വാകപ്പൂവിൽ കുളിച്ച് മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ
വാസന്തി
വാകപ്പൂ ചുവപ്പ് പരവതാനി വിരിച്ച മലപ്പുറം ജില്ലയിലെ മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ കാണാൻ ആളുകളുടെ തിരക്കാണിപ്പോൾ. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമും മുന്നിലെ റെയിൽ പാതയും ചുവന്ന ഗുൽമൊഹർ പൂക്കൾ കൊണ്ട് മൂടി കിടക്കുന്ന ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതോടേ സ്‌റ്റേഷനിലേക്ക് ആളുകള്‍ കൂട്ടത്തോടേ എത്താന്‍ തുടങ്ങി. ആളുകളെ നിയന്ത്രിക്കാനായി ഇപ്പോൾ പോലീസിനെ ഏർപ്പാടാക്കിയിരിക്കുകയാണ് റെയിൽവേ. പ്ലാറ്റ്‌ഫോമിന് തൊട്ടുള്ള വാകമരങ്ങളിൽ നിന്ന് പൂവുതിരുന്നത് എല്ലാ വർഷവും മെയ് മാസത്തിൽ സ്ഥിരം കാഴ്ചയാണെങ്കിലും ഇത്തവണ ലോക് ഡൗണായതിനാൽ പൂക്കൾ പ്ലാറ്റ്‌ഫോം നിറഞ്ഞു കിടക്കുകയാണ്. തീവണ്ടികൾ ഇല്ലാത്തതിനാൽ പ്ലാറ്റ്‌ഫോമിൽ ആളുകളുമില്ല. അതിനാൽ ഉതിർന്ന പൂക്കൾ അതേപടി കിടക്കുകയാണ്.
ഈ കാഴ്ചകളുടെ ഫോട്ടോകൾ ഇന്ത്യൻ റെയിൽവേയും കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലും പങ്കുവെച്ചു. മേലാറ്റൂർ പുത്തംകുളം സ്വദേശിയും ഇൻറീരിയർ ഡിസൈനുമായ സയ്യിദ് ആസിഫ് ഒ .എം. ഈ കാഴ്ച മൊബൈലിൽ പകർത്തി ഫെയിസ്ബുക്കിലിട്ടതോടെയാണ് ഈ പൂമൂടൽ ലോകമറിഞ്ഞത്. നിലമ്പൂർ – കരുവാരക്കുണ്ട് റോഡരികിലാണ് ആസിഫിന്റെ വീട്. ഇവിടെ നിന്ന് റോഡുവഴി മേലാറ്റൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഒരു കിലോമീറ്ററുണ്ട്. എന്നാൽ വീടിനു പിന്നിലൂടെയുള്ള ഇടവഴിയിലൂടെ നടന്നു പോയാൽ തൊട്ടടുത്താണ് റെയിൽവേ സ്റ്റേഷൻ. ഇതു വഴി വളരെ എളുപ്പത്തിൽ മേലാറ്റൂർ ടൗണിലെത്താം.
മേലാറ്റൂർ ഹൈസ്കൂളിലേക്ക് പണ്ട് പോകുന്ന വഴിയാണിത്. മെയ് 16 ന് രാവിലെ സുഹൃത്ത് ബഷീറിനൊപ്പം സാധനങ്ങൾ വാങ്ങാൻ പോയി തിരിച്ചു വരുമ്പോഴാണ് പ്ലാറ്റ്‌ഫോമിനെ ചുവപ്പണിയിച്ച് വാകപ്പൂക്കൾ മൂടി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഈ സുന്ദര ദൃശ്യം മൊബൈലിൽ പകർത്തി സ്വന്തം സ്റ്റാറ്റസാക്കി, ഫെയിസ്ബുക്കിലുമിട്ടു.
ചിത്രങ്ങൾ കണ്ടതോടെ മലപ്പുറം ജില്ലാ കളക്ടർ ജാഫർ മലിക് ഇത് തന്റെ ഫെയിസ് ബുക്കിൽ പോസ്റ്റ് ചെയ്തു.”വാകപ്പൂ വാരി വിതറിയ മേലാറ്റൂർ റെയില്‍വേ സ്റ്റേഷന്‍ . ഒരു ലോക്ക്ഡൗണ്‍ കാഴ്ച “- എന്ന കുറിപ്പോടെയാണ് കളക്ടർ ഇത് പോസ്റ്റ് ചെയ്തത്. ഇതോടെ ഫോട്ടോകൾ വൈറലായി. പിന്നീട് റെയിൽവേയും കേന്ദ്ര മന്ത്രിയും ആസിഫിന്റെ ഫോട്ടോകൾ ഷെയർ ചെയ്തു.
ഇതു കഴിഞ്ഞ് വാർത്താ ചാനലുകളെല്ലാം ഈ ദൃശ്യം പകർത്താനെത്തി. സിവിൽ എഞ്ചിനിയറിങ്ങും ഇന്റീരിയർ ഡിസൈൻ കോഴ്സും കഴിഞ്ഞ് ഡിസൈനറായി ജോലി ചെയ്യുന്ന ആസിഫിനെ ഇപ്പോഴും ആളുകൾ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടിരിക്കുകയാണ്. ” മേലാറ്റൂർ റെയിൽവേ സ്റ്റേഷന്റെ ഭംഗി ലോകത്തിന് കാട്ടികൊടുത്തതിന് അഭിനന്ദനങ്ങൾ ” എന്ന രീതിയിലാണ് ആളുകൾ സന്ദേശമയക്കുന്നതെന്ന് ആസിഫ് പറഞ്ഞു.
ഫോട്ടോയെടുത്തപ്പോൾ ഇത്രയധികം വൈറലാകുമെന്ന് കരുതിയിരുന്നില്ല. വാകപ്പൂ കൊണ്ട് മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ നാടാകെ അറിഞ്ഞു – ആസിഫ് പറയുന്നു. പ്രകൃതി സുന്ദരമായ ഷൊർണ്ണൂർ – നിലമ്പൂർ റെയിൽപ്പാത വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. ഷൊർണ്ണൂർ ജംഗ്ഷനും നിലമ്പൂർറോഡ് സ്റ്റേഷനും ഇടയിലായി പത്ത് സ്റ്റേഷനുകളുണ്ട് .ഇതിലൊന്നാണ് മേലാറ്റൂർ. പാതയ്ക്ക് ഇരുവശങ്ങളിലുമുള്ള തേക്ക് മരങ്ങളും ആൽമരങ്ങളും തണലും കുളിർമയും പകരുന്നു. വയലും കുന്നും പുഴകളും കടന്ന് മഴക്കാലത്ത് ഇതിലൂടെയുള്ള തീവണ്ടിയാത്ര ആസ്വദിക്കാനും ഫോട്ടോയെടുക്കാനും ആളുകളുടെ തിരക്കാണ്.
എല്ലാ സ്റ്റേഷനിലും നിർത്തി പോകുന്ന ലോക്കൽ ട്രെയിൻ സൗകര്യവുമുണ്ട്. മഞ്ജു വാര്യർ നായികയായ കമലിന്റെ “കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ” എന്ന സിനിമയുടെ ലൊക്കേഷനായിരുന്നു ഈ പാതയിലെ അങ്ങാടിപ്പുറം സ്റ്റേഷൻ. “പിന്നെയും പിന്നെയും ആരോ കിനാവിന്റെ… ” എന്ന ഗാനത്തിന്റെ ഒരു ഭാഗം ചിത്രീകരിച്ചത് ഈ തീവണ്ടിപ്പാതയിലാണ്.
“നാദിയ കൊല്ലപ്പെട്ട രാത്രി” എന്ന സിനിമയടക്കം പല സിനിമകൾക്കും ഈ പാത ലൊക്കേഷനായിട്ടുണ്ട്. 1921 ലാണ് ബിട്ടീഷുകാർ 66 കിലോമീറ്റർ വരുന്ന പാത നിർമ്മിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് നിലമ്പൂരിൽ നിന്ന് തേക്ക് തടികൾ മുറിച്ചുകടത്തിയതും ഈ പാതയിലൂടെയാണ്.
Beautiful senes…
Beautiful….