ബേപ്പൂര്‍ വാട്ടർ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം
കേരളത്തിന്റെ ഭാവിയായി വിനോദ സഞ്ചാര മേഖല മാറുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ ബേപ്പൂര്‍ വാട്ടർ ഫെസ്റ്റ് രണ്ടാം സീസൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബേപ്പൂർ വാട്ടർഫെസ്റ്റ് എല്ലാ വർഷവും നടത്തുമെന്നും മന്ത്രി പറഞ്ഞു. ടൂറിസത്തെ ശക്തിപ്പെടുത്തി കേരളത്തിന്‍റെ ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. ആഭ്യന്തര സഞ്ചാരികളുടെ വരവിൽ ഈ വർഷം സർവകാല റെക്കോർഡ് നേടിയെന്നും മന്ത്രി പറഞ്ഞു.
മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥി ആയിരുന്നു. ചലച്ചിത്ര താരം
സുരാജ് വെഞ്ഞാറമൂട് മുഖ്യാതിഥിയായി. വേദിയെ ഒന്നടങ്കം കയ്യിലെടുത്ത പ്രകടനവും അദ്ദേഹം കാഴ്ചവെച്ചു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നേവൽ ബാന്റിന്റെ സംഗീത പരിപാടിയും അരങ്ങേറി. ഡിസംബര്‍ 28 വരെ നീണ്ടു നിൽക്കുന്ന ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദിയാണ്.
രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷ്‌റ റഫീഖ്, ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ. സി റസാഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ജില്ലാപഞ്ചായത്ത് അംഗം പി. ഗവാസ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുഷ, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി, ഡി.ഡി.സി കെ. എസ്. മാധവിക്കുട്ടി ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, അഡീഷണൽ ടൂറിസം ഡയറക്ടർ പ്രേം കൃഷ്ണൻ എന്നിവർ സംസാരിച്ചു.
നിറച്ചാർത്തായി ഘോഷയാത്ര
വാട്ടർ ഫെസ്റ്റ് സീസൺ 2 ഉദ്ഘാടനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര ബേപ്പൂരിന് നിറച്ചാർത്തായി. ഫിഷിംഗ് ഹാർബർ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയിൽ വർണ്ണാഭമായ മുത്തുക്കുടകളും ബലൂണുകളുമായി സ്ത്രീകളും കുട്ടികളും
ഉൾപ്പെടെ നൂറുക്കണക്കിന് ആളുകൾ അണിനിരന്നു. ഘോഷയാത്രക്ക് പൊലിമയേകാൻ ചെണ്ടമേളം, ബാൻ്റ് വാദ്യം, കോൽക്കളി തുടങ്ങിയ കലാരൂപങ്ങളും ഉണ്ടായിരുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി എന്നിവർ ഘോഷയാത്രയുടെ മുന്നിൽ അണിനിരന്നു.