അഷ്ടമിരോഹിണി നാളിൽ കണ്ണനെ കാണാൻ ഭക്തസഹസ്രങ്ങൾ
അഷ്ടമി രോഹിണി നാളിൽ ഗുരുവായൂരിൽ ഭക്തജന തിരക്ക്. കണ്ണനെ കൺനിറയെ കണ്ട് വിശേഷാൽ പിറന്നാൾ സദ്യയും ഭക്തർ ആസ്വദിച്ചു. നാൽപ്പത്തയ്യായിരത്തോളം ഭക്തർ പിറന്നാൾ സദ്യയിൽ പങ്കെടുത്തു. പുലർച്ചെ മൂന്നിന് നിർമ്മാല്യത്തിന് ക്ഷേത്രം നട തുറന്നപ്പോൾ തന്നെ ഭക്തരുടെ നീണ്ട നിര ദൃശ്യമായി.
വരി നിന്ന ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കാൻ രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെ സ്പെഷ്യൽ ദർശനം ഒഴിവാക്കിയിരുന്നു. കാഴ്ചശീവേലിക്ക് രാവിലെ പെരുവനം കുട്ടൻ മാരാർ മേളം പ്രമാണിയായി. ദർശനം നേടിയ ഭക്തർ തുടർന്ന് കണ്ണൻ്റെ പിറന്നാൾ സദ്യയുണ്ടു. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലും തെക്കേ നടപ്പന്തലിലും മറ്റുമായി 1800 ഭക്തർ ഒരേ സമയം സദ്യ കഴിക്കൻ ദേവസ്വം സൗകര്യം ഒരുക്കിയിരുന്നു.
ശർക്കരവരട്ടി, വറുത്ത ഉപ്പേരി, നെല്ലിക്ക അച്ചാർ, പുളിയിഞ്ചി,എരിശേരി, ഓലൻ, കാളൻ, പായസം, പഴം, പപ്പടം, മെഴുക്കുപുരട്ടി ,നാരങ്ങ അച്ചാർ, മോര് എന്നിവയായിരുന്നു വിഭവങ്ങൾ’ തെക്കേ നടപ്പന്തലിൽ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. തുടർന്ന് കണ്ണന് തൂശനിലയിൽ വിഭവങ്ങൾ വിളമ്പി. പിന്നീടാണ് ഭക്തർക്കായി പിറന്നാൾ സദ്യ വിളമ്പിയത്.
ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ ഭക്തർക്കുള്ള ഇലയിട്ട് ആദ്യം വിഭവങ്ങൾ വിളമ്പി. ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി. നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹത്തിൽ രാവിലെ ശ്രീകൃഷ്ണാവതാര പാരായണം നടന്നു. ഗുരുവായൂർ കേശവൻ നമ്പൂതിരി ശ്രീകൃഷ്ണാവതാരം ഭക്തിപ്രഭാഷണം നിർവ്വഹിച്ചു.




















