ചീഫ് സെക്രട്ടറി വി.വേണുവിന് ജന്മനാടിന്റെ ആദരം
കുട്ടനാടിൻ്റെ പച്ചപ്പ് ഹൃദയത്തിൽ സൂക്ഷിക്കുന്ന ആളാണ് കേരളത്തിന്റെ ചീഫ് സെക്രട്ടറിയെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. തലവടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറി ഡോ.വി. വേണുവിന് ഒരുക്കിയ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചീഫ് സെക്രട്ടറിയുടെ ജന്മനാടാണ് ആലപ്പുഴ തലവടി.
വിധേയരായ ഉദ്യോഗസ്ഥരെയല്ല മറിച്ച് ഏറ്റവും പ്രധാനമായ കാര്യങ്ങളിൽ കൃത്യമായ നിർദ്ദേശം നൽകാൻ കഴിയുന്നവരെയാണ് നമുക്കാവശ്യം. സർക്കാർ ഉത്തരവുകൾ മലയാളത്തിൽ ഇറക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർബന്ധമുണ്ട്. അതിനായുള്ള ക്യാബിനറ്റ് തീരുമാനം തന്നെ മലയാളത്തിലാണ് ഉത്തരവാക്കിയത്. മികച്ച നാടക കലാകാരൻ കൂടിയാണ് ചീഫ് സെക്രട്ടറിയെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറിയെ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ പൊന്നാട അണിയിച്ച് ആദരിച്ചു. വി.എച്ച്.എസ്.സി, എച്ച്.എസ്.സി, എസ്.എസ്.എൽ.സി. വിഭാഗത്തിലെ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തി.