ഉന്നത സൈനിക ഉദ്യോഗസ്ഥ സംഘം ‘സിയാൽ’ സന്ദർശിച്ചു.
ഇന്ത്യയിലെയും മറ്റ് മൂന്ന് രാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥ സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) സന്ദർശിച്ചു. ഇന്ത്യൻ സായുധ സേനയിൽ നിന്നുള്ള പതിനൊന്ന് മുതിർന്ന ഉദ്യോഗസ്ഥരും സൗദി അറേബ്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നു പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. ന്യൂഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജിൻ്റെ നാഷണൽ
സെക്യൂരിറ്റീസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് കോഴ്‌സിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. സിയാലിൻ്റെ ഗ്രീൻ എനർജി പ്രവർത്തനങ്ങൾ ഇവർക്ക് പരിചയപ്പെടുത്തി. കമ്പനിയുടെ ബിസിനസ് വൈവിധ്യ വൽക്കരണത്തെക്കുറിച്ച് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ആശയവിനിമയം നടത്തി.
വിമാനത്താവളത്തിലെ 14 മെഗാവാട്ട് സോളാർ പദ്ധതിയും സിയാൽ ഗോൾഫ് കോഴ്‌സിലെ ഫ്ലോട്ടിംഗ് സോളാർ പദ്ധതിയും അവർ സന്ദർശിച്ചു.
സിയാൽ ഏറ്റെടുത്തിരിക്കുന്ന സുസ്ഥിര വികസന പദ്ധതികളെക്കുറിച്ചും മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളെക്കുറിച്ചും
അവർ പഠിച്ചു. സിയാലിന്റെ മാലിന്യ സംസ്‌കരണ സംരംഭങ്ങൾ ഏവർക്കും മാതൃകയാണെന്ന് സംഘത്തിൻ്റെ തലവൻ ബ്രിഗേഡിയർ എ.കെ പുണ്ഡിർ പറഞ്ഞു. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ അശോക് കുമാർ സിംഗ് ആയിരുന്നു സന്ദർശനത്തിന്റെ കോ ഓര്‍ഡിനേറ്റർ.
സിയാൽ എക്‌സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ, ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്ടർ പി. ജോസ് തോമസ്, ജനറൽ മാനേജർ ജോസഫ് പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.