പ്രൊഫ.ടി.സി മാധവപ്പണിക്കറുടെ ഓർമ്മയിൽ അവർ ഒത്തുകൂടി
കാസർകോട്ടെ നിറസാന്നിദ്ധ്യമായിരുന്ന പ്രൊഫ ടി.സി. മാധവപ്പണിക്കറുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദഹത്തിന്റെ ശിഷ്യന്മാരും അഭ്യുദയകാംക്ഷികളും വെർച്വൽ സംവിധാനത്തിൽ ഒത്തുചേർന്നു. കേരളത്തിൽ ഭൗമശാസ്ത്ര ശാഖ വളർത്തിയവരിൽ പ്രമുഖനും പ്രഗത്ഭ അധ്യാപകനുമായിരുന്നു വടകര അഴിയൂർ സ്വദേശിയായ മാധവപ്പണിക്കർ. കോളീജയറ്റ് എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. ദീർഘകാലം കാസർകോടിന്റെ പൊതുമണ്ഡലത്തിൽ സജീവമായിരുന്ന
അദ്ദേഹം കാസർകോട് ഗവ.കോളേജ് ജിയോളജി വിഭാഗം തലവനും പ്രിൻസിപ്പലുമായിരുന്നു. കൊയിലാണ്ടി ഗവ.കോളേജ്, പേരാമ്പ്ര സി.കെ.ജി.സ്മാരക ഗവ.കോളേജ്, തലശ്ശേരി ഗവ.ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലും പ്രിൻസിപ്പലായി. ചീഫ് സെക്രട്ടറിയായി വിരമിച്ച എം.വിജയനുണ്ണി അടക്കം വിപുലമായ ശിഷ്യ സമ്പത്തിനുടമയാണ്. 1935 ആഗസ്ത് പതിനഞ്ചിന് നാരായണക്കുറുപ്പിന്റെയും അമ്മു അമ്മയുടെയും മകനായി ജനിച്ച തട്ടോളി കാഞ്ഞിരാടൻ മാധവപ്പണിക്കർ മാഹിയിലും തലശ്ശേരി ബ്രണ്ണൻ
കോളേജിലും മദ്രാസ് പ്രസിഡൻസി കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 1957-ലാണ് അധ്യാപക ജീവിതത്തിന് തുടക്കമിട്ടത്. കാസർകോട് ഗവ.കോളേജിൽ ഭൂഗർഭ ശാസ്ത്രപഠനവിഭാഗം തുടങ്ങി ഒരു വർഷം കഴിഞ്ഞ് 1963-ൽ അധ്യാപകനായി വന്ന അദ്ദേഹം പിന്നീട് ഈ നാട്ടുകാരനായി മാറുകയായിരുന്നു. 1991 ൽ ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ചു.
കാസർകോട് ഗവ.കോളെജിൽ ജിയോളജി വകുപ്പ് കെട്ടിപ്പടുത്ത് പല ശിഷ്യന്മാർക്കും ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിൽ
ജോലി ലഭിക്കുന്നതിന് അവസരമൊരുക്കിയ അദ്ദേഹം സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പരിസ്ഥിതി മേഖലകളിൽ തിളങ്ങി നിന്നു. കാസർകോട് പീപ്പിൾസ് ഫോറം, ബയോസ്ക്, അഗ്രി ഹോർട്ടി സൊസൈറ്റി തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു . അനുസ്മരണ പരിപാടിയിൽ ജിയോളജി അലൂംനി പ്രസിഡണ്ട് പ്രൊഫ. വി.ഗോപിനാഥൻ സ്വാഗതവും വകുപ്പ് മേധാവി ഡോ.എ.എൻ മനോഹരൻ
നന്ദിയും പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. എ.എൽ അനന്തപത്മനാഭ അദ്ധ്യക്ഷനായിരുന്നു. മുൻ കേരള ചീഫ് സെക്രട്ടറി ഡോ.എം.വിജയനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. എൻഡോവ്മെൻറ് കമ്മിറ്റി ചെയർമാൻ പ്രൊഫ.ബി. ഭാട്ട്യ , മുൻ കാസർകോട് പീപ്പിൾസ് ഫോറം പ്രസിഡണ്ട് വി.ഡി. ജോസഫ് , പ്രൊഫ.ജി. ഗോപാലകൃഷ്ണൻ , ഇ. വാമനൻ നായർ , ഡോ.കെ.ഗണേഷ് രാജ്
വി.കുഞ്ഞമ്പു , ഡോ.കെ.രാധാകൃഷ്ണൻ, പ്രൊഫ.കെ.ശ്രീമതി ഗോപിനാഥ് , കെ.വേണുഗോപാലൻ നമ്പ്യാർ, ഡോ.പി.ഹരി നാരായണൻ, ഡോ.എ. ഗോപിനാഥൻ നായർ, എൻ ഗോപാലകൃഷ്ണൻ നായർ , നാരായൺകുട്ടി, പി ടി.ഉഷ , തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. മാധവപ്പണിക്കരുടെ മകൾ രാധിക. എം.നായരും മരുമകൻ പ്രമോദും പങ്കെടുത്തു.