ടി.എം.കൃഷ്ണചന്ദ്രൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാലക്കാട് കൂനത്തറ തിയ്യന്നൂർ മനയിൽ കൃഷ്ണചന്ദ്രൻ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിയമനം.
കൃഷ്ണചന്ദ്രൻ നമ്പൂതിരിക്ക് ഇത് ജന്മസാഫല്യമാണ്. കഴിഞ്ഞ പത്തു തവണ നടന്ന മേൽശാന്തി നറുക്കെടുപ്പിലും അദ്ദേഹത്തിൻ്റെ പേരുണ്ടായിരുന്നു.
എല്ലാം ഗുരുവായൂരപ്പൻ്റെ ഹിതം. അതിയായ സന്തോഷമുണ്ട് – അദ്ദേഹം പറഞ്ഞു. മേൽശാന്തിയായി നറുക്ക് വീണതറിഞ്ഞ് വൈകുന്നേരം തന്നെ കൃഷ്ണചന്ദ്രൻ നമ്പൂതിരി ഗുരുവായൂരിലെത്തി. ഗുരുവായൂരപ്പനെ ദർശിച്ച് പ്രാർത്ഥിച്ചു.
കൃഷ്ണചന്ദ്രൻ നമ്പൂതിരിയുടെ പിതാവ് ടി.എം.കൃഷ്ണൻ നമ്പൂതിരി നാലു തവണ ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായിരുന്നു. 1982,1985, 1988, 1992 എന്നീ വർഷങ്ങളിൽ. കുടുംബത്തിലെ മറ്റു പല ബന്ധുക്കളും ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായിട്ടുണ്ട്.
തന്ത്ര -മന്ത്ര പൂജാവിധികളിൽ അച്ഛനാണ് ഗുരുവും വഴികാട്ടിയും. 37 കാരനായ കൃഷ്ണചന്ദ്രൻ നമ്പൂതിരി സഹകരണം പ്രധാന വിഷയമാക്കി ബി.കോം ബിരുദം നേടി. ഒറ്റപ്പാലം അർബൻ ബാങ്കിൽ ക്ലാർക്കായി ജോലി നോക്കുകയാണ്. 2010 ലാണ് ജോലിക്ക് കയറിയത്. ടി.എം. ദേവീ അന്തർജനമാണ് അമ്മ. ലക്കിടി മന്ത്രേടത്ത് മനയിൽ സൗമ്യയാണ് ഭാര്യ. നാലാം ക്ലാസ് വിദ്യാർത്ഥി കൃഷ്ണദേവ്, നാലു വയസ്സുകാരി ദേവശ്രീ എന്നിവർ മക്കളാണ്.
മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനം നടത്തിയ ശേഷം 31ന് രാത്രി ചുമതലയേൽക്കും. ആറു മാസം ക്ഷേത്രത്തിൽ താമസിച്ച് പുറപ്പെടാ ശാന്തിയായി പൂജകൾ നിർവ്വഹിക്കും.