഉണ്ടാകുന്ന ആഹ്ലാദം… ഇവയെല്ലാം ഓർമ്മയിൽ നനവ് പടർത്തുന്നു.
നാടകങ്ങൾ തുടങ്ങുന്നതിന് മുമ്പ് നടക്കുന്ന സാംസ്ക്കാരിക സമ്മേളനങ്ങളിലെ നാട്ടിലെ സാഹിത്യകാരന്മാരുടെ പ്രസംഗങ്ങൾ കേൾക്കുകയും എൻ്റെ ഇഷ്ടപ്പെട്ട ഒരു സംഗതിയായിരുന്നു. അന്ന് ഞങ്ങളുടെ നാട്ടിൽ അജാനൂർ പപ്പൻ എന്ന ഒരു സാഹിത്യകാരൻ ഉണ്ടായിരുന്നു. അദ്ദേഹം നടത്തുന്ന പ്രസംഗങ്ങൾ കേട്ട് പിറ്റേന്ന് വീട്ടിൽ മുറ്റത്ത് ഒരു ഉണങ്ങിയ കൊള്ളിത്തണ്ടും അതിനറ്റത്ത് ഒരു ചിരട്ടയും നാട്ടി മൈക്കാക്കി വെച്ച് തലയെല്ലാം ഒരു പ്രത്യേക തരത്തിൽ ചെരിച്ച് തടവിക്കൊണ്ട് ഞാൻ ആ പ്രസംഗകല അനുകരിക്കുമായിരുന്നു.
കുട്ടിയായിരുന്ന എനിക്ക് അന്നതൊരു രസമായിരുന്നു. അക്കാലത്ത് സ്ക്കൂൾ സാഹിത്യ സമാജത്തിൽ പ്രസംഗിക്കാൻ പ്രസംഗം എഴുതിത്തരാൻ അദ്ദേഹത്തോടും അദ്ദേഹത്തിൻ്റെ അനുജൻ പ്രഭ അജാനൂരിനോടും ഞാൻ ആവശ്യപ്പെടുകയും എനിക്ക് പ്രസംഗം എഴുതിത്തരികയുമുണ്ടായിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം മുമ്പ് പറഞ്ഞ ക്ലബ്ബുകളിലും മറ്റു പലയിടത്തും ഓണാഘോഷത്തിന് പ്രസംഗിക്കാൻ പോകാൻ എനിക്ക് ഭാഗ്യമുണ്ടായപ്പോൾ ഞാൻ അജാനൂർ പപ്പേട്ടനെ ഓർക്കാറുണ്ട്.
പിൽക്കാലത്ത് ഓണാഘോഷം എന്ന് പറഞ്ഞാൽ പ്രധാനമായും ഓണപ്പതിപ്പുകളുടെ വരവിനായുള്ള കാത്തിരിപ്പുകളായി മാറി. അക്കാലത്ത് മാതൃഭൂമി, കലാകൗമുദി, മലയാളനാട്, ദേശാഭിമാനി മുതലായവയുടെ ഓണപ്പതിപ്പുകൾ വളരെ പ്രശസ്തമായിരുന്നു. പ്രമുഖരുടെ കഥകൾ, കവിതകൾ, ഇൻറർവ്യൂ ഇവയെല്ലാം വായനക്കാർക്ക് നല്ല ഉൾക്കാഴ്ച നല്കുന്നവയായിരുന്നു.
പരസ്യങ്ങൾ വളരെ കുറവായിരുന്നു. സാഹിത്യത്തിനായിരുന്നു പ്രാമുഖ്യം. അവയിൽ പല ഓണപ്പതിപ്പുകളും വർഷങ്ങളോളം സൂക്ഷിച്ചുവയ്ക്കുകയും ഉണ്ടായിട്ടുണ്ട്. വൈലോപ്പിള്ളിയുടെ “ഓണപ്പാട്ടുകാർ ” എന്ന കവിത അന്നും ഇന്നും എനിക്ക് പ്രിയം. ടി.വി. വന്നതോടെ ഓണമെന്നാൽ സിനിമാ സീരിയൽ നടീനടന്മാർക്ക് മാത്രമുള്ള സെൽഫിക്കഥകളായി മാറിയതോടെ അത് കാണുന്ന പതിവും വിരസമായി. ആ ക്യാമറകളൊന്നും ഇന്നും സാധാരണ ജീവിതത്തിൻ്റെ മുറ്റങ്ങളിൽ വിടരുകയും കൊഴിയുകയും ചെയ്യുന്ന ജീവിതത്തിൻ്റെ പൂക്കളങ്ങൾ പകർത്തുന്നത് ഒരിക്കലും കണ്ടതേയില്ല.
“ഓണമൊരൂഞ്ഞാൽസുഖം
ഓർമ്മതൻ കിനാക്കൊമ്പിൽ
ആയമൊന്നനായാസം
ഒറ്റനാൾ മഹോത്സവം
തീർന്നിറങ്ങുമ്പോൾ പക്ഷേ,
വീണ്ടുമീ മണ്ണിൽ തപ്ത –
ഭൂഗോളം ചവിട്ടി ഞാൻ
ജീവിതമളക്കേണം! ”
എന്ന് “ഊഞ്ഞാൽ ” എന്ന ഒരു ചെറു കവിതയിൽ ഞാനെഴുതിയിരുന്നു. കോളേജ് കാലത്താണ് ആദ്യമായി എൻ്റെ കവിത ഒരോണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നത്. കലാകൗമുദിയുടെ ട്രയൽ ഓണപ്പതിപ്പിൽ. എൻ്റെ “തിരുവോണചിന്തകൾ ” എന്ന കവിത അതിൽ ആദ്യ കവിതയായി പ്രസിദ്ധീകരിച്ചു വന്നത് അന്നത്തെ ഒരു സൗഭാഗ്യമായിരുന്നു.
ആദ്യമായി ഒരു കവിത ഓണപ്പതിപ്പിലേക്ക് ആവശ്യപ്പെടുന്നത് പ്രിയ കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ചന്ദ്രിക ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപർ ആയിരുന്ന സമയത്താണ്. 2011 ൽ ഇറങ്ങിയ
ചന്ദ്രിക ഓണപ്പതിപ്പിൽ വളരെ പ്രാധാന്യത്തോടെ ആദ്യത്തെ കവിതയായി അദ്ദേഹം കൊടുത്തത് എൻ്റെ “ഓണവെയിൽ ” എന്ന കവിതയാണ് എന്നത് ഇന്നും ഞാൻ നന്ദിയോടെയും അഭിമാനത്തോടെയും മനസ്സിൽ സൂക്ഷിക്കുന്നു.
“കർക്കടകക്കണ്ണീരെല്ലാം
പേമഴയായ് പെയ്തൊഴിയുന്നു
ചിങ്ങത്തിരുവോണപ്പൊൻവെയിൽ
വിണ്ണിൽ ചിരി തൂകിയുണർന്നു
കണ്ണുകളിൽ സൂര്യൻ സ്വപ്ന-
ച്ചില്ലുകളിൽ മഴവില്ലായി
പൊന്നോണത്തുമ്പികളായി
പൊന്നുണ്ണികൾ പാറി നടന്നു.. ”
എന്നാരംഭിക്കുന്ന ആ കവിതയിൽ നിരനിരയായി പൂക്കാടുകൾതോറും പൂക്കൂടകളും എടുത്ത് പൂപ്പൊലിയുമായി പൂമ്പാറ്റകളെപ്പോലെ പറന്നു പോകുന്ന കുട്ടിക്കാലത്തെ ഉത്സവമായി ഓണം സ്മൃതികളിൽ നിറയുന്നത് ഞാൻ അടയാളപ്പെടുത്തിയിട്ടുണ്ട്. ഗ്രാമത്തിൻ്റെ നിർമ്മലതയിലൂടെ പുഴയുടെ കുളിർവഴിവക്കിലൂടെ ആനന്ദമഴ പെയ്യുന്ന, അത്തം മുതൽ ഓണം വരെ പത്തുദിവസം പൂക്കളമിട്ട് മുറ്റങ്ങൾ തോറും നന്മകൾ വിടർത്തുന്ന തിരുവോണചിത്രം ഞാനതിൽ വരച്ചു വെച്ചു.
ചന്ദ്രിക ഓണപ്പതിപ്പിൽ 2011ൽ രണ്ട് പേജുകളിലായി വളരെ പ്രാധാന്യത്തോടെ ആ കവിത വന്നു. പിന്നീട് പല ഓണപ്പതിപ്പുകളിലും എൻ്റെ കവിതകൾ വന്നു. ഓണം എനിക്ക് സാഹിത്യത്തിൻ്റെ ഉത്സവവുമായി മാറുകയായിരുന്നു. കാലദേശഭേദമോ ജാതിമത വർഗ്ഗവർണ്ണ വ്യത്യാസമോ ഇല്ലാത്ത സമത്വ സ്വപ്നത്തിന്റെ ഒരു കവിതയായി ഞാനതിനെ ഇന്നും വായിക്കുകയാണ്.
Excellent
Nostalgic
മനോഹരം 🌹