ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്ക്കാരം എ.കന്യാകുമാരിക്ക്

ഗുരുവായൂർ ദേവസ്വത്തിൻ്റെ 2024ലെ  ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്ക്കാരം എ.കന്യാകുമാരിക്ക് സമ്മാനിക്കും. ആറുപതിറ്റാണ്ടായി വയലിൻ വാദന രംഗത്ത്‌ നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം  ഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കം, 50001 രൂപ, പ്രശസ്തിപത്രം, ഫലകം , പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്ക്കാരം.

ഏകാദശിയോടനുബന്ധിച്ച് നവംബർ 26 ന് വൈകുന്നേരം ചെമ്പൈ സംഗീതോൽസവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ദേവസ്വം മന്ത്രി വി.എൻ വാസവൻ പുരസ്ക്കാരം സമ്മാനിക്കും. വയലിൻ വാദനമേഖലയിൽ നൽകിയ  സംഭാവന കണക്കിലെടുത്ത് കന്യാകുമാരിയെ 2015 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.

2016 ൽ മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി അംഗീകാരവും ലഭിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ വിജയനഗരത്തിൽ സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച കന്യാകുമാരി ഇപ്പോൾ ചെന്നൈയിലാണ് താമസം.

ചെയർമാൻ ഡോ. വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. പ്രശസ്ത വയലിൻ വിദ്വാൻമാരായ ഈശ്വര വർമ്മ, ടി.എച്ച് സുബ്രഹ്മണ്യം, ദേവസ്വം ഭരണസമിതി അംഗം സി മനോജ്  എന്നിവരുൾപ്പെട്ടതാണ് പുരസ്ക്കാര സമിതി.

2005 ലാണ് ദേവസ്വം ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്ക്കാരം നൽകി തുടങ്ങിയത്. ടി.വി.ഗോപാലകൃഷ്ണനാണ് (വായ്പാട്ട്) ആദ്യ പുരസ്കാര ജേതാവ്. ഇരുപതാമത്തെ പുരസ്ക്കാരമാണ് കന്യാകുമാരിയെ തേടിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *