സ്ത്രീ ശാക്തീകരണത്തിന്‌ ജീവിതം സമർപ്പിച്ച മീന സ്വാമിനാഥൻ

ഡോ.വി.ബാലകൃഷ്ണൻ

മീന ആൻറിക്ക് വിട…മീന സ്വാമിനാഥനെ ഞാൻ അങ്ങനെയാണ് വിളിക്കാറ്. ഭക്ഷ്യസുരക്ഷയുടെ നാഥൻ എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവായ പ്രൊഫസർ എം.എസ്. സ്വാമിനാഥൻ്റെ പ്രിയപത്നി.

1998 ലാണ് ഞാൻ ആദ്യമായി അവരെ കാണുന്നത്. എം എസ്. സ്വാമിനാഥൻ എന്ന ലോക പ്രശസ്ത ശാസ്ത്രജ്ഞനെ എം.എസ്.സി ലബോറട്ടറിയിലെ ഫോട്ടോയിൽ ആണ് ആദ്യം കണ്ടത്. അറിവില്ലായ്മകൊണ്ട് നേരിട്ട് കണ്ടപ്പോൾ ഈ മഹാ വ്യക്തിത്വം ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്ന് തെറ്റിദ്ധരിച്ചു.

സ്നേഹസമ്പന്നനും സൗമ്യ ഭാഷിയും സൗമ്യ രീതിക്കാരനുമായ മഹാ വ്യക്തിത്വം. ഒരുപാട് പറയാനുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായ സ്വഭാവത്തിന് ഉടമയായ മീനാ സ്വാമിനാഥൻ കർക്കശക്കാരിയായ സർവ്വോപരി ലിംഗ സമത്വത്തിനും പുരുഷ സ്ത്രീ തുല്യ ശാക്തീകരണത്തിനും വേണ്ടി ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി പ്രശസ്തയായ വനിത.

ജെൻഡർ, ജെൻഡർ ഇക്വിറ്റി, ജെൻഡർ ആൻഡ് അഗ്രികൾച്ചർ തുടങ്ങി സാംസ്കാരികപരമായും സാമൂഹ്യപരമായും ശാസ്ത്രപരമായും കാർഷിക പരമായും മറ്റു വൈവിധ്യമാർന്ന മേഖലയിൽ ജെൻഡർ എന്ന വിഷയം ഉൾക്കൊള്ളിച്ച് ഗവേഷണവും ട്രെയിനിങ്ങും നൽകി  ഒരുപാട് മാറ്റങ്ങൾക്ക് വഴിതെളിച്ച മീന.

ഞങ്ങൾക്ക് എന്നും ഭയമായിരുന്നു. പക്ഷേ അതിനിടയിൽ കുട്ടിത്തവും സ്നേഹവും ലാളിത്യവുമുള്ള മനസ്സ് ഉണ്ടെന്ന് വരികൾക്കിടയിലെ വായന പോലെ സൂക്ഷിച്ചു മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ചെന്നൈ തരമണിയിലെ എം. എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിലെ വൈവിധ്യമാർന്ന ജെൻഡർ ട്രെയിനിങ്ങിന് ഇടയിലാണ് ഞാൻ കൂടുതലായി മനസ്സിലാക്കിയത്.

തമിഴ്നാട്ടിലെ കൊള്ളി മലയിൽ ഡോ. ഇസ്രായേൽ ഒളിവറിൻ്റെ കൂടെ അന്ന് ഒരു പ്രത്യേക പരിശീലന പരിപാടിയിൽ കാർഷികമേഖലയിലെ ലിംഗസമത്വം എന്ന വിഷയത്തിൽ നടന്ന ട്രെയിനിങ്ങിൽ കൂടുതൽ ഉൾക്കാഴ്ച ഉണ്ടായി. മീനാ ആൻറി നിർബന്ധിച്ച് കൊള്ളിമലയിലെ ബാർട്ടർ സമ്പ്രദായം കാണാൻ രാവിലെ മൂന്നരക്ക് ചന്തയിൽ എത്തി. അതൊരു വേറിട്ട അനുഭവമായിരുന്നു.

സയൻസ് പഠിച്ച എനിക്ക് ജെൻഡർ എന്താണെന്നും ജെൻഡറിൻ്റെ അനന്തസാധ്യതകൾ ഏതൊക്കെ രീതിയിൽ സ്ത്രീശാക്തീകരണത്തിന് ഗുണം ചെയ്യുമെന്നും അതിനെ പ്രായോഗികതലത്തിൽ എങ്ങനെയൊക്കെ എത്തിക്കാൻ പറ്റും എന്നും അക്ഷരാർത്ഥത്തിൽ മനസ്സിലാക്കി തന്ന പ്രായോഗിക കാലം.

എൻ്റെ സഹപ്രവർത്തകരായ ഡോ. അനിൽകുമാർ, ഗിരിജൻ,ഡോ. രംഗ ലക്ഷ്മി ഡോ. സുമ എന്നിവർക്കൊക്കെ ധാരാളം പറയാനുണ്ടാകും. എൻ്റെ ഗവേഷണ കാലത്തെ ഒരു ദുരന്ത മുഖത്തെ അതിജീവിക്കാൻ മീന ആൻറിയുടെ ഇടപെടലായിരുന്നു എനിക്ക് വ്യക്തിപരമായി ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. (ഡോ എം എസ് സ്വാമിനാഥൻ്റെ കീഴിൽ പിഎച്ച്ഡി ഗവേഷണം നടത്തിയ അനേകം ഗവേഷകർക്കിടയിൽ വഴി തെറ്റി പോയവൻ എന്ന കുറ്റബോധം).

ഇന്ത്യയിലെ കർഷകരെയും കർഷക കുടുംബങ്ങളെയും സർവോപരി കുട്ടികളെയും പ്രത്യേകിച്ച് ആദിവാസി മേഖലയിലെ അശരണരെയും ചേർത്തുപിടിച്ച് അവർക്ക് വേണ്ടി ഉന്നതങ്ങളിൽ സംസാരിക്കാൻ, പോളിസി രേഖകൾ ഉണ്ടാക്കാൻ, നയതന്ത്ര തലങ്ങളിൽ ഇടപെടാൻ പ്രൊഫ. എം. എസ് സ്വാമിനാഥനെ സഹായിച്ചത് മീന ആൻ്റിയും അവരുടെ ശിഷ്യഗണങ്ങളുമായിരുന്നു.

കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അവർ പലപദ്ധതികളും വിഭാവനം ചെയ്തിരുന്നു. ഈ രംഗത്ത് പല പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മീനാ സ്വാമിനാഥൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ടനുസരിച്ചാണ് ഇന്ത്യയിൽ സംയോജിത ശിശു വികസന പദ്ധതി (ഐ.സി.ഡി.എസ്) നടപ്പിലാക്കിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ അങ്കൺവാടികൾ നിലവിൽ വന്നത്.

എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ്റെ സ്ഥാപക ട്രസ്റ്റിയാണ്. സാമ്പത്തിക ശാസ്ത്രജ്ഞൻ എസ്. ഭൂതലിംഗത്തിൻ്റെയും തമിഴ് നോവലിസ്റ്റ് കൃതികയുടെയും മകളാണ്. ഡൽഹിയിലാണ് ജനിച്ചത്. ചെന്നൈയിലായിരുന്നു താമസം. മൂന്നു വർഷം മുമ്പാണ് ഞാൻ ചെന്നൈയിലെ വീട്ടിൽ പോയി പ്രൊഫ. സ്വാമിനാഥനെയും മീന ആൻ്റിയെയും അവസാനമായി കാണുന്നത്. ആ ഓർമ്മ ഇന്നും അവസാന ഓർമ്മയായി നിൽക്കുന്നു.
(വയനാട്ടിലെ എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ തലവൻ, സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ലേഖകൻ ഇപ്പോൾ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയാണ് )

Leave a Reply

Your email address will not be published. Required fields are marked *