യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം: ശില്പശാല എറണാകുളത്ത് തുടങ്ങി
യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി സർക്കാർ വകുപ്പുകളുടെ ശില്പശാലയ്ക്ക് എറണാകുളം ജില്ലയിൽ തുടക്കമായി. രണ്ടു ദിവസമാണ് ശില്പശാല. വിദ്യാർത്ഥികളിൽ പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ പരിപാടിയാണിത്.
ഡെവലപ്പ്മെന്റ്, സർവ്വീസ്, റെഗുലേറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടുത്തി 47 വകുപ്പുകളാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. കൃഷി, മൃഗപരിപാലനം, ഊർജ്ജം, സാമൂഹ്യനീതി, വനിതാ ശിശു വികസനം തുടങ്ങിയ മേഖലകളിലേത് ഉൾപ്പെടെ യഥാർത്ഥ ജീവിത പ്രശ്നങ്ങൾ കണ്ടെത്തി നിർവചിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. ശില്പശാലയിൽ ഉയരുന്ന പരിഹാരം കണ്ടെത്തേണ്ട പ്രശ്നങ്ങൾ പുതിയ ആശയങ്ങളിലൂടെ പരിഹാരം കണ്ടെത്തുന്നതിന് ഫാക്കൽറ്റി സഹായത്തോടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും.
കെ-ഡിസ്ക്കിന്റെ (കേരള ഡെവലപ്പ്മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജി കൗൺസിൽ) പാർട്ണർ സ്ഥാപനങ്ങളായ കേരള സ്റ്റാർട്ടപ്പ് മിഷൻ, ഐ. സി. ടി. അക്കാഡമി ഓഫ് കേരള എന്നിവയുടെ പ്രതിനിധികളാണ് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. ജില്ലയിലെ 47 സർക്കാർ വകുപ്പുകളിൽ നിന്നായി 140 ഉദ്യോഗസ്ഥർ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://yip.kerala.gov.in/