തെയ്യച്ചമയങ്ങൾക്ക് നിറം പകരുന്ന കണ്ണൻ എരമംഗലൻ
ഇ .വി. ഹരിദാസ്
ചിലരുണ്ട്, ഒരു ചരിത്ര പുസ്തകത്തിലും അവരുണ്ടാകില്ല !
ഒരവാർഡും അവരെ തേടിയെത്തില്ല. പക്ഷെ അപ്പോഴും പരിഭവത്തിന്റെ നന്നേ നേർത്ത സ്വരം പോലുമുയർത്താതെ സ്വന്തം കർമ്മമണ്ഡലത്തിൽ അവർ ഒതുങ്ങിക്കൂടിയിരിക്കും. പറഞ്ഞു വരുന്നത് കണ്ണേട്ടനെ കുറിച്ചാണ്. കണ്ണൻ എരമംഗലൻ എന്ന തെയ്യക്കാരനെ കുറിച്ച്. കോലം ധരിക്കുന്നതിനപ്പുറം, കോലത്തിന്റെ വേഷങ്ങൾ ഒരുക്കുന്ന അണിയറയിലെ കലാകാരനെകുറിച്ച്. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിനടുത്ത ഉദിനൂർ സെൻട്രലിലാണ് ഇദ്ദേഹത്തിൻ്റെ വീട്. ഏഴാം വയസ്സിലാണ് ആടിവേടനായി കണ്ണേട്ടന്റെ
പകർന്നാട്ടം. തെയ്യത്തിന്റെ കുലപതി മണക്കാടൻ ഗുരുക്കളുടെ തറവാട്ടിലെ ഇളയ മണക്കാടൻ , കോരൻ മണക്കാടൻ തന്നെയാണ് മകന്റെ മുഖത്ത് ആദ്യം ചായമിട്ടത്. പിന്നീട് അച്ഛനൊപ്പം
കാവുകളിലും മുണ്ട്യകളിലും, കഴകങ്ങളിലും ചായില്ല്യത്തിന്റെ മണമുള്ള യാത്രകൾ…പക്ഷെ ഇടയിലെപ്പോഴോ തെയ്യത്തിൽ നിന്നും കണ്ണൻ വഴി മാറി നടന്നു. എം.കെ.സി.അബ്ദുൾ റഹിമാന്റെ പടന്നയിലെ പീടിക മുറ്റത്ത് കണ്ണൻ തുന്നൽക്കാരൻ കണ്ണനായി ! ഒരു പക്ഷെ കണ്ണനെന്ന തെയ്യംകലാകാരന്റെ സ്വത്വം രൂപപ്പെടുന്നത് അതിനു ശേഷമാണ്. അത് ബോധപൂർവ്വം സംഭവിച്ചതായിരുന്നില്ല.
അറിയാതെ സംഭവിച്ചതായിരുന്നു. അബ്ദുൾ റഹിമാന്റെ പീടിക മുറ്റത്തിരുന്ന് കണ്ണേട്ടൻ പടന്നയിലെ മുസ്ലീം ഭവനങ്ങളിലെ മണിയറച്ചമയങ്ങളുണ്ടാക്കി.കണ്ണേട്ടൻ തുന്നിയ മനോഹരമായ ചിത്രപ്പണികളുള്ള കിടക്കയിൽ കിടന്ന് പുതിയാപ്ലയും പുതിയ പെണ്ണും വരാൻ പോകുന്ന ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ കണ്ടു. മണിയറയുടെ മേലാപ്പിൽ നിഗൂഢമായ കറുപ്പിലും, ക്രോധവും സംഘർഷവും ഐശ്വര്യവും ഇടകലർന്ന ചുകപ്പിലും, പ്രതീക്ഷയുടെ മഞ്ഞയിലുമായി കണ്ണേട്ടൻ നെയ്തെടുത്ത ചിത്രപ്പണികളിൽ തെയ്യത്തിന്റെ മുഖത്തെഴുത്തിന്റെ സ്പർശ്വമുണ്ടായിരുന്നു. മുഖത്തെഴുത്തും ഇസ്ലാമിക കലയിലെ ജ്യാമിതീയ കൃത്യതയും കൂട്ടി കലർത്തി കലയുടെ പുതിയ
കാലിഗ്രഫിയുണ്ടാക്കി കണ്ണേട്ടൻ. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ പടന്നക്ക് അതൊരു പുതിയ അനുഭവമായിരുന്നു. കണ്ണേട്ടൻ ഒരുക്കുന്ന മണിയറച്ചമയങ്ങൾക്കായി പടന്ന കാത്തിരുന്നു. പടന്ന തന്നോട് കാണിച്ച സ്നേഹവും കാരുണ്യവും പിന്നീടുള്ള ജീവിതയാത്രയിൽ സഹായകമായി എന്ന് കണ്ണേട്ടൻ നന്ദിയോടെ ഓർത്തെടുക്കുന്നു. അമ്മാവന്റെ മരണശേഷം കണ്ണേട്ടൻ വീണ്ടും തെയ്യത്തിന്റെ വഴിയിലേക്ക് മടങ്ങി. മുപ്പത്തി അഞ്ചാം വയസ്സിൽ ചിറക്കൽ തമ്പുരാനിൽ നിന്നും കച്ചും ചുരികയും വാങ്ങി ‘എരമംഗലൻ’എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. വീണ്ടും തെയ്യത്തിന്റെ വഴിയെ. അങ്കക്കുളങ്ങര ഭഗവതിയായും ആയിറ്റി ഭഗവതിയായും ഊർപ്പഴശ്ശിയായും
വൈരജാതനായും മുത്തപ്പനായും ക്ഷേത്രപാലകനായും
പുതിയപറമ്പനായും കണ്ണേട്ടൻ പകർന്നാടി. മാക്കീൽ മുണ്ട്യ, കുറുവാപ്പള്ളി, രാമവില്ല്യം, കുന്നച്ചേരി, ഉത്തോന്തിൽ, എടാട്ടുമ്മൽ വീട്,
കണ്ണമംഗലം, താനിച്ചേരി ,ഒളവറ മുണ്ട്യ, മണക്കാട്,പടന്ന മുണ്ട്യ ,
ഉദിനൂർ കൂലോം,നടക്കാവ് മുണ്ട്യ, ബീരിചേരി മന,പിലിക്കോട് കോട്ടം, കമ്മാടത്ത്, കൊട്ടുമ്പറം… ഇങ്ങിനെ പോകുന്നു തെയ്യം കെട്ടിയ ക്ഷേത്രങ്ങൾ. തെയ്യം കെട്ട് കൊണ്ടു മാത്രം തന്റെ
ഉള്ളിലെ കലാകാരനെ കണ്ണേട്ടന് തൃപ്തിപ്പെടുത്താനാകുമായിരുന്നില്ല.
അങ്ങനെ കണ്ണേട്ടൻ തെയ്യച്ചമയങ്ങൾ ഒരുക്കാൻ തുടങ്ങി. അത് ഒരു കൈമാറ്റത്തിന്റെ തുടക്കമായിരുന്നു. ഇസ്ലാമിക കലയിൽ നിന്നും തെയ്യം കലയിലേക്കുള്ള കൈമാറ്റം. വൈരജാതനു വേണ്ടി കണ്ണേട്ടൻ കൊത്തിയെടുത്ത പരിചയിൽ, വെള്ളാട്ടത്തിനു വേണ്ടി ഉണ്ടാക്കിയ തൊപ്പിയിൽ, നാഗപടത്തിൽ, കാതിലയിൽ, ചെന്നിച്ചെറിൽ ഇതിന്റെ അടയാളങ്ങൾ കാണാം. കടൽ കടന്നു വന്നുവെന്ന് കരുതുന്ന ദേവതാ സങ്കൽപ്പങ്ങൾക്ക് കണ്ണേട്ടൻ ഒരുക്കിയ ഉടുത്തു കെട്ടുകൾ ഒന്നുകൂടി അർത്ഥവത്തായി. ഇറാനേയും അഫ്ഗാനേയും (ഗാന്ധാരദേശം)
അറിയാത്ത കണ്ണേട്ടൻ സംസ്ക്കാരങ്ങളുടെ സമന്വയത്തിന് നിമിത്തമായി. മണിയറ തുന്നിയ അതേ നൂലിൽ തന്നെ
കണ്ണേട്ടൻ തെയ്യച്ചമയങ്ങൾ തുന്നി. തെയ്യചമയങ്ങൾ മാത്രമല്ല കാവുകളിലെയും മുണ്ട്യകളിലെയും കൊടിക്കൂറകൾ, സത്യക്കുടകൾ പെരുങ്കളിയാട്ടങ്ങൾക്കു വേണ്ട മേലാപ്പുകൾ എല്ലാം തന്റെ ജന്മസിദ്ധിയും അനുഭവവും കൂട്ടി കലർത്തി കണ്ണേട്ടൻ രൂപപ്പെടുത്തി. മേക്കട്ടി, തിരുമുടി, മുടിത്തുണി ചമയങ്ങൾ… കണ്ണേട്ടന്റെ കൈയൊപ്പ് പതിയാത്ത തെയ്യ ചമയങ്ങൾ ചുരുക്കം. വെറുപ്പിന്റെ തത്വശാസ്ത്രം പടർന്ന് പരക്കുന്ന ഈ കാലത്ത് കല എങ്ങനെ സഞ്ചിത
സംസ്ക്കാരത്തെ രൂപപ്പെടുത്തി എടുക്കുന്നുവെന്നതിന്റെ തെളിവാണ് കണ്ണേട്ടൻ എന്ന കലാകാരന്റെ ജീവിതം. ഭാര്യ: കാർത്തിയാനി (കണ്ണൻ കർണ്ണമൂർത്തിയുടെ സഹോദരി ) മക്കൾ: അനിൽ നേണിക്കം,
അനിത (മാവുങ്കാൽ ). അവാർഡും സഹായങ്ങളും കിട്ടാത്തതൊന്നും കണ്ണേട്ടനെ അലോസരപ്പെടുത്തുന്നില്ല. താൻ ചെയ്യുന്നത് കലാപ്രവവർത്തനമാണെന്ന തിരിച്ചറിവു പോലുമില്ലാതെ അടിമുടി
കലാകാരനായി കണ്ണേട്ടൻ ചമയങ്ങൾ തുന്നുകതന്നെയാണ്. മഹാമാരി പെയ്തൊഴിഞ്ഞു വരുന്ന പെരുങ്കളിയാട്ടങ്ങളിൽ ആടിതിമിർക്കുന്ന
തെയ്യങ്ങൾക്കായി.
മനോഹരമായ ലേഖനം