കോവിഡ് കാലത്തെ വിദേശ പഠനം: പ്രശ്‌നങ്ങളും സാധ്യതകളും

ഡോ. ടി. പി. സേതുമാധവൻ

വിദേശപഠനത്തിന് ഏറെ സാധ്യതകളുണ്ടെങ്കിലും കോവിഡ് 19-ന്റെ വരവോടെ ഈ രംഗത്ത് മാറ്റങ്ങൾ വന്നിട്ടുണ്ട്. കോവിഡിന്റെ പ്രത്യാഘാതങ്ങൾ വിദേശ കാമ്പസ്സുകളിൽ പ്രത്യേകം പ്രകടമാണ്. ഇന്ത്യയിൽനിന്നുള്ള അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികളാണ് വിദേശ കാമ്പസ്സുകളിലുള്ളത്. വിദ്യാർത്ഥികൾ പഠിക്കാൻ ഏറെ താൽപ്പര്യപ്പെടുന്നത് അമേരിക്ക, യു.കെ., കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലാണ്. എന്നാൽ യൂറോപ്യൻ യൂണിയന്റേയും, യൂറോപ്പ്യൻ കൗൺസിലിന്റെ കീഴിലുള്ള രാജ്യങ്ങൾ, ഏഷ്യൻ, രാജ്യങ്ങളായ സിംഗപ്പൂർ, മലേഷ്യ, ചൈന എന്നീ രാജ്യങ്ങളിലേക്കും വിദ്യാർത്ഥികൾ ഉപരിപഠനത്തിനെത്തിവരുന്നു. കോവിഡ് വന്നതോടെ വിദേശ സർവ്വകലാശാലകളും പൂർണ്ണമായി പഠനം ഓൺലൈൻ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, യു.കെ. എന്നിവിടങ്ങളിലെ കാമ്പസ്സുകൾ പൂർണ്ണമായും വിദ്യാർത്ഥികളെ അകത്തു കടത്താതെ ഓൺലൈൻ രീതി തന്നെയാണ് അവലംബിക്കുന്നത്. ഗവേഷണ സ്‌കൂളുകൾ നാമമാത്രമായ തോതിൽ പ്രവർത്തിച്ചുവരുന്നു.
വിദേശരാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യം വിദ്യാഭ്യാസസ്ഥാപനങ്ങളെ ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്നും ഫീസിനത്തിൽ ലഭിച്ചിരുന്ന തുകയിലുള്ള കുറവ് ഇതിന് വഴിയൊരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സ്‌കോളർഷിപ്പുകൾ, ഫെല്ലോഷിപ്പുകൾ, ട്യൂഷൻ ഫീസിലുള്ള ഇളവ്, അസിസ്റ്റന്റ്ഷിപ്പ് എന്നിവയിൽ ക്രമാതീതമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ പാർടൈം തൊഴിൽ ചെയ്യാനുള്ള സൗകര്യം എല്ലാ രാജ്യങ്ങളിലുമുണ്ടെങ്കിലും കോവിഡ് വന്നതോടെ പാർടൈം തൊഴിൽ സാധ്യത 10 ശതമാനത്തിൽ താഴെയെത്തിയിട്ടുണ്ട്. ദീർഘദൂരം യാത്ര ചെയ്ത് പാർടൈം തൊഴിലിന് പോകുന്നത് കോവിഡ് ബാധയ്ക്കും വഴിയൊരുക്കും. വിദേശ കാമ്പസ്സുകളിലെ വിദ്യാർത്ഥികൾക്ക് യു.കെ., ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിൽ വാക്‌സിനേഷന് അനുമതിയുണ്ടെങ്കിലും തദ്ദേശീയർക്കാണ് മുൻഗണന നൽകുന്നത്. കാനഡ, ആസ്‌ട്രേലിയ എന്നീരാജ്യങ്ങൾ 2022 മാർച്ച് വരെ അതിർത്തി അടച്ചതിനാൽ സ്റ്റൂഡന്റ്‌വിസ ലഭിക്കുക എളുപ്പമല്ല. യു.കെ., അമേരിക്ക, യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് സ്റ്റൂഡന്റ്‌വിസയെടുക്കാനുള്ള തീയതിയ്ക്ക് മാസങ്ങളോളം കാത്തിരിയ്‌ക്കേണ്ടി വരുന്നു. ലാബോറട്ടറി, വർക്ക്‌ഷോപ്പ് അടിസ്ഥാനത്തിലുള്ള പ്രാക്ടിക്കൽ ക്ലാസ്സുകൾ വിർച്ച്വൽ രീതിയിലാണ് നടത്തുന്നത്.

കോവിഡാനന്തരം വിദേശ സർവ്വകലാശാലകളിൽ ഹെൽത്ത്‌കെയർ, വിദ്യാഭ്യാസം, ഡിജിറ്റൽ സാങ്കേതികവിദ്യ, ഡാറ്റ സയൻസ്, ഡാറ്റ അനലിറ്റിക്‌സ്, ബയോമെഡിക്കൽ സയൻസ്, വൈറോളജി, വാക്‌സിൻ ടെക്‌നോളജി, ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജൈവശാസ്ത്ര കോഴ്‌സുകൾ, കംപ്യൂട്ടർ എഞ്ചിനീയറിംഗ്, എനർജി, നെറ്റ്‌വർക്ക് സിസ്റ്റംസ്, സൈബർസെക്യൂരിറ്റി തുടങ്ങിയ കോഴ്‌സുകൾക്ക് സാധ്യതയേറിവരുന്നു. അഗ്രിബിസിനസ്സ്, അഗ്രിടെക്‌നോളജി, ഫുഡ്‌ടെക്‌നോളജി, പാക്കേജിംഗ്, മാനേജ്‌മെന്റ്, അക്കൗണ്ടിംഗ് കോഴ്‌സുകൾക്കും സാധ്യതയേറുന്നു.
വിദേശ സർവ്വകലാശാലകളിൽ ബ്ലെൻഡഡ് ലേർണിംഗ് രീതിയാണ് അവലംബിക്കുന്നത്. ബിരുദശേഷമുള്ള വിദേശത്തെ ബിരുദാനന്തര ബിരുദ പഠനം, ഗ്രാഡുവേറ്റ് പഠനം എന്ന പേരിലാണറിയപ്പെടുന്നത്. പ്ലസ്സ്ടു വിനുശേഷമുള്ള ബിരുദ പഠനമാണ് അണ്ടർ ഗ്രാഡുവേറ്റ് പഠനം.
കോവിഡ് സാഹചര്യത്തിൽ ഗ്രാഡുവേറ്റ്/അണ്ടർ ഗ്രാഡുവേറ്റ് കോഴ്‌സിന് അഡ്മിഷൻ നൽകിയശേഷം വിദ്യാർത്ഥികൾക്ക് നാട്ടിൽവെച്ച് ഓൺലൈൻ ക്ലാസ്സാണ് നടത്തുന്നത്. ഇതിനായി ഓഫ് ലൈൻ ക്ലാസ്സുകളുടെ ഫീസും അടയ്‌ക്കേണ്ടതുണ്ട്. വിദേശ പഠനത്തിന് അമേരിക്കയിൽ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ടോഫൽ, മറ്റുരാജ്യങ്ങളിൽ ഐ.ഇ.എൽ,ടി.എസ്സ്. എന്നിവയിൽ ചില സർവ്വകലാശാലകൾ കോവിഡിനു ശേഷം താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ അണ്ടർഗ്രാഡുവേറ്റ് പഠനത്തിനുള്ള സാറ്റ്, ഗ്രാഡുവേറ്റ് പഠനത്തിനുള്ള ജി-മാറ്റ്, ജി.ആർ.ഇ എന്നിവയിൽ ഇളവുകളില്ല.
കോവിഡിനു ശേഷം വിദേശ സർവ്വകലാശാലകളിൽ ഉപരിപഠനത്തിന് ശ്രമിക്കുന്നവർ നിലവാരമുള്ള മികച്ച റാങ്കിംഗിലുള്ള സ്ഥാപനങ്ങൾ തെറഞ്ഞെടുക്കണം. ആകർഷകമായ വെബ്‌സൈറ്റ്, മാർക്കറ്റിംഗ് തന്ത്രങ്ങൾ എന്നിവയിൽ വീഴരുത്. കോഴ്‌സിന്റെ നിലവാരം, തൊഴിൽ/ഗവേഷണ സാധ്യതകൾ, സ്‌ക്കിൽവികസനം എന്നിവ പ്രത്യേകം വിലയിരുത്തണം. ബിരുദശേഷം ഗ്രാഡുവേറ്റ് പഠനത്തിന് പോകുമ്പോൾ ഒരു വർഷത്തെ പ്രൊഫഷണൽ പ്രോഗ്രാമിനു പകരം രണ്ടു വർഷത്തെ പ്രോഗ്രാം തെരഞ്ഞെടുക്കണം. ഇന്റേൺഷിപ്പ് നിർബന്ധമായും ഉൾപ്പെടുത്തണം. വിദ്യാർത്ഥികൾക്ക് സ്വന്തമായി ഇന്റേൺഷിപ്പ് കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണ്. ഇത് ഏറ്റെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകണം. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാൽ മാത്രമെ രണ്ടുവർഷം തൊഴിൽ ചെയ്യാവുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കുകയുള്ളൂ.

പാർടൈം തൊഴിൽ ചെയ്ത് വരുമാനമുണ്ടാക്കാം എന്ന് ധരിച്ച് വിദേശ പഠനത്തിന് മുതിരരുത്. സ്വകാര്യ, പബ്ലിക്ക് സർവ്വകലാശാലകളെ ലോക റാങ്കിംഗ് വിലയിരുത്തി തെരഞ്ഞെടുക്കാം. ടൈംസ് ഹയർ എഡുക്കേഷൻ, ക്യൂ.എസ്., എ.എം. ബി.എ. റാങ്കിംഗ് ഇതിനായി പരിഗണിയ്ക്കാം. സ്വകാര്യ ഏജൻസികൾ വിശ്വാസ്യയോഗ്യമാണോയെന്ന് വിലയിരുത്തണം. ഇന്ത്യൻ വിദ്യാർത്ഥികളുമായി ഓൺ ലൈനിൽ ആശയവിനിമയം നടത്തണം. വിദേശ സർവ്വകലാശാലകളിലെ ഗ്രാഡുവേറ്റ് പഠനത്തിന് 16 വർഷവിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം. മൂന്നുവർഷ ബിരുദമെടുത്തവർക്ക് പ്രീറിക്വസിറ്റ് കോഴ്‌സുകൾ എടുക്കാം. എന്നാൽ യു.കെ.യിലും, യൂറോപ്പ്യൻ യൂണിയനിലും കോഴ്‌സിനോടൊപ്പം ഇവ തെരഞ്ഞെടുക്കാം.
പ്ലസ്സ്ടു കഴിഞ്ഞവർക്ക് അണ്ടർ ഗ്രാഡുവേറ്റ്പഠനത്തിന് സാറ്റ്, ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളാവശ്യമാണ്. ഇവ പ്ലസ്സ് വണ്ണിന് പഠിയ്ക്കുമ്പോഴോ, പ്ലസ്സ് ടു തുടങ്ങി ആദ്യ മാസങ്ങളിലോ പൂർത്തിയാക്കണം. പ്ലസ്സ് ടു പഠനത്തോടൊപ്പം ഇവ പൂർത്തിയാക്കിയാൽ 10, 11 ക്ലാസ്സുകളിലെ മാർക്ക്, ടെസ്റ്റ് സ്‌കോറുകൾ എന്നിവ വിലയിരുത്തി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയ്ക്ക് മുമ്പായി അഡ്മിഷൻ തേടാം. സാറ്റിന് പ്ലസ്സ്ടു പഠനത്തിലുള്ള കോമ്പിനേഷനുകൾ തെരഞ്ഞെടുക്കാം. സാറ്റിനു പകരം അമേരിക്കൻ കോളേജ് ടെസ്റ്റ് (ACT) എഴുതിയാൽ മതിയാകും. യൂറോപ്പ്യൻരാജ്യങ്ങളിൽ കോവിഡാനന്തരം ഫീസിനത്തിൽ വൻ കുറവുണ്ട്. ജർമ്മനി, ഉക്രെയിൻ, പോളണ്ട്, ന്യൂസിലാന്റ്, ഫ്രാൻസ്, നെതർലാന്റ്, അയർലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ കുറഞ്ഞ ഫീസിനത്തിൽ പഠിയ്ക്കാം.
എഞ്ചിനീയറിംഗിൽ ഓയിൽ & ഗ്യാസ്, റോബോട്ടിക്‌സ്, ഹൈബ്രിഡ് വെഹിക്കിൾ, ഓട്ടോമൊബൈൽ, എയ്‌റോനോട്ടിക്കൽ, കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയ്ക്ക് സാധ്യതകളുണ്ട്.

വിദേശ മെഡിക്കൽ പഠനം രണ്ട് രീതിയിലുണ്ട്. ഇംഗ്ലീഷ് ,സംസാരിക്കുന്ന രാജ്യങ്ങളിൽ  ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളും അത്യന്താപേക്ഷിതമാണ്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയവർക്ക് ഡോക്ടർ ഓഫ് മെഡിസിൻ പ്രോഗ്രാമിന് ചേരാം. അംഗീകാരമുള്ള സ്റ്റേറ്റ്, നാഷണൽ യൂണിവേഴ്‌സിറ്റികളിൽ അഡ്മിഷൻ നേടാം. ഉക്രെയിൻ, ജോർജ്ജിയ, റഷ്യ തുടങ്ങിയരാജ്യങ്ങളിൽ മികച്ച മെഡിക്കൽ സ്‌കൂളുകളുണ്ട്. തൽക്കാലം ചൈനയെ ഒഴിവാക്കുന്നതാണ് നല്ലത്. മെഡിക്കൽ പഠനം പൂർത്തിയാക്കിയവർ നാഷണൽ മെഡിക്കൽ കമ്മീഷന്റെ രജിസ്‌ട്രേഷന് നാറ്റ്-ബോർഡ് നടത്തുന്ന  പരീക്ഷ എഴുതണം.
വിദേശപഠനത്തിൽ ഇടനിലക്കാരെ ഒഴിവാക്കി വിദ്യാർത്ഥികൾക്ക് തന്നെ അഡ്മിഷൻ നേടാം. താൽപര്യമുള്ള കോഴ്‌സ്, രാജ്യം, സർവ്വകലാശാലകൾ എന്നിവ കണ്ടെത്തുന്നതിലാണ് വിജയം. ബയോഡാറ്റ, അപേക്ഷയോടൊപ്പമുള്ള സ്റ്റേറ്റ്‌മെന്റ് ഓഫ് പർപ്പസ്, റെക്കമെന്റേഷൻ കത്തുകൾ എന്നിവ വസ്തുനിഷ്ഠമായ രീതിയിൽ തയ്യാറാക്കണം. ആവശ്യമായ പ്രാവീണ്യ പരീക്ഷകൾ നേരത്തെ തന്നെ മികച്ച സ്‌കോറോടുകൂടി പൂർത്തിയാക്കണം. സാമ്പത്തിക സ്രോതസ്സിനുള്ള സ്‌ക്കോളർഷിപ്പുകൾ, ഫെല്ലോഷിപ്പുകൾ, അസിസ്റ്റൻ ഷിപ്പ് എന്നിവയ്ക്കുള്ള സാധ്യത വിലയിരുത്തണം. ബാങ്ക് വായ്പയ്ക്ക് ദേശസാൽകൃത ബാങ്കുകളെ ആശ്രയിക്കാം. ഒരു വർഷത്തെ തയ്യാറെടുപ്പ് വിദേശ പഠനത്തിന് അത്യന്താപേക്ഷിതമാണ്. കൂടുതൽ വിവരങ്ങൾക്കായി
www.britishcouncil.in, www.usief.org.in, www.daad.in,
www.inde.campusfrance.org, www.studyinaustralia.gov.au,
www.educanada.ca, www.ec.europa.eu/education, www.ecte.eu
സന്ദർശിക്കുക

( ബംഗളുരു ട്രാൻസ്‌ ഡിസ്‌സിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻ്റ് ടെക്നോളജിയിലെ പ്രൊഫസറാണ് ലേഖകന്‍ )

Leave a Reply

Your email address will not be published. Required fields are marked *