പത്രപ്രവർത്തനത്തിലും സാഹിത്യത്തിലും പ്രതിഭ തെളിയിച്ച എ.സഹദേവൻ

ശശിധരന്‍ മങ്കത്തില്‍

മാതൃഭൂമിയിൽ നിന്ന് അസിസ്റ്റൻ്റ് എഡിറ്ററായി വിരമിച്ച സഹദേവേട്ടൻ്റെ വിയോഗം പെട്ടെന്നായിരുന്നു. അതു കൊണ്ടു തന്നെ എല്ലാവരേയും അത് ഏറെ വേദനിപ്പിക്കുന്നു. എൻ്റെ പ്രീഡിഗ്രിക്കാലത്ത്‌, 1983 ലാണ്‌
എ.സഹദേവൻ എന്ന ജേണലിസ്റ്റ് മാതൃഭൂമി ചെന്നൈ ലേഖകൻ ആവുന്നത്. പിന്നീട് കോഴിക്കോട്ട് എത്തിയ അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പ്, വാരാന്തപ്പതിപ്പ്, ചിത്രഭൂമി എന്നിവയില്ലൊം പ്രവർത്തിച്ചു. ആഴ്ചപ്പതിപ്പിൽ എം.ടി.വാസുദേവൻ നായര്‍ക്കൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം സഹദേവേട്ടന് ഉണ്ടായിട്ടുണ്ട്.

ആഴ്ചപ്പതിപ്പും, ചിത്രഭൂമിയും അന്ന് കോഴിക്കോട് എം.എം. പ്രസ്സിലായിരുന്നു. എം.എം.പ്രസ്സിലെ നന്നായി ഇൻ്റീരിയർ ഡിസൈൻ ചെയ്ത ഡസ്ക്കിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ ഒരു സുഹൃത്തിൻ്റെ, ജേഷ്ഠൻ്റെ രൂപത്തിൽ സഹദേവേട്ടൻ അവിടെയുണ്ടാകും. നല്ല സ്നേഹവും വാത്സല്യവുമാണ് സഹദേവേട്ടന്. കണ്ടാൽ ഉടൻ എന്തെങ്കിലും എഴുതിത്തരണം എന്നു പറയും.

1998 ൽ ഞാൻ മാതൃഭൂമിയുടെ കോഴിക്കോട് ഡസ്ക്കിലായിരുന്നപ്പോൾ ഒരു ദിവസം സഹദേവേട്ടൻ നീ വാ… എന്നു പറഞ്ഞ് അദ്ദേഹത്തിൻ്റെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി. സഹദേവേട്ടൻ അന്ന് വാരാന്തപ്പതിപ്പിൻ്റെ ചുമതലയുള്ള അസി.എഡിറ്ററായിരുന്നു. ഒരു ശാസ്ത്രജ്ഞനെക്കുറിച്ച് എഴുതാനാണ് വിളിച്ചത്. എം.ഡി. (എം.പി.വീരേന്ദ്രകുമാർ) ഡൽഹിയിലോ മറ്റോ വെച്ച് പരിചയപ്പെട്ടതാണ്. നല്ലൊരു ഫീച്ചർ അദ്ദേഹത്തെക്കുറിച്ച് കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടനെ വേണം എന്നു പറഞ്ഞ് അദ്ദേഹത്തിൻ്റെ കോഴിക്കോട്ടെ വിലാസം എനിക്ക് തന്നു.

ഡോ.കെ.പി. പ്രഭാകരൻ നായരായിരുന്നു ആ ശാസ്ത്രജ്ഞൻ. അന്ന് അദ്ദേഹം കോഴിക്കോട് ഈസ്റ്റ് ഹില്ലിലാണ് താമസിക്കുന്നത്. എൻ്റെ നാട്ടുകാരനായ അദ്ദേഹത്തെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്.

ഹരിതവിപ്ലവത്തിൻ്റെ പേരിൽ മണ്ണിലേക്ക് വലിച്ചെറിഞ്ഞ രാസവളത്തിൻ്റെ ഭീകരരൂപം ലോകത്തിനു കാട്ടിക്കൊടുത്ത ഗവേഷണത്തിന് 1993-ൽ റോളക്സ് അവാർഡ് നേടിയ കൃഷി ശാസ്ത്രജൻ. ജനീവയിലെ റോളക്സ് ഫൗണ്ടേഷൻ്റെ പ്രശസ്ത അവാർഡാണിത്.

ഈ അവാർഡ് കിട്ടിയപ്പോൾ മലയാള പത്രങ്ങളിലെല്ലാം അദ്ദേഹത്തെക്കുറിച്ച് വന്നിരുന്നു. പക്ഷെ അന്ന് അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഫോർട്ട് ഹെയറിൽ സീനിയർ പ്രൊഫസറായിരുന്നു. പിന്നീട് പത്രങ്ങളിലൊന്നും കൂടുതൽ വന്നില്ല. ഞാൻ അദ്ദേഹത്തെ വീട്ടിൽ പോയി കണ്ട് ഏറെ നേരം സംസാരിച്ചു. കാഞ്ഞങ്ങാട്ടെ പ്രശസ്ത ഡോക്ടറായ കെ.പി. കൃഷ്ണൻ നായരുടെ സഹോദരനായിരുന്നു അദ്ദേഹം. അന്ന് ഞങ്ങളുടെ വെള്ളിക്കോത്ത് വീട്ടിൽ എന്ത് അസുഖം വന്നാലും ഡോ.കൃഷ്ണൻ നായരായിരുന്നു ആശ്വാസം.

ലേഖനം എഴുതി കൊടുത്ത് എന്നെ ഞെട്ടിച്ചു കൊണ്ട് അടുത്ത ആഴ്ച തന്നെ അത് വാരാന്തപ്പതിപ്പിൽ അടിച്ചു വന്നു. ‘വിഷമൊഴുക്കുന്ന ഭൂമിയെ രക്ഷിക്കാൻ’ എന്ന തലക്കെട്ടിൽ. അകത്തെ പേജിലായതിനാൽ അന്ന് ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രത്തോടെയായിരുന്നു ലേഖനം. മലയാള പത്രങ്ങളിൽ ആദ്യമായാണ് അന്ന് അദ്ദേഹത്തെക്കുറിച്ച്

ഫീച്ചർ വരുന്നത്. അരപ്പേജിൽ അധികമുള്ള ലേഖനം കണ്ട് പ്രഭാകരേട്ടൻ വിളിച്ചു. ഒരു പാട് എഴുതിയിട്ടുണ്ട്, ഗംഭീരമായിരിക്കുന്നു- അദ്ദേഹം പറഞ്ഞു.
ഈ ലേഖനം ഇന്നും എൻ്റെ ശേഖരത്തിലുണ്ട്. ഇടയ്ക്ക് ഇത് കാണുമ്പോൾ ഞാൻ സഹദേവേട്ടനെ ഓർക്കും. അന്ന് തുടക്കക്കാരായ സബ്ബ് എഡിറ്റർമാരുടെ ലേഖനം അധികം വരാറില്ല. ആ സമയത്താണ് സഹദേവേട്ടൻ എന്നെക്കൊണ്ട് എഴുതിച്ചത്. ശാസ്ത്രം പഠിച്ച ഒരാൾ എന്ന നിലയിലായിരിക്കാം എന്നെ ആ ജോലി ഏൽപ്പിച്ചത്.

മാതൃഭൂമിയിൽ നിന്ന് വിരമിച്ച ശേഷം ഇന്ത്യാവിഷനിലെത്തിയ സഹദേവേട്ടൻ ലോക സിനിമകളെ പരിചയപ്പെടുത്തി ചെയ്ത ’24 ഫ്രെയിംസ് ‘ എന്ന പരിപാടി സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടതായിരുന്നു. പിന്നീട് മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷനിൽ (മാസ്കോം) പ്രൊസറായി പ്രവർത്തിച്ച് പത്രപ്രവർത്തകരെ വാർത്തെടുക്കുന്നതിലും സായൂജ്യം കണ്ടെത്തി.

സുഹൃത്തുക്കളുമായി സംവദിക്കാൻ ഫേസ് ബുക്കിലും അദ്ദേഹം സജീവമായിരുന്നു. പാലക്കാട് പുതുശ്ശേരിയിൽ ജനിച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എം.എ. പാസ്സായി അധ്യാപകനായിരിക്കെയാണ് പത്രപ്രവർത്തന രംഗത്തെത്തുന്നത്. കോഴിക്കോട്ട്‌ കാരപറമ്പ് കൃഷ്ണൻ നായർ റോഡിലെ ചെങ്ങളം ആണ്ടൂർ വീട്ടിലാണ് താമസിച്ചിരുന്നത്. 1982 ലാണ് മാതൃഭൂമിയിൽ ചേരുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ കഥകളെഴുതുമായിരുന്നു.

മാതൃഭൂമി, മലയാളനാട്, കലാകൗമുദി, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെല്ലാം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഒക്ടോബർ പക്ഷിയുടെ ശവം ‘ എന്ന ആദ്യ കഥ 

1971 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. ചോരപൊടിയാത്ത ഭാഷ, കാണാതായ കഥകൾ, കേരളം: അമ്പതു വർഷം – സംഭാഷണങ്ങൾ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ജയരാജ് സംവിധാനം ചെയ്ത ‘സ്വർഗം തുറക്കുന്ന സമയം’ എന്ന സിനിമയിൽ സഹദേവേട്ടൻ ഈയിടെ അഭിനയിച്ചിരുന്നു. നെടുമുടി വേണു, ഇന്ദ്രൻസ്, രഞ്ജി പണിക്കർ എന്നിവർക്കൊപ്പമാണിത്. നെടുമുടിയുടെ കഥാപാത്രമായ മാധവൻ മാഷെ ചികിത്സിക്കുന്ന ഡോക്ടറുടെ വേഷമാണ്‌
അഭിനയിച്ചത്. പത്രപ്രവർത്തനം, സാഹിത്യം,കല, സിനിമ, ടെലിവിഷന്‍
എന്നിവയിലെല്ലാം കഴിവു തെളിയിച്ച സഹദേവേട്ടന് പത്രപ്രവർത്തനത്തിൽ നിന്ന് വിരമിക്കാൻ കഴിഞ്ഞില്ല എന്ന് പറയേണ്ടിയിരിക്കുന്നു. അദ്ദേഹം ഒരിക്കലും വെറുതെയിരുന്നില്ല. എല്ലാ മേഖലയിലും തൻ്റെ കഴിവു തെളിയിച്ച് പ്രതിഭയായി ജീവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *