ഞങ്ങളെ പരിസ്ഥിതി പഠിപ്പിച്ച വെള്ളിക്കോത്തെ കണ്ണൻ മാഷ്

ശശിധരന്‍ മങ്കത്തില്‍

പ്രിയപ്പെട്ട കണ്ണൻ മാഷ് യാത്രയായി. ആരോഗ്യ പ്രശ്നങ്ങൾ അധികമാരെയും അറിയിക്കാതെ, വളരെ പെട്ടെന്നായിരുന്നു ആ വിടവാങ്ങൽ. തെക്ക് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ജനിച്ചു വളർന്ന് ജീവിതം ഇങ്ങ് വടക്ക് വെളളിക്കോത്തുകാർക്കായി ഉഴിഞ്ഞുവെച്ച അധ്യാപക ശ്രേഷ്ഠനായിരുന്നു അദ്ദേഹം. ശ്രേഷ്ഠൻ എന്ന പ്രയോഗം കണ്ണൻ മാഷ്ക്ക് ഇഷ്ടപ്പെടില്ല എന്നെനിക്കറിയാം. എല്ലാവരുടേയും മുന്നിൽ താഴ്മയോടെ നിൽക്കുന്ന അറിവിൻ്റെ നിറകുടമാണദ്ദേഹം. തൂവെള്ള ഖദർ ഒറ്റമുണ്ടും ഷർട്ടും ധരിച്ച് വെള്ള ഹവായ് ചെരുപ്പിട്ട് ഒരു ചൂരലുമായിട്ടാണ് അദ്ദേഹത്തിൻ്റെ നടപ്പ്. പക്ഷെ അത് പ്രയോഗിച്ചതായി ആർക്കും അറിയില്ല. സ്ക്കൂളിൽ എന്തോ ഒരു സമ്മാനം കിട്ടിയപ്പോൾ എന്നെ ചൂരൽ കൊണ്ട് പുറത്തു തട്ടി അഭിനന്ദിച്ചിട്ടുണ്ട്. ആ ചൂരൽ കുട്ടികൾക്ക് എന്നും കളിപ്പാട്ടം പോലെ തോന്നുമായിരുന്നു !

ആലപ്പുഴ എസ്.ഡി.കോളേജിൽ ബി.എസ്.സി. സുവോളജി പഠിച്ച് ബി.എഡ്ഡും കഴിഞ്ഞ് പി.എസ്.സി കണ്ണൻ മാഷ്ക്ക് ജോലി കൊടുത്തത് കാഞ്ഞങ്ങാടിനടുത്ത വെള്ളിക്കോത്ത് സ്ക്കൂളിലായിരുന്നു. മഹാകവി പി. കുഞ്ഞിരാമൻ നായർക്കും വിദ്വാൻ പി. കേളുനായർക്കും ജന്മം

നൽകിയ നാട് അങ്ങനെ കണ്ണൻ മാഷിൻ്റെ നാടു കൂടിയായി മാറി. രണ്ടര പതിറ്റാണ്ടിലെ അധ്യാപക ജീവിതത്തിൽ രണ്ടു പതിറ്റാണ്ടിലേറെ അദ്ദേഹം വെള്ളിക്കോത്തുകാരനായിരുന്നു. കുട്ടനാട്ടിൽ കണ്ണെത്താ ദൂരത്തോളം നെൽക്കൃഷിയുണ്ടായിരുന്ന കുടുംബത്തിൽ നിന്നാണ് ടി.കെ.കണ്ണൻ എന്ന അധ്യാപകൻ്റെ വരവ്. നാട്ടിൽ കൃഷിപ്പണിയെടുത്ത ആ താടിക്കാരൻ യുവാവിന് വെള്ളിക്കോത്ത് എന്ന കാർഷിക ഗ്രാമം ഇഷ്ടപ്പെട്ടു. സ്ക്കൂളിനടുത്ത് വാടക വീട്ടിൽ താമസിച്ച് ഹോട്ടൽ ഭക്ഷണം കഴിച്ച് ജീവിക്കുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടായി തോന്നിയില്ല. സ്ക്കൂളും കുട്ടികളും അദ്ദേഹത്തിന് ജീവനായിരുന്നു.

മഹാകവി പി.സ്മാരക ഗവ. ഹൈസ്ക്കൂളിൽ പത്താം ക്ലാസ് തുടങ്ങിയപ്പോൾ 1977ലാണ് മാഷിൻ്റെ വരവ്. ബയോളജിയും ഇംഗ്ലീഷും ഒരു പ്രത്യേക രീതിയിൽ പഠിപ്പിച്ചിരുന്ന മാഷിൻ്റെ ക്ലാസ് രസകരമായിരുന്നു. പത്താം ക്ലാസിൽ കോശങ്ങളെക്കുറിച്ചും 

മൈറ്റോകോൺഡ്രിയയെക്കുറിച്ചും പഠിപ്പിക്കുമ്പോൾ പുസ്തകത്തിൽ നിന്ന് മാഷ് പുറത്തുചാടും. മനുഷ്യ ജീവനും അവൻ്റെ നിലനിൽപ്പുമെല്ലാം ചർച്ച ചെയ്ത് മാഷ് ക്ലാസ് പരിസ്ഥിതി സംരക്ഷണത്തിലേക്ക് തിരിച്ചുവിടും. മനുഷ്യനടക്കമുള്ള ജീവികളുടെ പരസ്പരാശ്രയ ജീവിതത്തെക്കുറിച്ചും പരിസ്ഥിതി തകിടം മറിഞ്ഞാലുള്ള പ്രത്യാ ഘാതങ്ങളെക്കുറിച്ചും മാഷ് വാചാലനാകും. ഒറ്റ ശ്വാസത്തിൽ നീട്ടി പറയുന്ന ശൈലിയാണ് മാഷിന്. കഥ കേട്ടിരുന്ന് ഒരു പിരീഡ് പോയതറിയില്ല. ക്ലാസ് രസം പിടിച്ചു വരുമ്പോഴേക്കും ബെല്ലടിക്കും. പിന്നെ അടുത്ത ക്ലാസിനായി ഞങ്ങൾ കാത്തിരിക്കും. പരീക്ഷയൊക്കെയല്ലെ വരുന്നത്, പുസ്തകത്തിലുള്ളതൊന്നും വേണ്ട പോലെ പഠിപ്പിക്കുന്നില്ല എന്നൊരു പരാതിയും മാഷെപ്പറ്റി ഉയർന്നു. പക്ഷെ കുട്ടികൾക്കൊന്നും പരീക്ഷയിൽ മാർക്ക് കുറഞ്ഞില്ല. കൂടിയതേയുള്ളു. ആഗോള താപനത്തെക്കുറിച്ചും, കാലാവസ്ഥാ വ്യതിയാനം വന്നാലുള്ള തിക്തഫലങ്ങളെക്കുറിച്ചും നാല് പതിറ്റാണ്ട് മുമ്പ് തന്നെ മാഷ് ഇളം തലമുറയെ പഠിപ്പിച്ചിരുന്നു എന്ന സത്യം ഇന്ന് ഞാൻ ഓർക്കുകയാണ്.

കാലങ്ങളായി ലാബിൽ പൊടിപിടിച്ച് ഒരു മൂലയിൽ തൂങ്ങിക്കിടന്ന അസ്ഥികൂടവുമായിട്ടാണ് ഒരു ദിവസം കണ്ണൻ മാഷ് എട്ടാം ക്ലാസിൽ വന്നത്. പേടിപ്പെടുത്തുന്ന രൂപത്തെ കുട്ടികളുടെ കൈയിൽ കൊടുത്ത് അദ്ദേഹം വാരിയെല്ലിനെക്കുറിച്ചും നട്ടെല്ലിനെക്കുറിച്ചും ക്ലാസെടുത്തു.

ജീവശാസ്ത്രം പഠിക്കണമെങ്കിൽ പാഠപുസ്തകം മാത്രം പോര പ്രകൃതിയിലേക്ക് ഇറങ്ങണമെന്ന് അദ്ദേഹം പഠിപ്പിച്ചു. കുറേ കാലം കഴിഞ്ഞ് സംസ്ഥാനത്ത് ആദ്യമായി കാസർകോട് ഡി.പി.ഇ.പി പാഠ്യപദ്ധതി നടപ്പാക്കിയപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ടു. എല്ലാം മാഷ് പണ്ടേ ക്ലാസിൽ നടപ്പാക്കിയതായിരുന്നു ഇത്. അതു കൊണ്ടു തന്നെ പിന്നീട് ഡി.പി.ഇ.പിയുടെ ഉദുമ ബി.ആർ.സിയിൽ കോ-ഓർഡിനേറ്ററായി നിയമിതനായി. ഇരിയണ്ണി ഗവ.ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച് 2003 ൽ സ്വന്തം ജില്ലയിലെ കരുമാടി ഗവ.ഹൈസ്ക്കൂളിൽ നിന്നാണ് വിരമിച്ചത്. വൈകിയായിരുന്നു വിവാഹം. ആലപ്പുഴക്കാരിയായ ഇന്ദിര ചേച്ചിയെ മാഷ് വിവാഹം കഴിച്ചു കൊണ്ടുവന്നത് വെള്ളിക്കോത്തേക്കായിരുന്നു. ഏക മകൻ യദുകൃഷ്ണൻ ഇപ്പോൾ ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

വലിയൊരു പ്രകൃതി സ്നേഹിയായ മാഷ് ശാസ്ത്രത്തിൽ മാത്രമല്ല കലാകായിക രംഗത്തും സ്ക്കൂളിനെ മുന്നിലെത്തിച്ചു. ജില്ലാ യുവജനോത്സത്തിൽ കഥ, കവിത, ചിത്രരചന, നാടകം, നൃത്തം, ഗാനമേള എന്നിവയിലെല്ലാം വെള്ളിക്കോത്തെ കുട്ടികൾ മുന്നിലെത്തി. ശാസ്ത്രമേളയിൽ ശൈലജ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനം കിട്ടിയപ്പോൾ മാഷ് ‘ദ ഹിന്ദു’വിൽ വന്ന ഒരു ലേഖനത്തെ അടിസ്ഥാനമാക്കി 

പ്രോജക്ട്  ഉണ്ടാക്കി. ഫാക്ടറിയിലെ ജലം ശുദ്ധീകരിച്ച് കൃഷിക്ക് ഉപയോഗിക്കുന്ന ആ സ്റ്റിൽമോഡലിന് ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടി. ഞാനായിരുന്നു സഹായി. ഞങ്ങൾ അങ്ങിനെ തിരുവനന്തപുരത്തും  പങ്കെടുത്തു. യുവജനോത്സവം സ്ക്കൂളിൽ പെരുങ്കളിയാട്ടം പോലെയായിരുന്നു. പ്രാക്ടീസും സ്റ്റേജു കെട്ടലും വളരെ നേരത്തേ തുടങ്ങും. മത്സരങ്ങളിൽ പങ്കെടുക്കാത്ത കുട്ടികൾ ഇതിൻ്റെ സംഘാടനത്തിലുണ്ടാകും. മാഷ് ആരെയും വിടില്ല. പപ്പൻ മാഷും മെയ്ക്കപ്പ്മാനായ ജനാർദ്ദനനും മുന്നിലുണ്ടാകും. സ്റ്റേജ് നിയന്ത്രിക്കുക മാഷാണ്. മൈക്കും ആർക്കും കൊടുക്കില്ല. മാഷിൻ്റെ അനൗൺസ്മെൻ്റ് ഗംഭീരമാണ്. ക്വിൻ്റൽ ശബ്ദം! ആലപ്പുഴ അച്ചടി ഭാഷ കേട്ടിരിക്കാൻ തന്നെ കൗതുകമാണ്. ഇതൊക്കെ കൊണ്ട് മറ്റാരും അനൗൺസ്മെൻ്റിന് മുതിരാറില്ല. ചെസ്റ്റ് നമ്പർ വാങ്ങി സമയത്ത് സ്റ്റേജിലെത്താത്ത കുട്ടികളെ ഫസ്റ്റ് കോൾ, സെക്കൻ്റ് കോൾ, തേഡ് കോൾ വിളിച്ച് ക്യാൻസൽ ചെയ്യുന്ന മാഷിൻ്റെ ശൈലി എടുത്തു പറയേണ്ടതാണ്. ഇത് പിന്നീട് പലരും അനുകരിക്കാൻ തുടങ്ങി.

ഞാൻ കോളേജിൽ ചേർന്നപ്പോൾ വൈകുന്നേരങ്ങളിൽ യംഗ് മെൻസ് ക്ലബ്ബിൻ്റെ അരികിലെ പുൽമൈതാനത്ത് സൊറ പറഞ്ഞിരിക്കുമായിരുന്നു. പിന്നീട് സുഹൃത്തുക്കൾ പലരുമെത്തും. അവിടെ ചിലപ്പോൾ മാഷൊരു പ്രഭാഷകനാകും. നല്ലൊരു വായനക്കാരൻ കൂടിയായ കണ്ണൻ മാഷ് വാടക വീട്ടിൽ വലിയൊരു ലൈബ്രറിയും ഉണ്ടായിയിരുന്നു. ഇംഗ്ലീഷ് പത്രങ്ങളടക്കം അരിച്ചുപെറുക്കി വായിക്കും. അതിലെ ലേഖനങ്ങൾ ശേഖരിച്ചു വെക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കുന്ന പുസ്തകങ്ങളെല്ലാം അതാത് സമയത്ത് വാങ്ങും. ഒരിക്കൽ

പരിഷത്ത് പുറത്തിറക്കി ഹിറ്റായ ‘എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ട് ‘ എന്ന ശാസ്ത്ര പുസ്തകം മാഷ് എനിക്ക് സമ്മാനിച്ചത് ഞാൻ ഇന്നും നിധിപോലെ സൂക്ഷിക്കുന്നു. കേരളകൗമുദി പത്രവും കലാകൗമുദിയും, കഥ മാസികയും ഫോട്ടോ മാസികയും ഫ്രണ്ട് ലൈനും മാഷ് വരുത്തുമായിരുന്നു. ഇതെല്ലാം എനിക്കും വായിക്കാൻ തരും. വായിച്ച് തിരിച്ചുകൊടുക്കണം. സ്കൂളിനടുത്തുള്ള ഗോപാലൻ്റെ പീടികയിലും പപ്പൻ്റെ ഹോട്ടലിലും അദ്ദേഹത്തെ കാണാം. വീട്ടിൽ കിട്ടാത്ത പത്രങ്ങൾ  അവിടെയിരുന്ന്  വായിക്കുന്നുണ്ടാകും. ആലപ്പുഴക്കാരനാണെങ്കിലും വെള്ളിക്കോത്തെ കണ്ണൻ മാഷ് എന്നാണ് മാഷെ വിളിക്കുക. അതായിരുന്നു മാഷിൻ്റെ വിലാസം. മഹാകവി പി. കുഞ്ഞിരാമൻ നായരെക്കുറിച്ചും വിദ്വാൻ പി. കേളു നായരെക്കുറിച്ചുമൊക്കെ ക്ലാസിൽ പറഞ്ഞു തന്നതും ‘കവിയുടെ കാല്പാടുകൾ ‘ എന്ന പുസ്തകം ആദ്യമായി കാണിച്ചു തന്നതും മാഷാണ്. അങ്ങനെ ഞങ്ങളിൽ പലരേയും എഴുത്തിൻ്റെ വഴിയിൽ കൊണ്ടുവന്നതും മാഷാണ്. എഴുതിയ കഥയും ലേഖനങ്ങളും പുറത്തു കാണിക്കാത്ത എന്നെ സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുപ്പിച്ച് സമ്മാനം വാങ്ങി തന്ന… എഴുത്തിന് വഴികാട്ടിയ മാഷ്… ഇപ്പോൾ ഈ വരികൾ എഴുതുമ്പോൾ ചിതയിൽ എരിയുകയാണെന്ന് ഞാൻ വേദനയോടെ അറിയുന്നു. ഒരുപിടി സ്നേഹപൂക്കൾ അർപ്പിക്കട്ടെ… കണ്ണൻ മാഷ് ഞങ്ങൾക്കിടയിൽ എന്നും ജീവിക്കും. ഞങ്ങൾക്ക് എന്നും വഴികാട്ടും.

ചിത്രങ്ങൾ : 2011 ൽ ആദ്യ ബാച്ചിൻ്റെ ഒത്തുകൂടലിൽ നിന്ന്

( മാധ്യമ പ്രവർത്തകനായ ലേഖകൻ വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ.ഹൈസ്ക്കൂളിൽ 1980 ൽ രണ്ടാം ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു. )

 

7 thoughts on “ഞങ്ങളെ പരിസ്ഥിതി പഠിപ്പിച്ച വെള്ളിക്കോത്തെ കണ്ണൻ മാഷ്

  1. കണ്ണൻ മാഷെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും അടുത്തു പരിചയപ്പെട്ടതുപോലെയായി. സ്പർശിക്കുന്ന എഴുത്ത്. മാഷിന് പ്രണാമം.

    1. ഒരു അപ്പുപ്പൻ താടിപോലെ എല്ലായിടത്തും ഓടിനടന്നു സന്തോഷം മാത്രം തന്നിരുന്ന ഭാഗിയുള്ള ആഹാ സന്തോഷം ആകാശത്തേക്കു പറന്നുയർന്നു…
      നക്ഷത്രങ്ങൾക് കൂട്ടായി…

  2. കലോത്സവ വേദികളിൽ സജീവ സംഘാടകൻ ആയിരുന്നു അദ്ദേഹം.മത്സര തർക്കങ്ങളിൽ ഇടപെട്ട് പരിഹരിചിരുന്നു . അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശിഷ്യൻ ശശിധരൻ മംഗത്തിലിൻ്റെ ഈ ഓർമകുറിപ് ഹൃദയംഗമമായി 💖💖💖💐💐💐

  3. മാഷെ ഇങ്ങനെ ഓർത്തെടുത്തതിന്
    നന്ദി സ്നേഹം
    മാഷ്ക്ക് ആദരവ് അന്ത്യാഞ്ജലി

    1. പ്രിയ ഗുരുനാഥന് പ്രണാമം🌹
      വർഷങ്ങൾ എത്ര കഴിഞ്ഞാലും ഓർമ്മയിൽ ഇന്നും ഒളിമങ്ങാതെ ഇരിപ്പുണ്ട് ആ വെളുത്ത മുണ്ടും , വെളുത്ത ഷർട്ടും, വെളുത്ത താടിയും വെളുത്ത ഹവായ്ചെരുപ്പും കൈയ്യിലെ ആ ചെത്തി മിനുക്കിയ വടിയും. മീശയുടെ അറ്റം ചെറുതായി കടിച്ച് പിടിച്ച് സ്കൂൾ വരാന്തയിലൂടെ നടന്നു വരുന്ന വെളുത്തു മെലിഞ്ഞ കണ്ണൻ മാഷ്. യുവജനോത്സവേദികളിലെ ശബ്ദ ഗാംഭീര്യം, കയിക മത്സരങ്ങളിലെ അമരക്കാരൻ , നല്ല ഒരു അദ്ധ്യാപകൻ.മനസിൽ ഇന്നും തങ്ങി നില്കുന്നത് മാഷിന്റെ കൈെയ്യൊപ്പാണ്. സാറിന്റെ ഒപ്പ് ഒരു പ്രത്യേക രീതിയിലായിരുന്നു. നീളത്തിൽ ഒരു തോണി പിന്നെ അതിെന്റെ മുകളിൽ ഇംഗ്ലീഷിൽ നീട്ടി എഴുതും ‘ ടി.കെ. കണ്ണൻ’ ഓരോ അക്ഷരത്തിനു മുകളിലും ഒരോ ചെറിയ വൃത്തം വരയ്ക്കും,ഇടയിൽ താഴോട്ട് ഓരോ വരയും എല്ലാം കഴിഞ്ഞ് നോക്കുമ്പോൾ അത് ഒരു ചുണ്ടൻ വള്ളം പോലുണ്ടാവും. അങ്ങനെ ഒരു പാട് ഓർമ്മകൾ … പിന്നീട് മാഷ് സേവനത്തിൽ നിന്ന് വിരമിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോയി എന്നറിഞ്ഞപ്പോൾ മനസിലെവിടെയോ ഒരു വിങ്ങൽ. വീണ്ടും കണ്ടുമുട്ടിയാൽ കാൽ തൊട്ട് വന്ദിക്കണം എന്നു തോന്നിയ ഗുരുനാഥരിൽ ഒരാൾ .സാറിന്റെ ഓർമ്മയ്ക്ക് മുൻപിൽ ഒരു പിടി അശ്രുപൂക്കൾ🌹🌹🌹
      ബവിത വെള്ളൂർ വയൽ.

  4. കണ്ണൻ മാഷിനെ ഓർക്കാൻ ഇത്രയും മതി ആദരാജ്ഞലികൾ…..

    പ്രണാമം 🌹🌹🌹🙏

Leave a Reply

Your email address will not be published. Required fields are marked *